UPDATES

‘ഓഗസ്റ്റ് വരെ’ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രസിദ്ധീകരിച്ച കൃതി

തൃപ്തനല്ലാത്തതിനാൽ പ്രസിദ്ധീകരിക്കാൻ തയ്യാറാകാത്ത പുസ്തകം

                       

മാജിക്കൽ റിയലിസം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ അവസാന കൃതി അൺടിൽ ഓഗസ്റ്റ്, (ഓഗസ്റ്റ് വരെ) പ്രസിദ്ധീകരിച്ചു. മാർക്കേസിന്റെ 97-ാം ജന്മദിനമായ മാർച്ച് ആറിനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. താൻ എഴുതിയ നോവൽ നശിപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിനെതിരായാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1999-ൽ ഇതിന്റെ ആദ്യ അധ്യായം മാർക്കേസ് പൊതുസദസ്സിൽ വായിച്ചിരുന്നു. തുടർന്നുള്ള ഭാഗങ്ങളിൽ തൃപ്തനല്ലാത്തതിനാൽ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. പകരം, കൈയെഴുത്തുപ്രതികൾ ബന്ധുക്കൾക്ക് കൈമാറി. അവർ ഇത് യു.എസിലെ ഓസ്റ്റിനിലുള്ള ടെക്‌സസ് സർവകലാശാലയിലെ ഹാരി റാൻസം സെന്ററിന് നൽകുകയും ചെയ്തു. കൈയെഴുത്തുപ്രതി നോവലായി ഇറക്കാവുന്നതാണെന്ന് ഹാരി റാൻസം സെന്ററിലെ അധികൃതരാണ് മാർക്കേസിന്റെ മക്കളായ റോഡ്രിഗോയെയും ഗൊൺസാലോയെയും അറിയിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് ആറിന് പ്രസിദ്ധീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മാര്‍ക്കേസ് ലോകത്തോട് വിട പറഞ്ഞതിന്റെ പത്താംവര്‍ഷമാണിത്.

കരീബിയൻ ദ്വീപിലെ തന്റെ അമ്മയുടെ ശവകുടീരത്തിലേക്ക് വർഷം തോറും തീർത്ഥാടനം നടത്തുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന പുസ്തകമാണ് ‘അൺടിൽ ഓഗസ്റ്റ്’. ആകസ്മികമായ ലൈംഗിക ബന്ധങ്ങളുടെ ഒരു പരമ്പരയിലൂടെയും പുസ്തകം കടന്ന് പോകുന്നുണ്ട്.

ഒരു ദുഃഖവെള്ളി ദിനത്തിൽ ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്ന വിഖ്യാത പ്രതിഭ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ കൃതികൾ സമ്മാനിച്ച സുഖമുള്ള തണുപ്പിന്റെ മഞ്ഞുകാലം മാത്രം വായനക്കാരുടെ മനസ്സിൽ അവശേഷിച്ചിരുന്നു.

ഡിമെൻഷ്യ ബാധിച്ച് വർദ്ധിച്ചുവരുന്ന ഓർമ്മക്കുറവിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പുസ്തകം എഴുതുന്നത്. അസുഖം മൂലം തന്റെ എഴുത്തിലുള ആത്മവിശ്വാസം നഷ്ടപ്പെടുകയും അവസാന കൃതി നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് ഗാബോയുടെ മക്കളായ റോഡ്രിഗോയും, ഗോൺസാലോ ഗാർസിയ ബാർച്ചയും പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ലോകം ഒട്ടാകെ മാജിക്കൽ റിയലിസം എന്ന സാങ്കേതിക പദം കൊണ്ട് വിശേഷിപ്പിക്കാവുന്ന വായനാനുഭവം സമ്മാനിച്ച അതുല്യ കലാകാരനാണ് അദ്ദേഹം.

ഓഗസ്റ്റ് വരെ എന്ന പുസ്തകത്തിൻെറ ആമുഖത്തിൽ ഇരുവരും ഒരു ക്ഷമാപണം പോലെ എഴുതിയിരുന്നു.’ മറ്റെല്ലാത്തിനെക്കാളും വലുതായി വായനക്കാരുടെ സന്തോഷത്തിന് മുൻഗണന നൽകാൻ ഞങ്ങൾ തീരുമാനിച്ചു, വായനക്കാർക്ക് സന്തോഷമുണ്ടാവുകയാണെങ്കിൽ തീർച്ചയായും ഗാബോ നമ്മളോട് ക്ഷമിക്കാൻ സാധ്യതയുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം. പിതാവിന്റെ ആഗ്രഹങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നതിൽ തങ്ങൾക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും. എന്നാൽ ഗാബോയുടെ അവസാന നോവൽ എന്ന നിലയിൽ ഇത് പ്രസിദ്ധീകരിക്കുന്നത് തനിക്ക് ആശ്വാസമാണെന്നും ഇരുവരും പറഞ്ഞു . അൺടിൽ ഓഗസ്റ്റ് ലോകത്തിനുമുമ്പിൽ എത്തിയില്ലെങ്കിൽ അദ്ദേഹത്തിൻ്റെ കൃതികൾ അപൂർണമായിപ്പോകും.’ എന്നും മക്കളായ ഗോൺസാലോ ഗാർസിയ ബാർച്ചയും റോഡ്രിഗോയും പറയുന്നു. മാർക്കേസിന്റെ അവസാനകൃതിയാണിതെന്നും ഇനി കൈയെഴുത്തുപ്രതികളൊന്നും ബാക്കിയില്ലെന്നും ഇരുവരും അറിയിച്ചു.

1967-ലെ ‘വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്, (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ) ദി ഓട്ടം ഓഫ് ദി പാട്രിയാർക്കീസ് (1975), ലവ് ഇൻ ദ ടൈം ഓഫ് കോളറ (1985) എന്നിവയുൾപ്പെടെയുള്ള നോവലുകളിലൂടെ നിലയിൽ ഗാർസിയ മാർക്കേസ് ആഗോള പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. മാജിക്കൽ റിയലിസത്തിൻ്റെ മൂർത്തീഭാവങ്ങളിലൂടെയാണ് ഗാർസിയ മാർക്കേസ് തന്റെ വായനക്കാരെ കൈപിടിച്ച് നടത്തിയത്. പത്രപ്രവർത്തകനായി തൻ്റെ കരിയർ ആരംഭിച്ച ഗാർസിയ മാർക്കേസ് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും കൊളംബിയയ്ക്ക് പുറത്ത് പാരീസ്, ബാഴ്‌സലോണ, മെക്‌സിക്കോ സിറ്റി എന്നിവിടങ്ങളിൽ ചെലവഴിച്ചത്. 1982-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

തൻ്റെ കൈയെഴുത്തുപ്രതികളിലെ വിരാമചിഹ്നങ്ങളുടെയും ഉപയോഗത്തിൻ്റെയും എല്ലാ മാറ്റങ്ങളും നിരീക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തൻ്റെ വിശാലവും ആവേശഭരിതരുമായ വായനക്കാരിലേക്ക് മരണ ശേഷം ഒരു പുസ്തകമെത്തുമ്പോൾ മാർക്കേസിന്റെ ഭാവനയുടെ അവസാനഭാഗം വെളിച്ചം കാണണമായിരുന്നോ, എന്ന് വിലയിരുത്താൻ വായനക്കാർക്കുള്ള അവസരമാണിത്. സ്പാനിഷ് ഭാഷയിലിറങ്ങിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഈ മാസം  20 ന് എത്തും എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍