UPDATES

വിദേശം

സാനിറ്ററി പാഡ്, അടിവസ്ത്രങ്ങള്‍; റോഹിങ്ക്യന്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി

13 നും 49 നും ഇടയില്‍ പ്രായമുള്ള 4000 റോഹിങ്ക്യന്‍ സ്ത്രീകളാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്.

                       

ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള കുടുപലോങ്. മ്യാന്‍മറില്‍നിന്നും അഭയം തേടിയെത്തിയ റോഹിങ്ക്യകള്‍ക്ക് താത്ക്കാലിക ക്യാമ്പുകള്‍ നിര്‍മിക്കാനായി ബംഗ്ലാദേശ് ഗവണ്‍മെന്റ് നല്‍കിയ 2000 ഏക്കര്‍ സ്ഥലത്താണ് ഇത് നിലകൊള്ളുന്നത്. ഇവിടെ ഡോക്ടര്‍മാരുടെ സേവനത്തിനൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രവും കൂടുതല്‍ ശൗചാലയങ്ങളും പ്രാര്‍ത്ഥനാ സൗകര്യവുമെല്ലാം ഉണ്ട്. കൂടാതെ സാനിറ്ററി നാപ്കിനും അടിവസ്ത്രങ്ങളും ഉള്‍പ്പടെയുള്ള ചെറിയ തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളുമുണ്ട്.

സ്ത്രീകളടക്കമുള്ളവര്‍ അവിടെ ജാഗ്രതയോടെ ജോലിചെയ്യുന്നു. അവിടെ അവര്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ സാനിറ്ററി പാഡുകളും അടിവസ്ത്രങ്ങളുമാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. അഭയാര്‍ഥികളായ എത്തിയ സ്ത്രീകള്‍ക്ക് സ്വയം നില്‍ക്കാനും ഉയര്‍ത്തേഴുന്നേറ്റുവരാനുമുള്ള അവസരമാണ് കുടുപലോങിലെ ഫാക്ടറി നല്‍കുന്നതെന്ന് അള്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം കുടുപലോങ് ക്യാമ്പില്‍ 650,000-ലേറെ അഭയാര്‍ത്ഥികള്‍ ഉണ്ട്. മരപ്പണി, സോപ്പ് നിര്‍മ്മാണം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നന്നാക്കല്‍ തുടങ്ങിയ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നതിനായി ക്യാമ്പില്‍ നിരവധി സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യം ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്ത അഭയാര്‍ത്ഥികള്‍ക്കു മാത്രമേ ജോലിയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.

യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്ന കണക്കുപ്രകാരം 1.1 ദശലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ കേവലം 34,000 പേര്‍ മാത്രമാണ് കോക്‌സ് ബസാറില്‍ അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ നാടുകടത്തപ്പെട്ട് ക്യാമ്പില്‍ എത്തിയവര്‍ ഇതില്‍ ഉള്‍പ്പെടില്ല. യുനൈറ്റഡ് നേഷന്‍സ് റെഫ്യൂജി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) യുടെ സഹായത്തോടെ 2011ല്‍ സ്ഥാപിച്ച ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

മാസം തോറും ശരാശരി 6,000 സാനിറ്ററി നാപ്കിനുകളും 3000 അടിവസ്ത്രങ്ങളും നിര്‍മ്മിക്കും. ആന്റിസെപ്റ്റിക് ക്രീം, ലോണ്‍ഡ്രി സോപ്പ് തുടങ്ങിയ ഉത്പന്നങ്ങളും വേറെ ഫാക്ടറികളില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 13 നും 49 നും ഇടയില്‍ പ്രായമുള്ള 4000 റോഹിങ്ക്യന്‍ സ്ത്രീകളാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്. ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ ബാഹുല്യം മൂലം അവരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ജോലി നല്‍കി വരുന്നത്.

ഫാക്ടറിയില്‍ ജോലിചെയ്യുന്ന സ്ത്രീകളെല്ലാം ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവരായിരിക്കും. ഒരു സാനിറ്ററി നാപ്കിനോ അടിവസ്ത്രമോ നിര്‍മ്മിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് ഏകദേശം 13 രൂപ വേദനം ലഭിക്കും. 2500 രൂപവരെ ഒരാള്‍ ഒരു മാസം സമ്പാദിക്കുന്നു. ഉത്പാദനം കൂടുമ്പോള്‍ സമ്പാദ്യവും കൂടും.

കൂടുതല്‍ വായിക്കാം: അല്‍ജസീറ

റോഹിന്‍ഗ്യകള്‍ കേരളത്തിലേക്കെന്ന് കേന്ദ്ര മുന്നറിയിപ്പ്; 14 ട്രെയിനുകള്‍ നിരീക്ഷണത്തില്‍; ആരെയും കണ്ടെത്താനായില്ല

വേരോടെ പിഴുതെറിയപ്പെട്ട ഒരു ജനത; നടുക്കടലില്‍ അഭയാര്‍ത്ഥികളായി റോഹിന്‍ഗ്യകള്‍

പലസ്തീന്‍ ജനതയെ അമേരിക്ക വീണ്ടും കൊഞ്ഞനം കുത്തുമ്പോള്‍

Share on

മറ്റുവാര്‍ത്തകള്‍