യുഎസിലെ പെന്‍സില്‍വാനിയയില്‍ പിറ്റ്‌സ്ബര്‍ഗ് സിനഗോഗിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇതിനിടെ കടുത്ത ജൂതവിരുദ്ധനായ റോബര്‍ട്ട് ബോവേഴ്‌സ് ഗാബ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇട്ട പോസ്റ്റ് വിവാദമായിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്, നിയോ നാസികളുടേയും വെള്ളക്കാരായ വംശവെറിയന്മാരുടേയും കൂടാരമാണ്. എന്റെ ആളുകളെ കശാപ്പ് ചെയ്യുന്നത് നോക്കിയിരിക്കാനാകില്ല. പോയി തുലയ്, ഞാന്‍ പോകുന്നു എന്നാണ് ബോവേഴ്‌സിന്റെ സന്ദേശം. ശനിയാഴ്ച ഒരു നവനാസി ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പലരും ബോവേഴ്‌സിനെ അഭിനന്ദിച്ചിരുന്നു. അതേസമയം ചില നാസികള്‍ ബോവേഴ്‌സിനെ വിമര്‍ശിച്ചു. നാസി പ്രസ്ഥാനത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതാണ് ബോവേഴ്‌സിന്റെ നടപടി എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മുഖ്യധാര പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം അനിയന്ത്രിതമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തി തുടങ്ങിയതോടെ യുഎസിലെ വലതുപക്ഷ തീവ്രവാദികളും നിയോനാസികളുമെല്ലാം ഗാബ് പോലുള്ള സൈറ്റുകളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. കഴിഞ്ഞ വര്‍ഷം വെറുപ്പും വര്‍ഗീയതയും നിറഞ്ഞ പ്രചാരണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഗാബിനെ ഗൂഗിള്‍ നിരോധിച്ചിരുന്നു. ആപ്പിള്‍ ഇതുവരെ തങ്ങളുടെ ഒഎസില്‍ ഗാബിനെ അടുപ്പിച്ചിട്ടില്ല. ജൂതരെ കൂട്ടക്കൊല ചെയ്യാനുള്ള ആഹ്വാനത്തെ തുടര്‍ന്ന് അസ്യൂര്‍ ക്ലൗഡ് സര്‍വീസിലേയ്ക്കുള്ള ഗാബിന്റെ ആക്‌സസ് റദ്ദാക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.