UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അഖിലലോക ‘സുഷി’ പ്രേമികള്‍ ജാഗ്രത; നിങ്ങളെ കാത്ത് രണ്ട് മീറ്ററോളം നീളമുള്ള നാടവിരകള്‍

മീനിന്റെ ശരീരത്തിലെ വിര മനുഷ്യനിലേക്കെത്തുന്നത് വഴി അനുഭവപ്പെടുന്ന ശക്തിയായ വയറുവേദനയും ഛര്‍ദിയും അതിസാരവുമാണ് അനിസാകിയാസിസ്

                       

ഈ സംഭവം നടന്നത് കാലിഫോര്‍ണിയയിലെ ഒരു ആശുപത്രിയിലാണ്. അന്നേ ദിവസം രാവിലെ ചുരുട്ടിക്കെട്ടിയ പ്ലാസ്റ്റിക് ബാഗുമായി ഒരു യുവാവ് ആശുപത്രിയിലേക്ക് കടന്നുചെല്ലുന്നു. ഡോ. കെന്നി ബാനി (Dr. Kenny Bahn)ന് മുമ്പില്‍ തുറന്നുപിടിച്ച ബാഗില്‍ കാണാനായത് ഒരു നാടവിര (tapeworm)യെ ആയിരുന്നു. ആശുപത്രിയുടെ തറയിലിട്ട് ഡോ.ബാന്‍ ആ വിരയുടെ നീളം കണക്കാക്കി; 1.7 മീറ്റര്‍. അതായത് 5 അടി 6 ഇഞ്ച്. വിരയുമായി വന്ന യുവാവ് പറഞ്ഞ കാര്യങ്ങളാണ് ഡോ. ബാനിനെയും മുഴുവന്‍ ലോകത്തെയും അതിശയിപ്പിച്ചത്. വയറുവേദനയായിരുന്നു അയാളുടെ പ്രശ്‌നം. കടുത്ത വയറിളക്കം പിടിപെട്ട തൊട്ടടുത്ത ദിവസം തന്റെ കുടലിന്റെ ഒരു ഭാഗം ശരീരത്തില്‍ നിന്ന് താഴേക്ക് തൂങ്ങികിടക്കുന്നത് അയാള്‍ കണ്ടു. കുടല്‍ എന്ന് അയാള്‍ തെറ്റിദ്ധരിച്ചത് ഒരു മനുഷ്യന്റെ നീളത്തോളം വരുന്ന നാടവിരയെ ആയിരുന്നു.

ഡോ. കെന്നി ബാന്‍ പ്രമുഖ ദിനപത്രത്തോട് (The Guardian Newspaper) ഈ അനുഭവം പങ്കുവെക്കുമ്പോള്‍ ഏറെ വാചാലനായത് ആ യുവാവിന്റെ ആഹാരശീലത്തെക്കുറിച്ചായിരുന്നു. സാല്‍മണ്‍ സാഷിമി (sashimi-fish sliced into thin pieces) എന്ന പ്രിയപ്പെട്ട വിഭവം ഒരു ദിവസം പോലും കഴിക്കാതിരിക്കുന്ന വ്യക്തി ആയിരുന്നില്ല അദ്ദേഹം.

പാശ്ചാത്യര്‍ക്ക് പ്രിയപ്പെട്ട ജാപ്പനീസ് വിഭവങ്ങളുടെ പട്ടികയില്‍ പ്രധാനിയാണ് സുഷി. കടല്‍മത്സ്യങ്ങളും ചോറും പച്ചക്കറിയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സുഷിയുടെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലും സുഷി റെസ്റ്ററന്റുകള്‍ ധാരാളമായി കഴിഞ്ഞു. സാല്‍മണ്‍, ട്യൂണ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളാണ് സുഷിയില്‍ ഇടം പിടിക്കുന്ന പ്രധാനികള്‍. സുഷിയില്‍ ചേരുവയാകുന്ന ‘സൂപ്പര്‍ ഫ്രീസ്’ (super freeze) മീനുകളിലൂടെയാണ് ‘വിര’ മനുഷ്യശരീരത്തിലേക്കെത്തുന്നത്. ഇന്‍ഫെക്ഷന്‍ സാധ്യതകള്‍ പ്രവചിക്കുകയും വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാനും തുടങ്ങിയതോടെ സുഷി പ്രേമികള്‍ ആകുലതയിലാണ്.

ഡോ. കെന്നി ബെന്‍ പങ്കുവെച്ച അനുഭവം ലോകമാകെ പ്രചരിച്ചത് നിമിഷങ്ങള്‍ക്കകമായിരുന്നു. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ജീവശാസ്ത്രവിഭാഗം സംഘാംഗവും നാടവിരയുടെ ഘടന സംബന്ധിച്ച് ഗവേഷകനുമായ പീറ്റര്‍ ഓല്‍സണ്‍ (Peter Olson) ഈ സംഭവത്തെ ഗൗരവത്തോടെ കാണണമെന്ന് പറയുന്നു. ഒരു മനുഷ്യശരീരത്തിനുള്ളില്‍ ഭീമമായ വളര്‍ച്ചയുണ്ടാകുന്ന നാടവിര കയറിപ്പറ്റുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

മത്സ്യത്തിനുള്ളില്‍ കാണപ്പെടുന്ന നാടവിര (fish tapeworm)യ്ക്ക് ഒന്നിലധികം ശരീരങ്ങള്‍ ആതിഥ്യമരുളുന്നുണ്ട്. സാല്‍മണിന്റെ കാര്യം ഉദാഹരണമായെടുക്കാം. മനുഷ്യനേപ്പോലെ കരടികള്‍ക്കും പ്രിയപ്പെട്ടതാണ് സാല്‍മണ്‍. കരടി കഴിക്കുന്ന സാല്‍മണിനുള്ളിലെ വിര വിസര്‍ജനത്തിലൂടെ വീണ്ടും വെള്ളത്തിലേക്ക് എത്തിച്ചേരുന്നു. ഈ ലാര്‍വ്വകള്‍ ജലത്തിനുള്ളിലെ ജീവിതചക്രത്തില്‍ സജീവമാകുന്നത് പിന്നീടാണ്. കവച ജന്തുവര്‍ഗത്തി(crustaceans)ല്‍പെട്ട കോപ്‌പോഡുകള്‍ ഉള്‍പ്പെടെയുളളവയ്ക്ക് ലാര്‍വ ആഹാരമാകുന്നത് വഴി അവിടേക്കും ഇവ എത്തപ്പെടുന്നു. കോപ്പോഡുകളെ ആഹാരമാക്കുന്ന മത്സ്യത്തിനുള്ളിലേക്ക് ലാര്‍വ്വയുടെ അടുത്ത സഞ്ചാരം. മീനിന്റെ വയറ്റിലാണ് ലാര്‍വ്വ വീണ്ടും നാടവിരയായി രൂപം പ്രാപിക്കുന്നത്. തുടര്‍ന്ന് മനുഷ്യശരീരത്തിലേക്ക്. മനുഷ്യന്റെ കുടലില്‍ എത്തുമ്പോഴാണ് നാടവിരയ്ക്ക് ഇത്രത്തോളം വളര്‍ച്ച സംഭവിക്കുന്നത്.

നാടവിരകളുടെ ശരീരത്തിനുള്ളില്‍ ഒരുവിധ അറകളും കാണപ്പെടുന്നില്ല. ഖണ്ഡങ്ങളായാണ് ഇവയുടെ ശരീരം കാണപ്പെടുക. ഓരോ ഖണ്ഡത്തിലും പ്രത്യേകം ആണ്‍, പെണ്‍ പ്രത്യുത്പാദന അവയവങ്ങള്‍ ഉണ്ടായിരിക്കും. അതിനാല്‍ സ്വയം ബീജസങ്കലന(self fertilization)ശേഷി ഇവയ്ക്കുണ്ട്. തലയും കഴുത്തും ഖണ്ഡങ്ങളും ചേര്‍ന്നതാണ് ശരീരമെങ്കിലും തലയ്ക്ക് വ്യക്തമായ ആകൃതിയോ രൂപമോ ഇല്ല. ഈ ശിരസ്സ് അഥവ സ്‌കോളൈക്‌സിന്റെ സഹായത്താലാണ് നാടവിര ആതിഥേയരുടെ ചെറുകുടലില്‍ പറ്റിപ്പിടിക്കുന്നത്. ആതിഥേയ ജന്തുവിന്റെ ചെറുകുടലില്‍ നിന്ന് ദഹിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ തൊലിയിലൂടെ വലിച്ചെടുക്കുകയാണ് ഇവയുടെ പതിവ്. പലപ്പോഴും ടേപ്‌വേം ഇന്‍ഫെക്ഷന്‍ ബാധിച്ചത് നമ്മള്‍ തിരിച്ചറിയാറില്ല. വിസര്‍ജനത്തിലൂടെ ഇവയുടെ ശരീരഖണ്ഡങ്ഹള്‍ പുറത്തേക്ക് പോകുമ്പോഴാണ് ഈ അവസ്ഥയെക്കുറിച്ച് നാം തിരിച്ചറിയുന്നത്. സാധാരണഗതിയില്‍ വിസര്‍ജ്യത്തോടൊപ്പം ചെറിയ ഭാഗങ്ങളായി ഇവ മനുഷ്യശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകാറുണ്ട്. ചിലപ്പോള്‍ മനുഷ്യര്‍ക്ക് വേദനയും ഛര്‍ദിയും അനുഭവപ്പെടാറുമുണ്ട്.

പതിനായിരത്തിധികം ഇനങ്ങളുള്ള ജീവിവര്‍ഗമാണ് നാടവിര. ഇവയില്‍ കുറച്ചുമാത്രമാണ് മനുഷ്യശരീരത്തെ ബാധിക്കുന്നത്. അവയിലൊന്നാണ് സുഷിയിലൂടെയും നന്നായി വേവിക്കാത്ത മത്സ്യങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്കെത്തുന്നത്. താരതമ്യേന ദോഷം ചെയ്യാറില്ലെങ്കിലും അമാശയസംബന്ധമായ പ്രശ്‌നങ്ങളും അലര്‍ജിയും ഉണ്ടാകാനിടയുണ്ട്. ഇവ കുടലിന് ദോഷമാകുന്നത് അപൂര്‍വ്വം സാഹചര്യങ്ങളിലാണ്. കുടലിന്റെ 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ ഭാഗങ്ങളിലേക്ക് മാത്രമെ ഇവക്കെത്താനാകൂ എന്നതാണ് കാരണം. വിരശല്യം അകറ്റാന്‍ ഗുളിക കഴിക്കുന്നതാണ് എളുപ്പത്തിലുള്ള പ്രതിരോധ മാര്‍ഗം.

‘സാധാരണഗതിയില്‍ ഒരു നാടവിരയ്ക്ക് അവസാനത്തെ ആതിഥേയശരീരമാണ് മനുഷ്യന്റേത്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യശരീരം ഇടയ്ക്കുള്ള ആതിഥേയ ശരീരമാകാറുണ്ട് (intermediate host). ഈ സാഹചര്യം താരതമ്യേന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. തലവേദനയും തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളും ഈ സമയത്തുണ്ടാകാം. ചിലപ്പോള്‍ മരണകാരണവുമാകാം’-പീറ്റര്‍ ഓല്‍സണ്‍ വ്യക്തമാക്കുന്നു.

ഒരിക്കല്‍ നായയുടെ ശരീരത്തില്‍ നിന്ന് ബാധിച്ച വിര ഒരു മനുഷ്യനിലുണ്ടാക്കിയ പ്രശ്‌നങ്ങളെപ്പറ്റിയും പീറ്റര്‍ ഓല്‍സണ്‍ വിശദീകരിക്കുന്നു. എച്ച്.ഐ.വി ബാധിതനായ ആ വ്യക്തിയ്ക്ക് രോഗപ്രതിരോധശേഷിയും കുറവായിരുന്നു. മികച്ച രോഗപ്രതിരോധശേഷി ഇല്ലാതിരുന്നതാണ് നായയില്‍ നിന്ന് അയാളുടെ ശരീരത്തിലേക്ക് വിരബാധയേല്‍ക്കാന്‍ കാരണം. സാധാരണഗതിയില്‍ നായയുടെ ശരീരത്തിനുള്ളിലെ വിര മനുഷ്യനിലെത്താറില്ലെങ്കിലും അവയുടെ വിസര്‍ജനത്തില്‍ നിന്നും ബാധയേല്‍ക്കാതെ സൂക്ഷിക്കണമെന്നും ഓല്‍സണ്‍ ഓര്‍മ്മപ്പെടുത്തുന്നു.

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ പോര്‍ച്ചുഗല്‍ യുവാവിന്റെ കഥ 2017 മാര്‍ച്ചിലാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പുറത്തുവിട്ടത്. 32കാരനായ അയാളുടെ കുടലില്‍ നാടവിരയെത്തിയത് ‘സുഷി’യിലൂടെയായിരുന്നു. ഇത്തരം ഭക്ഷണസാധനങ്ങള്‍ക്ക് ആരാധകരേറുന്ന പാശ്ചാത്യരാജ്യങ്ങളില്‍ ‘അനിസാകിയാസിസ്'(anisakiasis) പോലെയുള്ള രോഗങ്ങളും ഇന്ന് ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മീനിന്റെ ശരീരത്തിലെ വിര മനുഷ്യനിലേക്കെത്തുന്നത് വഴി അനുഭവപ്പെടുന്ന ശക്തിയായ വയറുവേദനയും ഛര്‍ദിയും അതിസാരവുമാണ് അനിസാകിയാസിസ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറെയും ബാധിച്ചതെന്നാണ് കണ്ടെത്തല്‍. ഇവരില്‍ ശുചിത്വം, വിദ്യാഭ്യാസം, മരുന്ന് ലഭ്യത എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണമാണ് ആവശ്യം. വിരബാധയും അനുബന്ധ പ്രശ്‌നങ്ങളും ലോകാരോഗ്യ സംഘടനയുടെ ‘ഒഴിവാക്കപ്പെടേണ്ട ഉഷ്ണമേഖല പ്രശ്‌ന’ങ്ങളിലാണ് ഇടംപിടിച്ചിട്ടുള്ളത്. അപൂര്‍വ്വ പ്രശ്‌നമായല്ല, സജീവപ്രശ്‌നമായാണ് സുഷി പ്രിയര്‍ക്കിടയില്‍ ഇന്ന് നാടവിരബാധ നിലനില്‍ക്കുന്നത്. ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്!

Share on

മറ്റുവാര്‍ത്തകള്‍