പ്രമേഹം ഗുരുതരമായ രോഗമാണെങ്കിലും ശ്രദ്ധനല്‍കിയാല്‍ ഭക്ഷണം, വ്യായാമം ഇവയിലൂടെ നിയന്ത്രിച്ച് നിര്‍ത്തി ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും
ഇന്ന് ലോക പ്രമേഹദിനം. സ്ത്രീകളും പ്രമേഹവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ലോകത്ത് 199 ദശലക്ഷം സ്ത്രീകള്‍ പ്രമേഹ ബാധിതരാണ്. 2040ഓടെ ഇത് 313 ദശലക്ഷമായി മാറുമെന്നാണ് കരുതുന്നത്. ഓരോ വര്‍ഷവും 2.1 ദശലക്ഷം സ്ത്രീകളാണ് പ്രമേഹം മൂലം മരിക്കുന്നത്. അഞ്ചില്‍ രണ്ട് സ്ത്രീകളും അറുപതുവയസ്സില്‍ താഴെയുള്ളവരാണ്. അതുപോലെ ഏഴില്‍ ഒരു സ്ത്രീക്ക് വീതം ഗര്‍ഭകാല പ്രമേഹവും ബാധിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന വൈകല്യമാണ് പ്രമേഹം വരാന്‍ കാരണം. മതിയായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് കഴിയാതെ വരികയോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ഇന്‍സുലിന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്നത് (indulin resistance) അവസ്ഥയാണിത്.
അല്‍പം ശ്രദ്ധകൊടുത്താല്‍ പ്രമേഹം നിയന്ത്രിച്ച് കൊണ്ടുപോകാന്‍ സാധിക്കും. ടൈപ്പ് 1 പ്രമേഹം ഇന്‍സുലിന്‍ ഉല്‍പ്പാദനം നിലച്ചുപോകുന്നത് മൂലം കുട്ടിക്കാലത്തുതന്നെ ഉണ്ടാകുന്നു. സാധാരണ കാണാറുള്ളത് ടൈപ്പ് 2 പ്രമേഹം ആണ്. ടൈപ്പ് 2 പ്രമേഹത്തിന് പാരമ്പര്യവും ഒരു ഘടകം ആണ്. ഭക്ഷണനിയന്ത്രണവും ജീവിതശൈലി വ്യത്യാസപ്പെടുത്തുക വഴിയും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താം.
മേലനങ്ങാതുള്ള ഇരിപ്പ്, ജങ്ക് ഫുഡുകളും കൊഴുപ്പു കൂടിയ ഭക്ഷണവും കഴിക്കും മധുരപാനീയങ്ങളുടെയും കോളകളുടെയും ഉപയോഗം ഇതെല്ലാം രോഗസാധ്യത കൂട്ടും.
പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹം വരാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം വന്നിട്ടുണ്ടെങ്കിലും ടൈപ്പ് 2 പ്രമേഹം വരാം.
ശരീരഭാരം അമിതമാകാതെ ശ്രദ്ധിക്കണം പുരുഷന്മാര്‍ക്ക് ബോഡി മാസ് ഇന്‍ഡക്‌സ് 22.9 kg/m2ഉം അരവണ്ണം 90 സെന്റിമീറ്ററില്‍ താഴെയും ആയിരിക്കണം സ്ത്രീകളില്‍ അരവണ്ണം 80 സെന്റിമീറ്ററില്‍ കൂടാതെ ശ്രദ്ധിക്കണം. ഭക്ഷണ നിയന്ത്രണവും വ്യായാമവും ശരീരഭാരം കൂടുന്നതു തടയും.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അന്നജം, കൊഴുപ്പ്, മാംസ്യം, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയെല്ലാമടങ്ങിയ ബാലന്‍സ് ഡയറ്റ് പിന്തുടരണം. കൂടുതല്‍ സമയം വിശന്നിരിക്കരുത്. ഭക്ഷണം കഴിക്കാതിരിക്കുന്നതും അപകടമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹ സാധ്യതകള്‍ കൂട്ടും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കഴിക്കുമ്പോള്‍ അധികം കഴിക്കാതെ ഇടനേരങ്ങളില്‍ ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
മുഴുധാന്യങ്ങളും തവിടു കളയാത്ത അരിയും കഴിക്കുക. കലോറി കുറഞ്ഞതും നാരുകള്‍ കൂടുതലടങ്ങിയതുമായ ഭക്ഷണം കഴിക്കണം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം.
ദിവസവും കുറഞ്ഞത് 30 മുതല്‍ 45 മിനിറ്റ് വരെ യോഗ, വ്യായാമം, ചടുലനടത്തം എന്നിവ ശീലമാക്കാം. കാരണം കുത്തിയിരിപ്പ് പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കും.
ഭക്ഷണവും വ്യായാമവും മാത്രമല്ല മതിയായ ഉറക്കവും പ്രധാനമാണ്. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. വൈകിയുറങ്ങുന്നതും വൈകി എണീക്കുന്നതും പ്രമേഹം രക്താതിസമ്മര്‍ദ്ദം ഇവയ്ക്കുള്ള സാധ്യത കൂടും.
കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം.
ആരോഗ്യകരമായ ജീവിതത്തിനായി എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും ശാരീരിക പ്രവര്‍ത്തനം ശീലമാക്കണം. പ്രമേഹം തടയാന്‍ വ്യായാമത്തിനായുള്ള സൗകര്യം എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാക്കണം.
ഗര്‍ഭകാലത്തിന് മുമ്പും ശേഷവും സ്ത്രീകളുടെ ആരോഗ്യത്തിന് ടൈപ്പ് 2 പ്രമേഹം തടയാനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം സ്ത്രീകള്‍ക്ക് ലഭ്യമായിരിക്കണം.
ടൈപ്പ് 1 പ്രമേഹം ഉള്ള സ്ത്രീകളില്‍ ഗര്‍ഭമലസലിന് സാധ്യത ഉള്ളതിനാല്‍ മതിയായ പ്രമേഹ പരിശോധന നടത്തിയിരിക്കണം. പ്രമേഹം ഗുരുതരമായ രോഗമാണെങ്കിലും ശ്രദ്ധനല്‍കിയാല്‍ ഭക്ഷണം, വ്യായാമം ഇവയിലൂടെ നിയന്ത്രിച്ച് നിര്‍ത്തി ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും.