ടെന്നീസ് താരം സെറീന വില്യംസ്, ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി എന്നിവര്‍ക്ക് പിന്നാലെ വീഗന്‍ ഡയറ്റ് ചാര്‍ട്ടിലേക്ക് മാറിയ ഒടുവിലത്തെ സെലിബ്രിറ്റി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുട്ട, പാല് ഉള്‍പ്പടെയുള്ള പ്രോട്ടീനുകള്‍ ഉപേക്ഷിച്ചിട്ട് നാല് മാസം പിന്നിട്ടെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരം പച്ചക്കറി, സോയ, പ്രോട്ടീന്‍ ഷേക്ക് എന്നിങ്ങനെ വീഗനിസത്തില്‍ ഉള്‍പ്പെടുന്ന ഡയറ്റിലേക്ക് മാറിയതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
തികഞ്ഞ മാംസാഹാരിയും ബിരിയാണി പ്രിയനുമായ കോഹ്‌ലി വീഗന്‍ ഡയറ്റിലേക്ക് ചുവടുവെച്ചത് അത്ര എളുപ്പമുള്ള ഉദ്യമം അല്ല. എന്തുകൊണ്ടാകാം വീഗന്‍ ചാര്‍ട്ടിന് ആരാധകര്‍ ഏറുന്നത്?
ചില കാര്യങ്ങള്‍ ഇതാ;
*മൃഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ്, കൊളെസ്‌ട്രോള്‍ എന്നിവയ്ക്ക് പകരം പഴവും പച്ചക്കറിയും ഡയറ്റില്‍ ഇടം നേടുകയാണ് വീഗനിസത്തിലൂടെ. അതിനാല്‍ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിങ്ങനെയുള്ള രോഗങ്ങളുടെ സാധ്യത മങ്ങും.
*നൊബേല്‍ ജേതാവ് ഡോ. എലിസബത്ത് ബ്ലാക്ക്ബണ്‍ (Elizabeth Blackburn), ഡോ. ഡീന്‍ ഓര്‍ണിഷ് (Dean Ornish) എന്നിവരുടെ ഗവേഷണം അനുസരിച്ച്, മൂന്ന് മാസത്തിനകം 500 ജീനുകളുടെ മാറ്റത്തിന് ഈ ഡയറ്റ് കാരണമായിട്ടുണ്ട്. സംരക്ഷകരായ ജീനുകള്‍ ഉണരുന്നത്,രോഗകാരണമായ ജീനുകള്‍ക്ക് വെല്ലുവിളിയാകും. ഹൃദ്രോഗം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നി അസുഖങ്ങള്‍ വരാതിരിക്കാന്‍ ജീനുകള്‍ തന്നെ ശ്രദ്ധിക്കും.
*സസ്യാഹാരികളും മാംസാഹാരികളും വീഗനുകളെക്കാള്‍ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാകാന്‍ സാധ്യത കൂടുതലാണത്രെ. വീഗന്‍ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം,ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവക്കുള്ള സാധ്യത 34% കുറവാണത്രേ!
*വൃക്കകള്‍ക്ക് തകരാറുള്ളവര്‍ മൃഗക്കൊഴുപ്പ് കഴിക്കുന്നത് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. അതേസമയം താരതമ്യേന കുറച്ചുമാത്രം ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങള്‍, പച്ചക്കറി എന്നിവ വൃക്കയുടെ ആരോഗ്യത്തിന് ഉത്തമം ആണ്.
*വാതരോഗങ്ങളോട് പടവെട്ടുന്ന ഡയറ്റായി വീഗന്‍ ചാര്‍ട്ടിനെ കാണാനാകും. 2015ല്‍ കോംപ്ലിമെന്ററി തെറാപ്പീസ് (Complimentary Therapies) മാസിക പ്രസിദ്ധീകരിച്ച പഠനത്തില്‍, മൂന്നാഴ്ചയായി വീഗന്‍ ഡയറ്റ് തുടരുന്ന 600 പേര്‍ പങ്കെടുത്തിരുന്നു. വാതത്തിന് കാരണമാകുന്ന പ്രധാന ഘടകമായ ഇ റിയാക്ടീവ് പ്രോട്ടീന്‍ ഇവരില്‍ കുറഞ്ഞുവരുന്നതായി കണ്ടെത്തി.