ഇറാനില്‍ നിന്നുള്ള 10 ലക്ഷം യൂറോ ധന സഹായത്തിലാണ് 2013 ഡിസംബറില്‍ വോക്‌സ് പാര്‍ട്ടി സ്ഥാപിച്ചത് എന്നാണ് എല്‍ പെയ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
സ്‌പെയിനിലെ ഇടതുപക്ഷം നേടിയിരിക്കുന്ന തിരഞ്ഞെടുപ്പ് ജയം ആഗോള മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാല്‍ ഫോറിന്‍ പോളിസി പറഞ്ഞുവരുന്നത് സ്‌പെയിനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സിനെക്കുറിച്ചാണ്. കടുത്ത മുസ്ലീം വിരുദ്ധതയാണ് ഇവരുടെ പ്രത്യേകതകളിലൊന്ന്. മുസ്ലീം വിരുദ്ധ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ വോക്‌സ് പാര്‍ട്ടി നേതൃനിരയിലെ രണ്ടാമനായ ഹാവിയര്‍ ഓര്‍ട്ടേഗ സ്മിത്ത് അന്വേഷണം നേരിടുകയാണ്. എന്നാല്‍ ഇവര്‍ക്ക് ഫണ്ട് നല്‍കുന്നത് ഇറാനിലെ ഒരു മുസ്ലീം സംഘടനയാണ് എന്നതാണ് വൈരുദ്ധ്യം. ജനുവരിയിലാണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വോക്‌സിനെ വെട്ടിലാക്കിയിരിക്കുകയാണ് ഈ വിവരം.
സ്പാനിഷ് പത്രം എല്‍ പെയ്‌സ് ആണ് ആദ്യം ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 2013 ഡിസംബറില്‍ വോക്‌സ് പാര്‍ട്ടി സ്ഥാപിച്ചത്. ഇറാനില്‍ നിന്നുള്ള 10 ലക്ഷം യൂറോ ധന സഹായം 2013 ഡിസംബറിനും യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്‌ന 2014 മേയിനുമിടെ വോക്‌സിന് ലഭിച്ചു എന്നാണ് എല്‍ പെയ്‌സ് പറയുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഇറാന്‍ (എന്‍സിആര്‍ഐ) എന്ന സംഘടന വഴിയാണ് ഈ ഫണ്ട് വന്നത്. ഇത് പ്രവാസി ഇറാന്‍കാരുടെ സംഘടനയാണ്. ഇറാന്‍ സര്‍ക്കാരിനെതിര് നില്‍ക്കുന്ന വിമത ഗ്രൂപ്പുകളാണ് 1980കളില്‍ ഈ സംഘടന രൂപീകരിച്ചത്.