ഫെഡറൽ ദേശീയ കൗൺസിലിൽ വനിതാ പ്രാതിനിധ്യം അമ്പതു ശതമാനമായി ഉയർത്താനുള്ള ചരിത്രപ്രാധാന്യമർഹിക്കുന്ന ഉത്തരവുമായി യു എ ഇ. എല്ലാ മേഖലകളിലും അർഹമായ ലിംഗസമത്വം ഉറപ്പു വരുത്താനുള്ള യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫാ ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ വിജയവും ആശംസിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത പാർലമെൻറ് കാലയളവിൽ തന്നെ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്നാണ് ഉത്തരവ്.
ഫെഡറൽ ദേശീയ കൗൺസിലിലും വനിതകളുടെ പങ്കാളിത്തം ഉയരുന്നത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ് യു.എ.ഇ നേതൃത്വം വിലയിരുത്തുന്നത്. ഇപ്പോൾ ഫെഡറൽ ദേശീയ കൗൺസിലിൽ 22.5 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. വനിതകൾക്ക് നിയമനിർമാണസഭകളിൽ ഏറ്റവും ഉയർന്ന പരിഗണന നൽകുന്ന അറബ് രാജ്യമെന്ന പദവി കൂടിയാണ് ഇതോടെ യു.എ.ഇ സ്വന്തമാക്കുക.
രാഷ്ട്രത്തിന്റെ വികസനത്തില്‍ സ്ത്രീയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള മഹത്തായ മുന്നേറ്റമാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.