UPDATES

വിദേശം

സ്വവര്‍ഗ വിവാഹം: ടാന്‍സാനിയയില്‍ അറസ്റ്റ് ചെയ്ത 10 പേരുടെ പൃഷ്ഠ പരിശോധന നടത്തി

വൈദ്യശാസ്ത്രപരമായി ഒരു തരത്തിലും നീതികരിക്കാനാവാത്തതാണ് ഇത്തരം പരിശോധനകളെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും യുഎന്‍ പീഡനവിരുദ്ധ സമിതി (യുഎന്‍ കമ്മിറ്റി എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍) കുറ്റപ്പെടുത്തി.

                       

ടാന്‍സാനിയയില്‍ സ്വവര്‍ഗ പുരുഷ വിവാഹം നടത്തിയ 10 പേരെ അറസ്റ്റ് ചെയ്ത് പൃഷ്ഠ പരിശോധന നടത്തി. സാന്‍സിബാര്‍ ദ്വീപിലാണ് സംഭവമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വവര്‍ഗ രതിയില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പൃഷ്ഠ പരിശോധന നടത്തിയത്. വൈദ്യശാസ്ത്രപരമായി ഒരു തരത്തിലും നീതികരിക്കാനാവാത്തതാണ് ഇത്തരം പരിശോധനകളെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും യുഎന്‍ പീഡനവിരുദ്ധ സമിതി (യുഎന്‍ കമ്മിറ്റി എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍) കുറ്റപ്പെടുത്തി.

പോംഗ്വെ ബീച്ച് റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദാര്‍ എസ് സലാം റീജിയണല്‍ കമ്മീഷണര്‍ പോള്‍ മക്കൊണ്ടയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റുകള്‍ നടന്നത്. ഗേ ആയവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ദീര്‍ഘകാലം ഇവരെ ജയിലില്‍ ഇടുമെന്നും പോള്‍ മക്കൊണ്ട പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മക്കൊണ്ട പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തപരമായ അഭിപ്രായം മാത്രമാണെന്നും ഗവണ്‍മെന്റ് നിലപാടല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതായും ഗവണ്‍മെന്റ് വ്യക്തമാക്കി. അതേസമയം വിശദീകരണത്തിന് പിന്നാലെ പൊലീസ് നടപടി കുറഞ്ഞെങ്കിലും ഗേ ദമ്പതികള്‍ക്കെതിരെ വ്യാപക അക്രമം രാജ്യത്ത് നടക്കുന്നുണ്ട്.

2015ല്‍ ജോണ്‍ മഗുഫുലി പ്രസിഡന്റായതിന് ശേഷം ടാന്‍സാനിയയില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡില്‍ സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിച്ചെന്ന് പറഞ്ഞ് ദാര്‍ എസ് സലാം ഹോട്ടലില്‍ നിന്ന് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പുരുഷന്മാര്‍ ജോഡികളായി ഇരുന്നു എന്ന് പറഞ്ഞാണ് ഇത്തവണ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടാന്‍സാനിയന്‍ നിയമപ്രകാരം സ്വവര്‍ഗരതി മുപ്പതോ അതില്‍ കൂടുതലോ വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ഇത്തരം ഹോമോഫോബിക് നിലപാടുകള്‍ പിന്തുടരുന്നവരാണെന്ന് ഗാര്‍ഡിയന്‍ പറയുന്നു. ടുണീഷ്യ, ഈജിപ്റ്റ്, സാംബിയ, കെനിയ, ഉഗാണ്ട, കാമറോണ്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരം കേസുകളില്‍ പൃഷ്ഠ പരിശോധന നടത്താറുണ്ടായിരുന്നു. ടുണീഷ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളില്‍ പൃഷ്ഠ പരിശോധന നിരോധിച്ചിരുന്നു.

സ്വവര്‍ഗ്ഗാനുരാഗികളായ ഈ ഇന്ത്യന്‍ ദമ്പതികളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് സുപ്രീംകോടതി വിധി

സ്വതന്ത്രരായി ജീവിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച അഞ്ച് പേര്‍: സ്വവര്‍ഗ രതി കേസിലെ ഹര്‍ജിക്കാര്‍

ഫ്രാൻസിസ് മാർപാപ്പ സ്വവര്‍ഗ്ഗാനുരാഗിയോട്; ‘ദൈവമാണ് നിന്നെ ഇങ്ങനെ സൃഷ്ടിച്ചത്’

Share on

മറ്റുവാര്‍ത്തകള്‍