UPDATES

വിദേശം

അമേരിക്കയെ ഒരു ‘ഭൂതം’ പിടികൂടിയിരിക്കുന്നു – സോഷ്യലിസമെന്ന ഭൂതം; ‘ഒഴിപ്പിക്കാന്‍’ ട്രംപ്

18നും 29നുമിടയില്‍ പ്രായമുള്ള യുഎസ് യുവാക്കള്‍ക്കിടയില്‍ നടത്തിയ ഗാലപ് പോളില്‍ 51 ശതമാനം പേര്‍ സോഷ്യലിസത്തെ പിന്തുണച്ചു, അല്ലെങ്കില്‍ അനുഭാവപൂര്‍വം സംസാരിച്ചു എന്നതാണ് അത്.

                       

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ അസ്വസ്ഥത ഇപ്പോള്‍ സോഷ്യലിസമാണ്. ഭീഷണിയായി രാഷ്ട്രീയ വില്ലന്മാരെ സൃഷ്ടിക്കുന്നതില്‍ വിദഗ്ധനാണ് ട്രംപ്. സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ഇത്തരത്തില്‍ പുതിയ വില്ലന്മാരെ ട്രംപ് കണ്ടെത്തി. സോഷ്യലിസ്റ്റുകളാണ് അത്. അതിര്‍ത്തി സുരക്ഷാകാര്യത്തില്‍ തീവ്ര ഇടതുപക്ഷക്കാരെ കൈകാര്യം ചെയ്യാന്‍ സഹായിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. മതില്‍ പണി നടക്കുന്നുണ്ടെന്നും ഇത് രാജ്യസുരക്ഷയില്‍ വലിയ നേട്ടമാണെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗയ്‌ഡോയെ പ്രസിഡന്റായി അംഗീകരിച്ചുകൊണ്ടും മഡൂറോയെ പുറത്താക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടും ട്രംപ് സോഷ്യലിസ്റ്റ് നയങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. സോഷ്യലിസ്റ്റ് നയങ്ങള്‍ രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേയ്ക്കും ദുരിതത്തിലേയ്ക്കും നയിച്ചതായി ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഒരിക്കലും സോഷ്യലിറ്റ് രാജ്യമാകില്ല എന്ന് ട്രംപ് പറഞ്ഞു.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ കാംപിയിന്റെ സ്വഭാവം സംബന്ധിച്ച സൂചന ഇത് നല്‍കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഇടക്കാല തിരഞ്ഞെടടുപ്പിലെ ഡെമോക്രാറ്റുകളുടെ വിജയം ആരോഗ്യരക്ഷ അടക്കമുള്ള ജനക്ഷേമ പരിപാടികളെക്കുറിച്ച് സംസാരിക്കാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കുന്നുണ്ട്. ഒപ്പം സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിനേയും യുഎസ് കോണ്‍ഗ്രസ് അംഗം അലെക്‌സാന്‍ഡ്രിയ ഒകേസിയോ കോര്‍ട്ടസിനേയും മറ്റും ആക്രമിക്കുന്നു.

പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാക്കാള്‍ 72 പേജുള്ള റിപ്പോര്‍ട്ടില്‍ 144 തവണയാണ് സോഷ്യലിസം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഒരു പേജില്‍ ശരാശരി രണ്ട് തവണ. ലെനിനും മാവോ സെ ദൊങിനുമെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ക്രൂരതകളെ പറ്റി റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ സോഷ്യലിസ്റ്റുകള്‍ സമീപഭാവിയില്‍ അധികാരം പിടിക്കുമെന്ന സൂചന നല്‍കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ഇല്ലെങ്കിലും സോഷ്യലിസ്റ്റുകളെ ശത്രുക്കളായി പ്രതിഷ്ഠിച്ചുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റുകളെ തീവ്ര ഇടതുപക്ഷക്കാരായി ചിത്രീകരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത് എന്ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസര്‍ മൈക്കിള്‍ കാസിന്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ട്രംപിന്റേയും മുതലാളിത്ത ലോകത്തിന്റേയും പേടിയില്‍ ചെറിയ കഴമ്പുണ്ട് എന്നാണ് എന്നാണ് 18നും 29നുമിടയില്‍ പ്രായമുള്ള യുഎസ് യുവാക്കള്‍ക്കിടയില്‍ നടത്തിയ ഗാലപ് പോളില്‍ 51 ശതമാനം പേര്‍ സോഷ്യലിസത്തെ പിന്തുണച്ചു, അല്ലെങ്കില്‍ അനുഭാവപൂര്‍വം സംസാരിച്ചു എന്നതാണ് അത്. മുതലാളിത്തത്തെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായമുള്ളവര്‍ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വായനയ്ക്ക്‌: https://goo.gl/qCSCtW

Share on

മറ്റുവാര്‍ത്തകള്‍