UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘കംഗാരു കരുതല്‍’ കൊടുത്ത് തന്റെ മൂന്നു പെണ്‍കുഞ്ഞുങ്ങളെയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന അമ്മ

ലോകാരോഗ്യ സംഘടനയുടെ കംഗാരു മദര്‍ കെയര്‍ കാമ്പയിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ് രേണുകയുടെ കഥ

                       

ലോകാരോഗ്യ സംഘടന(WHO) നിര്‍ദ്ദേശിച്ച കംഗാരു കെയര്‍ കൊടുത്ത് മക്കളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നിരിക്കുകയാണ് ഒരമ്മ. 2016 ഒക്ടോബറിലാണ് കര്‍ണാടക സ്വദേശിയായ രേണുക മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തത്. ആശിച്ച് പിറന്ന കണ്‍മണികളുടെ ഭാരക്കുറവ് അച്ഛനേയും അമ്മയേയും കണ്ണീരിലാഴ്ത്തി. മൂന്ന് പേര്‍ക്കും ജനിക്കുമ്പോള്‍ 1500 ഗ്രാമില്‍ താഴെയേ ഭാരമുണ്ടായിരുന്നൊള്ളു.

രേണുക കുഞ്ഞുങ്ങളെ നെഞ്ചിനോടു ചേര്‍ത്ത് പിടിച്ച് മുലയൂട്ടാന്‍ തുടങ്ങി. ഒമ്പത് മണിക്കൂറെങ്കിലും നിത്യേനെ അമ്മയുടെ തൊലിയോട് പറ്റിച്ചേര്‍ത്ത് ഇരുത്തുന്നതില്‍ ശ്രദ്ധ കൊടുത്തു. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള വിവരപ്രകാരം ‘കോപ്പല്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരാണ് രേണുകയ്ക്ക് കംഗാരു മദര്‍ കെയറിനെ പറ്റി പറഞ്ഞ് കൊടുക്കുന്നതും അത് ചെയ്ത് നോക്കാന്‍ പ്രേരിപ്പിക്കുന്നതും. ലക്ഷ്മി, മഹാദേവി, ശ്രുഷ്ടി എന്നിങ്ങനെയാണ് രേണുക തന്റെ മൂവര്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. പെണ്‍ കുഞ്ഞുങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കൂ, അവര്‍ വരദാനങ്ങളാണെന്നും രേണുക പറയുന്നു.

തൊലിയോട് തൊലി ചേര്‍ത്ത് വച്ച് പരിചരിക്കുന്ന രീതിയാണ് കംഗാരു മദര്‍ കെയര്‍. വളര്‍ച്ചയെത്തും മുന്‍പ് പിറന്നതോ ആവശ്യത്തിന് ഭാരമില്ലാത്തതോ ആയ കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ജനിച്ച് അധികമാകുന്നതിന് മുമ്പേ അച്ഛന്റെയോ അമ്മയുടേയോ നഗ്‌നമായ നെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നതാണ് ഈ രീതി. നേരത്തെ ജനിച്ച് പോകുന്ന കുട്ടികളുടെ കാര്യത്തില്‍ ഇത് വളരെ ഉപകാരപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കംഗാരു കുഞ്ഞിനെ സഞ്ചിയില്‍ സൂക്ഷിക്കുന്നതു പോലെയാണ് കുഞ്ഞിനെ നെഞ്ചില്‍ പിടിക്കേണ്ടത്. അമ്മയുടെ ദേഹത്ത് നിന്നുള്ള ചൂട് കുഞ്ഞിന് ആവശ്യമുള്ള ഊഷ്മാവ് നല്‍കും. ചെറിയൊരു തൊപ്പിയും ഡയപ്പറും മാത്രമേ ഈ സമയത്ത് ശിശുവിനെ ധരിപ്പിക്കാവൂ. തൊലിയുടെ സ്പര്‍ശം പരമാവധി അനുഭവിക്കുന്ന തരത്തില്‍ ഗര്‍ഭപാത്രത്തോട് സാമ്യമുള്ള കിടപ്പാണ് കുഞ്ഞിന് കൊടുക്കേണ്ടത്.

ഇന്‍ക്യുബേറ്റര്‍ വിരളമായതോ ലഭ്യമല്ലാത്തതോ ആയ രാജ്യങ്ങളില്‍ ജീവന്‍ രക്ഷാ ഉപാധിയായി കംഗാരു കെയര്‍ ഉപയോഗിക്കുന്നുണ്ട്. ഭാരക്കുറവും നേരത്തേയുള്ള ജനനവും മൂലം മരണമടഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറക്കാന്‍ ഈ രീതിയൂടെ പ്രചാരം സഹായിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കംഗാരു മദര്‍ കെയര്‍ കാമ്പയിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ് രേണുകയുടെ കഥ. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയിലെ മൂന്ന് ജില്ലകളില്‍ ശിശുസംരക്ഷണത്തിനായി ഈ രീതി ഉപയോഗിക്കാനുള്ള പ്രോജക്ടുകള്‍ ഡബ്ല്യുഎച്ച്ഒ തുടങ്ങിക്കഴിഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍