UPDATES

കായികം

‘ഒരു കറുത്ത വംശജന് എന്തൊക്കെ നേടാനാകും എന്നതിന്റെ പ്രതീകമായിരുന്നു ഞാന്‍’

വെള്ളക്കാരുടെ രാജ്യങ്ങള്‍ അടക്കിവാണിരുന്ന കാല്‍പ്പന്തുകളിയില്‍, പെലെയെപ്പോലുള്ള കറുത്ത വര്‍ഗ്ഗക്കാരുമായി ബ്രസീല്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു

                       

1958-ലെ കലാശക്കളിയില്‍ ആതിഥേയരായ സ്വീഡനെ ഒരു ബ്രസീലുകാരന്‍ പയ്യന്‍ വെട്ടിനിരപ്പാക്കുന്നത് സ്വീഡനിലെ രാജാവ് കണ്ടിരുന്നു. 5-2നാണ് ബ്രസീല്‍ സ്വീഡന്റെ പണികഴിച്ചത്. സ്വീഡിഷ് വലയില്‍ പതിച്ച ബ്രസീലിന്റെ അഞ്ചു ഗോളുകളില്‍ രണ്ടെണ്ണം പെലെയുടെതായിരുന്നു. പെലെയുടെ ആദ്യഗോളില്‍ തന്നെ മാന്ത്രികത പ്രകടമായിരുന്നു. പന്തൊന്നു നെഞ്ചുകൊണ്ടു തട്ടിയിട്ട്, എതിര്‍നിരയിലെ പ്രതിരോധക്കാരന്റെ തലക്ക് മുകളിലൂടെ മറിച്ച്, പിന്നെ വെടിപൊട്ടുമ്പോലെ ഗോളിയെ കാഴ്ച്ചക്കാരനാക്കി ഒരു കിടിലന്‍ അടി. ”ഞാന്‍ പന്തയാളുടെ തലക്ക് മുകളിലൂടെ മറിച്ചു, അത് യൂറോപ്യന്‍മാര്‍ക്ക് പിടിയില്ലാത്ത അടവായിരുന്നു,”-ആ ഗോളിനെക്കുറിച്ച് പെലെ പിന്നീട് ഓര്‍ത്തത് ഇങ്ങനെയായിരുന്നു. ”എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്ന്.”; ഫുടോബോള്‍ രാജാവ് കൂൂട്ടിച്ചേര്‍ത്തു.

വെള്ളക്കാരുടെ രാജ്യങ്ങള്‍ അടക്കിവാണിരുന്ന കാല്‍പ്പന്തുകളിയില്‍, പെലെയെപ്പോലുള്ള കറുത്ത വര്‍ഗ്ഗക്കാരുമായി ബ്രസീല്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് ആഫ്രിക്കയില്‍ വെച്ചു കിട്ടിയ സ്വീകരണത്തെക്കുറിച്ച് പറയവെ പെലെ ഇങ്ങനെ ഓര്‍മ്മിച്ചു,”എവിടേയും എന്നെ ഒരു ദൈവത്തെപ്പോലെയാണ് കൊണ്ടാടിയത്. അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഒരു കറുത്ത വംശജന് എന്തൊക്കെ നേടാനാകും എന്നതിന്റെ പ്രതീകമായിരുന്നു ഞാന്‍.”പെലെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ 1962ലും 1970ലും രണ്ടു ലോകകപ്പുകള്‍ കൂടി ജയിച്ചു. ലോകത്തെ ദരിദ്രരുടെ സ്വന്തം പന്തുകളി ടീമാക്കി ബ്രസീല്‍ മാറിയതിനു പിന്നിലും പെലെയുടെ കാല്‍വേഗങ്ങള്‍ കാരണമായി.

തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാള്‍, ലോക കായിക ലോകത്തിന് കറുപ്പിന്റെ ശക്തിയും സൗന്ദര്യവും നല്‍കിയ താരം. ഇതിഹാസം എന്ന വിശേഷം പെലെയെ സംബന്ധിച്ച് ഒരു പുല്‍ക്കൊടി പൊക്കത്തോളം പോലും അതിശയോക്തിപരമായിരുന്നില്ല. ഡ്രിബ്ലിംഗ് കഴിവുകളും ഗോള്‍ സ്‌കോറിംഗ് മിടുക്കും കൊണ്ട് പെലെ സമാനതകളില്ലാത്ത രാജാവായി. അയാളുടെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകുന്ന കാര്യം.

1950 കളിലും 1960 കളില്‍ ബ്രസീല്‍ ടീമിലെ പ്രധാന കളിക്കാരനായിരുന്നു, 12 വര്‍ഷത്തിനിടെ മൂന്ന് തവണ ലോകകപ്പ് നേടി. പെലെ എന്നറിയപ്പെടുന്ന എഡ്സണ്‍ അരാന്റസ് ഡു നാസ്സിമെന്റോ വെറും 15 ആം വയസ്സില്‍ ബ്രസീലിയന്‍ ഭീമന്‍മാരായ സാന്റോസിനെ പ്രതിനിധീകരിച്ച് തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചു, തുടര്‍ന്ന് പതിനാറാമത്തെ വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. അന്താരാഷ്ട്ര കരിയറില്‍ പെലെ മൂന്ന് ലോകകപ്പുകള്‍ നേടി (1958, 1962, 1970), ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു കളിക്കാരന്‍. ബ്രസീല്‍ ഐക്കണ്‍ ക്ലബ് സാന്റോസിനെ നിരവധി ബഹുമതികളിലേക്ക് നയിച്ചു, ക്ലബിന്റെ മുന്‍നിര ഗോള്‍ സ്‌കോറര്‍ ആയിരുന്നു താരം, അവര്‍ക്കായി 1000 ഗോളുകള്‍ നേടി, ഈ റെക്കോര്‍ഡ് ഇന്നുവരെ നിലനില്‍ക്കുന്നു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍. 92 മത്സരങ്ങളില്‍ 77 ഗോളുകള്‍. ക്ലബ്ബ് കരിയറില്‍ ബ്രസീലിലെ സാന്റോസ്, ന്യൂയോര്‍ക്ക് കോസ്മോസ് ടീമുകള്‍ക്കുവേണ്ടി 1363 കളികളില്‍ 1281 ഗോളുകള്‍. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.

1957 ലാണ് ബ്രസീലിനായി പെലെ ആദ്യമത്സരം കളിച്ചത്. 1971-ല്‍ ദേശീയടീമില്‍നിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബില്‍ കളിച്ചത്. 1975 മുതല്‍ രണ്ട് വര്‍ഷം ന്യൂയോര്‍ക്ക് കോസ്മോസില്‍. ബൂട്ടഴിച്ചശേഷവും പൊതുരംഗങ്ങളില്‍ സജീവം. ദരിദ്രനായി ജനിച്ചു. വര്‍ണവിവേചനത്തിന്റെ ചുറ്റുപാടുകളില്‍ പരിഹാസങ്ങള്‍ കേട്ടു വളര്‍ന്നു. സോക്സില്‍ തുണിയും കടലാസുകളും നിറച്ചുണ്ടാക്കിയ പന്തുതട്ടി കളിച്ചു. കുട്ടിത്തം മാറുംമുമ്പേ, അസാമാന്യ പ്രതിഭ തെളിഞ്ഞു. കൗമാരത്തില്‍ ആദ്യ ലോകകിരീടം സ്വന്തമാക്കി. ലോകത്തിന്റെ അതിര്‍ത്തികള്‍ മായ്ച്ച് മുന്നേറി. ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി.

പെലെയുടെ ചില മികച്ച ഗോളുകള്‍

ബ്രസീല്‍ vs ഇറ്റലി, 1970
പെലെയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. ഒരു റിവിലിനോ ക്രോസിന്റെ അവസാനത്തില്‍ ബ്രസീല്‍ താരം മികച്ച ഹെഡ്ഡര്‍ ഗോള്‍ നേടി. 1958 ന് ശേഷം പെലെയുടെ ആദ്യ ലോകകപ്പ് ഫൈനല്‍ ഗോളാണിത്.

സ്വീഡന്‍ vs ബ്രസീല്‍, 1958
ഈ മത്സരത്തിലൂടെ 17 കാരനായ പെലെ എന്തുകൊണ്ടാണ് ഫുട്ബോള്‍ ലോകത്ത് തലപത്തെത്തിയെന്ന് വ്യക്തമാക്കുന്നതാണ്. 1958 ലെ ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഈ ഗോള്‍ പിറന്നത്. മൈതാനത്തെ പെലെയുടെ ബുദ്ധിപരമായ നീക്കത്തിനും സര്‍ഗ്ഗാത്മകതയ്ക്കും ഉത്തമ ഉദാഹരണമാണിത്. ആദ്യം പന്ത് സ്വീഡിഷ് ഡിഫെന്‍ഡറിന് മുകളിലൂടെ പറത്തുകയും പിന്നീട് കീപ്പറെ മറികടക്കുകയും ചെയ്തു.

സാന്റോസ് VS ബെന്‍ഫിക്ക, 1962
ആ തലമുറയിലെ രണ്ട് മഹാന്മാരായ യൂസിബിയോ vs പെലെ, ഇരുവരും എതിരിട്ട മത്സരമാണിത്. 1962 ലെ യുവേഫ അന്താരാഷ്ട്ര കപ്പ് ഫൈനലില്‍ പെലെ അഞ്ച് ഗോളുകള്‍ നേടി, മത്സരത്തില്‍ പെലെ തകര്‍പ്പന്‍ സോളോ ഗോള്‍ നേടി, ബെന്‍ഫിക്ക പ്രതിരോധക്കാരെ മറികടന്ന താരം പിന്നീട് ഗോള്‍ കീപ്പറെയും മറികടന്ന് വല കുലുക്കുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍