കൊഴുപ്പിനെ നിയന്ത്രിക്കുന്നതുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ കരളിനെ തകരാറിലാക്കുന്ന രോഗമെന്ന നിലയിലാണ് ഹെപ്പറ്റൈറ്റിസ് അറിയപ്പെടുന്നത്. ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം ഇന്ത്യയില്‍ മരണകാരണമാകുന്ന 10രോഗങ്ങളില്‍ ഒന്നാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് A,B,C എന്നീ രോഗങ്ങളാണ് ഏറെ വ്യാപിച്ചതും കരളിനെ ബാധിക്കുന്നതും. ആഗോളതലത്തില്‍ പ്രതിവര്‍ഷം 1.4മില്യണ്‍ ആള്‍ക്കാര്‍ ഈ രോഗം വന്ന് മരിക്കുന്നുണ്ട്.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച്(ISCR) 2016ല്‍ നടത്തിയ പഠനം പറയുന്നതിങ്ങനെ: ഇന്ത്യയില്‍ 12മില്യണ്‍ വ്യക്തികളെയാണ് മാരകമായ ഹെപ്പറ്റെറ്റിസ് C ബാധിച്ചിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ് ഒരു തീരാവ്യാധിയായി മാറിയ 11 ലോകരാജ്യങ്ങളില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.
കൃത്യമായി രോഗനിര്‍ണയം നടത്താത്തതാണ് വ്യാപനത്തിന്റെ പ്രധാനകാരണം. ലക്ഷണങ്ങള്‍ പ്രകടമാകാത്തതാണ് പരിശോധനയ്ക്ക് വെല്ലുവിളിയാകുന്നത്. ക്ഷീണം, വിശപ്പില്ലായ്മ, വിസര്‍ജ്യത്തിന് നിറവ്യത്യാസം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധചികിത്സ തേടണം. കൃത്യമായി ചികിത്സ ലഭിക്കാത്ത ഘട്ടങ്ങളില്‍ ഇത് ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്ക് വഴിമാറിയേക്കാം.
എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ ലിവര്‍ ഫങ്ക്ഷന്‍ ടെസ്റ്റ് അഥവ LFT നടത്തണം. ബിലിറൂബിന്‍, അല്‍ബുമിന്‍ തുടങ്ങിയ ഘടകങ്ങളുടെ അളവ് വ്യത്യാസങ്ങള്‍ അനുസരിച്ച് രോഗം നിര്‍ണയിക്കാം.
മലിനജലം, ശുദ്ധമല്ലാത്ത ഭക്ഷണം എന്നിവ കഴിക്കുന്നത് വഴിയും രോഗമുള്ള വ്യക്തിയില്‍ നിന്നും ടൈപ്പ് A പകരാം. രക്തത്തിലൂടെ ടൈപ്പ് B പകരുമ്പോള്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, കുത്തിവെപ്പ് എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് C പകരും. A, B എന്നീ ടൈപ്പുകള്‍ക്ക് പ്രതിരോധകുത്തിവെപ്പും Cയ്ക്ക് മരുന്നുകളുമാണ് ലഭ്യമായത്.
മദ്യത്തിന്റെ ഉപയോഗം രോഗത്തെ ഗുരുതരമാക്കും. ശരീരഭാരം വര്‍ധിക്കുന്നത് കരളില്‍ കൊഴുപ്പ് വര്‍ധിക്കാനും പിന്നീട് ലിവര്‍ സിറോസിസിനും കാരണമാകും എന്നതിനാല്‍ അതും ശ്രദ്ധിക്കണം