UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യോഗ ചാമ്പ്യനായ ഇന്ത്യന്‍ വംശജനായ എട്ടു വയസുകാരന്‍ ഇനി ബ്രിട്ടീഷ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍

വ്യക്തിഗത,ആര്‍ട്ടിസ്റ്റിക് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈശ്വര്‍ ശര്‍മ വിജയിച്ചത്.

                       

ഇന്ത്യന്‍ വംശജനായ 8 വയസുകാരന്‍ യുകെയില്‍ നടന്ന അണ്ടര്‍-11 ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായതിന് തൊട്ടുപിന്നാലെ മറ്റൊരു ബഹുമതിയും തേടിയെത്തി. യോഗ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയി ഇനി ബ്രിട്ടീഷ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി അറിയപ്പെടും.

വ്യക്തിഗത,ആര്‍ട്ടിസ്റ്റിക് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈശ്വര്‍ ശര്‍മ(Ishwar Sharma) വിജയിച്ചത്. കാനഡയില്‍ നടന്ന 2018 വേള്‍ഡ് സ്റ്റുഡന്റ് ഗെയിംസില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടിയിരുന്നു.

കെന്റി-ല്‍(Kent) സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഈശ്വര്‍ ഓരോ മത്സരത്തിലും തന്നോട് തന്നെയാണ് പോരാടുന്നതെന്ന് പറയുന്നു. ഓരോ അഭ്യാസങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഈശ്വര്‍ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു. ഏത് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചാലും എന്നും യോഗ വിദ്യാര്‍ത്ഥിയാണ് താനെന്നും എട്ട് വയസുകാരന്റെ വാക്കുകള്‍.

ബിര്‍മിങ്ഹാമി(Birmingham)ല്‍ നടന്ന ആറാംമത് പുരസ്‌കാര ദാന ചടങ്ങിലാണ് യങ് അച്ചിവര്‍ വിഭാഗത്തില്‍ ഈശ്വര്‍ ശര്‍മയെ തിരഞ്ഞെടുത്തത്. യോഗയില്‍ ആര്‍ജിച്ച നേട്ടം അക്കാഡമിക് നിലവാരം ഉയര്‍ത്താന്‍ ഈശ്വറിനെ സഹായിക്കുന്നുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. ജീവിതശൈലിയിലൂടെ മികച്ച വിജയം നേടാന്‍ ഈശ്വറിന് ആകുമെന്നും അധ്യാപകര്‍ ആശംസിക്കുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന വ്യക്തിയായി ഈശ്വര്‍ മാറണമെന്നാണ് ആഗ്രഹമെന്ന് യോഗ പരിശീലകനായ അച്ഛന്‍ വിശ്വനാഥ് പറയുന്നു.

യു.കെയിലും പുറത്തുമായി 100 കണക്കിന് ഇവെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട് ഈശ്വര്‍. വേദങ്ങളിലെയും ഭഗവത്ഗീതയിലേയും ഉള്‍പ്പടെ നിരവധി ശ്ലോകങ്ങള്‍ മനഃപാഠവും. ഇവ ഓര്‍ത്തിരിക്കാനുള്ള കഴിവ് യോഗ സമ്മാനിച്ചതാണെന്നാണ് ഈശ്വര്‍ പറയുന്നത്. ടര്‍ക്കിയില്‍ നടന്ന യൂറോ ഏഷ്യന്‍ യോഗ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് ഈ കൊച്ചുമിടുക്കന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഫണ്ട് റൈസിംഗ് പരിപാടികളിലും ഈശ്വര്‍ പങ്കെടുക്കുന്നുണ്ട്.

ഡിസംബറില്‍ ചിലിയിലും ജനുവരിയില്‍ ബെയ്ജിങിലും നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പുകളില്‍ ആണ് ഇനി ഈശ്വര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. അടുത്ത വര്‍ഷം കാനഡയില്‍ നടക്കുന്ന വേള്‍ഡ് ഗെയിംസിലും ഈശ്വര്‍ പങ്കെടുക്കും. മറ്റുള്ളവരോട് യോഗയെക്കുറിച്ചു സംസാരിക്കാന്‍ ഇഷ്ടപെടുന്നതിനൊപ്പം വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനും അവസരം കണ്ടെത്താറുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍