UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമയാണോ? 21 ദിവസത്തിനുള്ളില്‍ പരിഹാരം കാണാം

ടെക്‌നോളജിയില്‍ മുങ്ങിക്കുളിച്ച കാലത്ത് ഇതൊക്കെ ഉപേക്ഷിക്കാന്‍ പറയുന്നത് മണ്ടത്തരമാണ്. പ്രായോഗികവുമല്ല. വേണ്ടത്, ആ ‘ലഹരി’ കുറച്ച് മാറ്റിവെക്കുക എന്നതാണ്

                       

’24 മണിക്കൂറും ഒരു മൊബൈല്‍ ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയോ ടാബിന്റെയോ സാന്നിധ്യം നമ്മുടെ പരിസരത്ത് വേണം. ഫുള്‍ ചാര്‍ജ്ജില്‍ എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റില്‍ വിരാജിക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍. മാനസികാരോഗ്യം നഷ്ടപ്പെട്ട തലമുറയെ സൃഷ്ടിക്കുന്നതില്‍ ഈ ഉപകരണങ്ങള്‍ക്കുള്ള പങ്ക് തെളിയിക്കപ്പെട്ടതാണ്. ചുറ്റുപാടിനോടും ഒപ്പമുള്ളവരോടും എന്തിന് അവനവനോട് പോലും സഹകരിക്കാത്ത അവസ്ഥ, എന്തിനും ഏതിനും ഇന്റര്‍നെറ്റാണ്’. മസാച്യുസെറ്റ്‌സി(Massachusetts)ലെ ലൈഫ് മാനേജ്‌മെന്റ് വിദഗ്ധന്‍ ജോഫ്രി റോസ്മാന്‍ (Jeffrey Rossman) ഈ പുതിയ അപകടത്തെപ്പറ്റി പറയുന്നതിന്നതിങ്ങനെയാണ്.

ടെക്‌നോളജിയില്‍ മുങ്ങിക്കുളിച്ച കാലത്ത് ഇതൊക്കെ ഉപേക്ഷിക്കാന്‍ പറയുന്നത് മണ്ടത്തരമാണ്. പ്രായോഗികവുമല്ല. വേണ്ടത്, ആ ‘ലഹരി’ കുറച്ച് മാറ്റിവെക്കുക എന്നതാണ്. ആവശ്യത്തിന് മാത്രം ആന്‍ഡ്രോയ്ഡ്-ഈ വിദ്യ പരീക്ഷിക്കാന്‍ തയ്യാറാണോ? ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മൂന്നാഴ്ചയ്ക്കകം, നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഇല്ലാതാകും!

ആഴ്ച -1

ടെക് ഫ്രീ സോണുകള്‍ ഉണ്ടാക്കുക: നമ്മുടെ സങ്കല്‍പത്തിനപ്പുറമാണ് ടെക്‌നോളജി കാര്‍ന്നെടുക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം. ടെക് ഫ്രീ സോണുകള്‍ ജോലിസ്ഥലത്തോ അഥവ ദിവസവും ചെലവഴിക്കുന്ന ഏതെങ്കിലും ഇടങ്ങളിലൊക്കെ ഉണ്ടാകുന്നത് ഒരു വലിയ അനുഗ്രഹമാണ്. അത്രയും നേരം നമ്മള്‍ പരിസരത്തിനോട് ഇണങ്ങി ജീവിക്കും

ഉഷാറായി ഉണരൂ: രാവിലെ എഴുന്നേറ്റാല്‍ നേരെ വാട്ട്‌സ്ആപ്പ് അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക്. ഇനി മുതല്‍ ആ ശീലം വേണ്ട. ഉണര്‍ന്ന് ആദ്യത്തെ അരമണിക്കൂര്‍ ഫോണ്‍ തൊടരുത്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാനുള്ള കാര്യങ്ങള്‍ ആ അരമണിക്കൂറില്‍ നിങ്ങള്‍ കണ്ടെത്തണം.

ഡിജിറ്റല്‍ ഫ്രീ ഡൈനിംഗ് ടേബിള്‍: ഭക്ഷണം കഴിക്കുമ്പോള്‍ ലാപ്പും മൊബൈലും സ്‌ക്രോള്‍ ചെയ്യേണ്ട. ഏകാഗ്രതയോടെ സമയമെടുത്ത് ഭക്ഷണം കഴിച്ചോളൂ. വീട്ടില്‍ തീന്‍മേശയെങ്കിലും ഡിജിറ്റല്‍ ഫ്രീ ആയിക്കോട്ടെ.

നിങ്ങളുടെ ഡിജിറ്റല്‍ പരിധി നിങ്ങള്‍ തന്നെ നിശ്ചയിക്കണം: മറ്റുള്ളവര്‍ക്ക് നിയന്ത്രിക്കാന്‍ ആകുന്നതല്ല നിങ്ങളുടെ ടെക്‌നോളജി ക്രേസ്. അതിനാല്‍ സ്വയം നിയന്ത്രിച്ച് ശീലിക്കുന്നതാണ് നല്ലത്. സ്റ്റഡി ടൈംടേബിള്‍ പോലെ ഇന്റര്‍നെറ്റിനും ഒരു ടൈംടേബിള്‍. (ജെഫ്രി റോസ്മാന്‍)

ആഴ്ച-2

നിര്‍ബന്ധങ്ങള്‍ തകര്‍ക്കാം: ഒന്നുകില്‍ ശീലം അല്ലെങ്കില്‍ ബോറടി മാറ്റാന്‍. രണ്ട് സാധ്യതകളാണ് ഈ ശീലത്തിന് പിന്നിലെന്ന് UCLA ലോംഗെറ്റിവിറ്റി ഡയറക്ടര്‍ ഗാരി സ്‌മോള്‍(Gary Small) അഭിപ്രായപ്പെടുന്നു. ഒരാഴ്ച മുഴുവന്‍, ദൈര്‍ഘ്യമില്ലാത്ത കോളുകള്‍ക്കോ മെസേജിനോ ഇ-മെയിലിനോ മാത്രമായി ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമോ? അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ നിങ്ങളിലുണ്ടാകും.

പുഷ് നോട്ടിഫിക്കേഷനുകള്‍ വേണ്ടേ വേണ്ട: സോഷ്യല്‍ മീഡിയയിലെ ചെറിയ ചലനങ്ങള്‍ക്ക് പോലും പുഷ് നോട്ടിഫിക്കേഷന്‍ കിട്ടുമെങ്കില്‍ ആദ്യം ആ സെറ്റിംഗ് ഓഫ് ചെയ്യുക. അര്‍ജന്റ് കോള്‍/ മെസേജ് അലേര്‍ട്ട് അല്ലാത്ത മുഴുവന്‍ കാര്യങ്ങളിലും നോട്ടിഫൈഡ് ആകണ്ട എന്ന് തീരുമാനിക്കുക. എന്തൊക്കെയോ ഭാരം ഒഴിവായ ഫീല്‍ കിട്ടുമെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം.

മനസ്സ് ഇത്തിരി ബ്ലാങ്ക് ആയിക്കോട്ടെ, സാരമില്ല: ക്യൂ നില്‍ക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് സ്‌ക്രോള്‍ ചെയ്യണം, ബസ് അല്ലെങ്കില്‍ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ ട്വിറ്റര്‍ റിഫ്രഷ് ചെയ്യണം. ആ നേരം ചുറ്റുപാടും കണ്ണോടിക്കുക. മനസ്സിനെ വെറുതെ ചിന്തിക്കാന്‍ വിടുക. ആ ഒരു സ്‌ക്രോളിംഗ് ഒഴിവായതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്നെ-ഗാരി സ്‌മോള്‍ പറയുന്നു.

ഒഴിവ് സമയത്തെ ‘കളിയും കുളിയും’: വീട്ടില്‍ വെറുതെയിരിക്കുന്ന നേരത്ത് ടി.വി ഉള്‍പ്പെടെ എല്ലാത്തിനോടും ഈയാഴ്ച ബൈ ബൈ പറയാം. കുട്ടികളുണ്ടെങ്കില്‍ കൂടെ കളിക്കാം, അമ്മമാരോട് വര്‍ത്തമാനം പറഞ്ഞിരിക്കാം. ഒന്നുമല്ലെങ്കില്‍, സമയമെടുത്ത് ആസ്വദിച്ച് കുളിക്കാം. എത്രയെത്ര വഴികള്‍!

ആഴ്ച-3

അസ്വസ്ഥത വേണ്ട, ചിന്തിക്കുക: ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെ സര്‍വ്വതിനോടും ഉപചാരം ചൊല്ലി പിരിയുകയല്ല നിങ്ങള്‍ ചെയ്യുന്നത്. പകരം, നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ക്ക് മാത്രം ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുക എന്നത് മാത്രമാണ്. ഡിജിറ്റല്‍ നേരംപോക്കുകളോടും വിരോധമില്ല, നേരം അധികം പോകരുതെന്ന് മാത്രം.

ഓഫ്-ലൈന്‍ ആകാനും റിമൈന്‍ഡറുകള്‍: ഡിജിറ്റല്‍ യുഗം കവര്‍ന്നെടുത്ത മറ്റൊന്നാണ് ഓര്‍മ്മശക്തി. എന്തായാലും നിങ്ങളുടെ പല കാര്യങ്ങളും റിമൈന്‍ഡര്‍ ലിസ്റ്റുകളില്‍ രേഖപ്പെടുത്തും. കൃത്യമായി ഫോണില്‍ ചെലവിടാനുള്ള സമയത്തിനും ഇനി മുതല്‍ റിമൈന്‍ഡര്‍ ആയികൊള്ളട്ടെ. 40 മിനിട്ടിന്റെ ഇടവേളയില്‍ വെള്ളം കുടിക്കാനും ഇന്ന് ആകെ സ്‌ക്രീനിന് മുമ്പില്‍ ചെലവിട്ട സമയം ഓര്‍മിപ്പിക്കാനുമൊക്കെ റിമൈന്‍ഡറിന്റെ സഹായം തേടാം.

സ്വയം തടയുന്നതിന് ആപ്ലിക്കേഷന്‍: ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ നമുക്ക് ആപ്ലിക്കേഷന്റെ സഹായം തേടാം. അതായത്, മുള്ളിനെ മുള്ളുകൊണ്ടെടുക്കാമെന്ന്. ഉദാഹരണത്തിന് ഗൂഗിള്‍ പ്ലെയില്‍ ലഭ്യമാകുന്ന ആപ്‌ഡെറ്റോക്‌സ്(AppDetox). നിശ്ചിത സമയത്തിനുള്ളില്‍ എത്ര പ്രാവശ്യം ഒരു ആപ്ലിക്കേഷന്‍ തുറക്കാമെന്ന പരിധി, ഡെറ്റോക്‌സ് വഴി തീരുമാനിക്കാം.

മൊബൈല്‍ ഫോണ്‍ ആരോഗ്യത്തിനും ആവശ്യത്തിനും: ഡോ. സ്‌മോളും ഭാര്യയും എന്നും രാവിലെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് മെഡിറ്റേഷന്‍ ചെയ്യുന്നത്. ടെക്‌നോളജിയാണ്, പക്ഷെ തീര്‍ത്തും ശരീരത്തിനും മനസ്സിനും ഉപകരിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്ത് ശീലിച്ചു. ഇങ്ങനെ പോസിറ്റീവായ കാര്യങ്ങള്‍ക്ക് വേണ്ടി ടെക്‌നോളജി പരമാവധി ഉപയോഗപ്പെടുത്തുക

Share on

മറ്റുവാര്‍ത്തകള്‍