UPDATES

വിദേശം

വിയ്റ്റ്‌നാം യുദ്ധം കാന്‍സറായി അമേരിക്കയെ വേട്ടയാടുന്നു: ഏജന്റ് ഓറഞ്ചിന്റെ ഇരകളിലൊരാള്‍ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കൈന്‍

മക്കൈയ്‌ന്റെ രോഗനിര്‍ണയം പുറത്തുവന്നതോടെ ഏജന്റ് ഓറഞ്ചും ഗ്ലിയോബ്ലാസ്‌റ്റോമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന ആവശ്യമാണ്‌ ഉയരുന്നത്.

                       

വാളെടുത്തവന്‍ വാളാല്‍ എന്നാണ് ബൈബിള്‍ സന്ദേശങ്ങളുടെ കാതല്‍. ഇപ്പോള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഈ വചനത്തിന്റെ സാക്ഷ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന സെനറ്ററും 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോണ്‍ മക്കൈയ്‌ന് തലച്ചോറില്‍ ബാധിക്കുന്ന ഗുരുതര അര്‍ബുദമായ ഗ്ലിയോബ്ലാസ്‌റ്റോമ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ ചര്‍ച്ചകളിലേക്കാണ് യുഎസിനെ നയിക്കുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത ആളാണ് മക്കൈയ്ന്‍. അമേരിക്കന്‍ സൈന്യം വിയറ്റ്‌നാം യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ച വിഷലിപ്ത കളനാശിനിയായ ഏജന്റ് ഓറഞ്ചുമായി ഇടപഴകിയവര്‍ക്കെല്ലാം ഈ രോഗം ബാധിക്കുന്നു എന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തവരും അവരുടെ വിധവകളും മക്കളും ഒക്കെ ഇപ്പോള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും വിഷയം പൊതുചര്‍ച്ചയാക്കുന്നതിനും സജിവമായി രംഗത്തുണ്ട്.

വിയറ്റ്‌നാം യുദ്ധമുഖത്തുണ്ടായിരുന്ന പോള്‍ ജോണ്‍സിന് ഈ രോഗമാണെന്ന് കഴിഞ്ഞ മാസം തിരിച്ചറിഞ്ഞതായി മകള്‍ ആമി ജോണ്‍സ് പറയുന്നു. ഇത് സംഭവിക്കുന്നു എന്ന് സമ്മതിക്കുന്നത് പോലും അസാധ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഓറഞ്ച് ഏജന്റുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരുടെ പട്ടിക കൂടുതല്‍ വിശാലമാക്കണം എന്ന് യുദ്ധത്തില്‍ പങ്കെടുത്തവരുടെ ക്ഷേമത്തിനായുള്ള യുഎസ് ഡിപ്പാര്‍ട്ടുമെന്റില്‍ സമ്മര്‍ദം ഏറുന്നതിനിടയിലാണ് മക്കൈയ്‌ന്റെ രോഗ നിര്‍ണയവിവരം പുറത്തുവരുന്നത്. വിയറ്റ്‌നാമിലെ കുറ്റിക്കാടുകളില്‍ പതിയിരുന്ന് ആക്രമണം നടത്തുന്ന ശത്രുവിനെ തുറത്തുന്നതിനായി ദശലക്ഷക്കണക്കിന് ഗാലണ്‍ വിഷലിപ്തമായ കളനാശിനിയാണ് യുദ്ധകാലത്ത് അമേരിക്ക അവിടെ പ്രയോഗിച്ചത്. ഇതിന്റെ ആഘാതം യുദ്ധമുഖത്തുണ്ടായിരുന്ന 2.6 ദശലക്ഷം അമേരിക്കന്‍ സൈനികര്‍ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

മക്കൈയ്‌ന്റെ രോഗനിര്‍ണയം പുറത്തുവന്നതോടെ ഏജന്റ് ഓറഞ്ചും ഗ്ലിയോബ്ലാസ്‌റ്റോമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ആമി ജോണ്‍സും മറ്റ് സൈനികരുടെ ബന്ധുക്കളും വെറ്ററന്‍ അഫേയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെടുന്നത്. വിയറ്റ്‌നാമില്‍ രാസവസ്തു പ്രയോഗിച്ച സ്ഥലങ്ങളില്‍ കരയുദ്ധം നടത്തിയിരുന്നു എന്ന് തെളിയിക്കുന്നവരുടെ 14 തരം അസുഖങ്ങള്‍ക്കാണ് നിലവിലുള്ള നിയമപ്രകാരം അംഗവൈകല്യ വേതനം നല്‍കുന്നത്. എന്നാല്‍ ഈ പട്ടികയില്‍ തലച്ചോറിന് ഉണ്ടാകുന്ന അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓരോ രോഗിയും ബന്ധുക്കളും പ്രത്യേകം പ്രത്യേകം കേസ് വാദിച്ച് അവകാശം നേടിയെടുക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് നിരവധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്ലേശകരമായ ഒരു പ്രക്രിയയാണ്. മിക്ക കേസുകളിലും നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയും ചെയ്യും.

യുദ്ധക്കപ്പലിലാണ് മെക്കൈയ്ന്‍ ജോലി ചെയ്തിരുന്നെങ്കിലും അഞ്ചു വര്‍ഷക്കാലം അദ്ദേഹം യുദ്ധത്തടവുകാരനായി കഴിഞ്ഞിരുന്നു. ആ സമയത്ത് ഏജന്റ് ഓറഞ്ച് തളിച്ച പ്രദേശങ്ങളില്‍ അദ്ദേഹം താമസിച്ചിരുന്നു. സൈഗോണില്‍ അദ്ദേഹം കരയുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ തൊലിപ്പുറത്ത് ബാധിച്ച അര്‍ബുദം ഉള്‍പ്പെടെയുള്ള തന്റെ അസുഖങ്ങളൊന്നും ഏജന്റ് ഓറഞ്ചുമായുള്ള സഹവാസം കൊണ്ടാണ് എന്ന് സമ്മതിക്കാന്‍ മക്കൈയ്ന്‍ തയ്യാറായിട്ടില്ല. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തവരെല്ലാം ഏജന്റ് ഓറഞ്ചുമായി സഹവാസം പുലര്‍ത്തിയിരുന്നവരാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ട് അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമുള്ള 1991ലെ നിയമത്തിന് അനുകൂലമായി മക്കൈയ്ന്‍ വോട്ടുചെയ്തിരുന്നു. എന്നാല്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ പ്രായം 60കളിലേക്കും 70കളിലേക്കും പ്രവേശിക്കുകയും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മൊത്തം ചിലവ് 17 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കുകയും ചെയ്തതോടെ നഷ്ടപരിഹാരം നല്‍കുന്നിന് ഏറ്റവും ആധുനികമായ ശാസ്ത്രീയ തെളിവുകള്‍ വേണം എന്ന ഭേദഗതിക്ക് അനുകൂലമായി മക്കൈയ്ന്‍ സംസാരിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കുക എന്നതാണ് നയമെന്ന് മക്കൈയ്ന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭേദഗതി പരാജയപ്പെടുകയും ഇപ്പോള്‍ വാര്‍ഷീക ചിലവ് 24 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കിടയില്‍ മക്കൈയ്്‌ന്റെ പ്രതിച്ഛായ ഇടിയാന്‍ സംഭവം കാരണമായി.

ഏജന്റ് ഓറഞ്ചും തലച്ചോറിലെ അര്‍ബുദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇതിനെ കുറിച്ച് കൂടുതല്‍ പരിശോധിക്കുകയാണെന്നും വെറ്ററന്‍ അഫയേഴ്‌സ് വക്താവ് അറിയിച്ചു. ഏജന്റ് ഓറഞ്ചിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന നാഷണല്‍ അക്കാദമി ഓഫ് മെഡിസിനോട് ഗ്ലിയോബ്ലാസ്‌റ്റോമയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വെറ്ററന്‍ അഫയേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. വിയറ്റ്‌നാം യുദ്ധസൈനികര്‍ക്കിടയില്‍ തലച്ചോറിലെ അര്‍ബുദം സംബന്ധിച്ച് വകുപ്പ് ഒരു സര്‍വെയും നടത്തുന്നുണ്ട്. വകുപ്പിന്റെ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണങ്ങളില്‍ 2000ന് ശേഷം 500 വിയറ്റ്‌നാം യുദ്ധസൈനികര്‍ക്ക് തലച്ചോറില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനകള്‍ ഈ കണക്കില്‍ പെടാത്തതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏജന്റ് ഓറഞ്ചുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പട്ടികയില്‍ ഗ്ലിയോബ്ലാസ്‌റ്റോമയെ കൂടി ഉള്‍പ്പെടുത്തണമെന്നത് ദീര്‍ഘകാല ആവശ്യമാണ്. ഇതിനായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മക്കൈയ്‌ന്റെ രോഗവിവരം പുറത്തുവന്ന ശേഷം ഇതിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്ലീയോബ്ലാസ്‌റ്റോമയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വെറ്ററന്‍ അഫയേഴ്‌സ് സ്ഥിരത പാലിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. 2009ന് ശേഷം 100 പരാതികള്‍ ലഭിച്ചെങ്കിലും വെറും 24 കേസുകളില്‍ മാത്രമാണ് നഷ്ടപരിഹാരം ലഭ്യമായത്.

ഭീതിജനകമായ ഒരു ജീവിതമാണ് ഗ്ലിയോ്ബ്ലാസ്‌റ്റോമ ബാധിച്ച വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത സൈനികരും അവരുടെ ബന്ധുക്കളും നയിക്കുന്നത്. ബ്രാഡ് റിഡില്‍ എന്ന 35കാരന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഡാ നാംഗില്‍ നിര്‍മ്മാണ ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവ് ജെറി റിഡില്‍ സ്ഥിരമായി ഏജന്റ് ഓറഞ്ച് കൈകാര്യം ചെയ്യാറുണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ അദ്ദേഹം 1999 ഫെബ്രുവരിയില്‍ അന്തരിച്ചു. ഇതുമായി ബന്ധപ്പെട്ട കടലാസുകളെല്ലാം അമ്മ തനിക്ക് കൈമാറിയതായി ബ്രാഡ് പറയുന്നു. എന്നെങ്കിലും നഷ്ടപരിഹാരം ലഭിക്കുകയാണെങ്കില്‍ ഉപയോഗിക്കാം എന്നായിരുന്നു അമ്മയുടെ ഉപദേശം. ഇതുപോലെ നിരവധി പേര്‍ ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ മക്കൈയ്‌ന്റെ നിലപാട് എന്തുതന്നെയായാലും അദ്ദേഹത്തിന്റെ രോഗനിര്‍ണയും കൂടുതല്‍ സംവാദങ്ങള്‍ക്ക് കാരണമാകും എന്നാണ് നഷ്ടപരിഹാരത്തിനുവേണ്ടി വാദിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു വിയറ്റനാം സേനാനിക്ക് കൂടിയ ഗ്ലിയോബ്ലാസ്‌റ്റോമ നിര്‍ണയിക്കപ്പെട്ടുവെന്ന് അറിയുന്നത് ഖേദകരമാണെന്ന് വിയറ്റ്‌നാം വെറ്ററന്‍സ് ഓഫ് അമേരിക്ക പ്രസിഡന്റ് ജോണ്‍ റോവാന്‍ പ്രതികരിച്ചു. ഏജന്റ് ഓറഞ്ച് കൈകാര്യം ചെയ്തവര്‍ക്ക് വരാവുന്ന അസുഖങ്ങളുടെ പട്ടികയില്‍ തലച്ചോറിലെ അര്‍ബുദത്തെ ഉള്‍പ്പെടുത്താത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എത്രയും പെട്ടെന്ന് ഇതിന് പരഹാരം കണ്ടേതുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Share on

മറ്റുവാര്‍ത്തകള്‍