June 17, 2025 |
Share on

വിക്രമസിംഗെ ആണ് ഇപ്പോളും പ്രധാനമന്ത്രി, രാജപക്സയല്ല: ശ്രീലങ്ക സ്പീക്കര്‍

പാര്‍ലമെന്റില്‍ മറ്റൊരാള്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ വിക്രമസിംഗെ തന്നെയാണ് പ്രധാനമന്ത്രി – പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് നല്‍കിയ കത്തില്‍ ജയസൂര്യ പറയുന്നു. മൂന്നാഴ്ചത്തേയ്ക്ക് പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി രാജ്യത്ത് രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിതക്ക് കാരണമാകുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടി (യുഎന്‍പി) നേതാവ് റനില്‍ വിക്രമസിംഗെ തന്നെയാണ് നിയമപ്രകാരം ഇപ്പോളും ശ്രീലങ്കയുടെ പ്രധാനമന്ത്രി എന്ന് പാര്‍ലമെന്റ് സ്പീക്കര്‍ കാരു ജയസൂര്യ. പാര്‍ലമെന്റില്‍ മറ്റൊരാള്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ വിക്രമസിംഗെ തന്നെയാണ് പ്രധാനമന്ത്രി. തനിക്ക് പ്രധാനമന്ത്രിയുടെ അധികാരങ്ങളും സുരക്ഷയുമുണ്ടായിരിക്കണമെന്ന വിക്രമസിംഗെയുടെ ആവശ്യം ന്യായമാണ് – പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് നല്‍കിയ കത്തില്‍ ജയസൂര്യ പറയുന്നു. മൂന്നാഴ്ചത്തേയ്ക്ക് പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി രാജ്യത്ത് രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിതക്ക് കാരണമാകുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ വിക്രമസിംഗെയ്ക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനങ്ങളും സുരക്ഷയും പിന്‍വലിക്കാന്‍ സിരിസേന ഉത്തരവിട്ടിരുന്നു.

തനിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം വേണമെന്നും എത്രയും പെട്ടെന്ന് പാര്‍ലമെന്റ് ചേരണമെന്നും വിക്രമസിംഗെ ആവശ്യപ്പെടുന്നു. എന്നാല്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യുകയാണ് സിരിസേന ചെയ്തത്. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് മുമ്പ് പ്രസിഡന്റ് തന്നോട് ആലോചിക്കണമായിരുന്നു എന്നും സ്പീക്കര്‍ പറയുന്നു. റനില്‍ വിക്രമസിംഗെയുടെ യുഎന്‍പിയിലെ നേതാവാണ് കാരു ജയസൂര്യ.

കഴിഞ്ഞ ദിവസം റനില്‍ വിക്രമ സിംഗെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കുള്ള പിന്തുണ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് (യുപിഎഫ്എ) പിന്‍വലിക്കുകയും വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ് എഫ് പി) നേതാവുമായ മഹീന്ദ രാജപക്‌സയെ നിയമിക്കുകയും ചെയ്തത് വിവാദമായിരുന്നു. 225 അംഗ പാര്‍ലമെന്റില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. 106 സീറ്റുകളുള്ള യുഎന്‍പിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സിരിസേനയുടേയും രാജപ്കസയുടേയും പാര്‍ട്ടികള്‍ക്ക് മൊത്തം 95 സീറ്റേയുള്ളൂ. ഇത്തരത്തില്‍ രാജ്യത്ത് ഭരണഘടനാപ്രതിസന്ധിയുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് പ്രതികരിച്ച വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിയാന്‍ തയ്യാറായിട്ടില്ല. മഹീന്ദ രാജപക്‌സെ, പ്രസിഡന്റിന് മുന്നില്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.

തന്നെ വധിക്കാന്‍ ഇന്ത്യന്‍ ചാര സംഘടനയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ശ്രമിക്കുന്നതായി സിരിസേന ആരോപിച്ചു എന്നാണ് മന്ത്രി മംഗള സമരവീര നേരത്തെ പറഞ്ഞത്. നാല് റോ ചാരന്മാര്‍ കാബിനറ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്നും സമരവീര ആരോപിച്ചിരുന്നു. ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്ന വിക്രമസിംഗെക്കെതിരെ സിരിസേനയും പാര്‍ട്ടിയും രാജപ്കസയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും രംഗത്തെ. ഇന്ത്യ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി താന്‍ പറഞ്ഞിട്ടില്ലെന്ന് സിരിസേന പറഞ്ഞെങ്കിലും ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പ്രസിഡന്റിന്റെ സുരക്ഷയില്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്ക് യാതൊരു താല്‍പര്യവുമില്ല എന്ന വിമര്‍ശനമുയര്‍ന്നു.

രാജപക്‌സയുടെ സഹോദരനും മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനുമായ ഗോതബായ രാജപക്‌സയെ വധിക്കാനും റോയ്ക്ക് പദ്ധതിയുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിക്രമസിംഗെയെ പുറത്താക്കി, രാജപക്‌സയെ സിരിസേന പ്രധാനമന്ത്രിയാക്കിയത്. രാജപക്‌സ, പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബുദ്ധ സന്യാസിമാരുടെ അനുഗ്രഹം തേടാനായി പോയി. ഇന്ന് രാത്രിയോ നാളെയോ പുതിയ മന്ത്രിസഭാംഗങ്ങളുടെ പേര് രാജപക്‌സ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

https://www.azhimukham.com/world-sri-lankas-president-suspends-parliament-deepening-crisis/
https://www.azhimukham.com/newsupdate-primeminister-ranil-wickremesinghe-ousted-rajapaksa-swornin-pm/
https://www.azhimukham.com/explainer-what-is-happening-in-sri-lankan-politics/

Leave a Reply

Your email address will not be published. Required fields are marked *

×