ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ചതായും സംശയം.
ആരോഗ്യമേഖലയില്‍ ആശങ്ക പരത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഒരു മാസത്തിനിടെ 450 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. അതിനിടയില്‍ സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ചതായും സംശയം. എറണാകുളത്തു പടര്‍ന്നു പിടിച്ച മഞ്ഞപ്പിത്തവും തുടര്‍ന്നുള്ള മരണങ്ങളുമാണ് ആരോഗ്യവകുപ്പിന്റെ ഈ സംശയത്തിന് നിദാനം.
മഞ്ഞപ്പിത്ത ബാധിത കേസുകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും മൂന്ന് മരണം ഉണ്ടായത് അസ്വാഭാവികമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അനുമാനം. ‘ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണങ്ങളും ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്’ എറണാകുളം ഡി.എം.ഒ എന്‍.കെ കുട്ടപ്പന്‍ പറഞ്ഞു. വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ദ്ധ സംഘം ജില്ലയിലെത്തിയിട്ടുണ്ട്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായുള്ള 439 പേര്‍ക്കാണ് കഴിഞ്ഞ 25 ദിവസത്തിനിടെ ഹെപ്പറൈററീസ് എ അഥവാ മഞ്ഞപ്പിത്തം പിടിപെട്ടത്. രോഗം പിടിപെട്ടവരില്‍ 325 പേരും നെല്ലിക്കുഴി പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ഇതോടെയാണ് രോഗം പടര്‍ത്തുന്ന വൈറസില്‍ അപകടകരമാം വിധമുള്ള ജനിതകമാററം ഉണ്ടോ എന്ന സംശയം ഉയര്‍ന്നത്. പൂനെയില്‍ നിന്നും മണിപ്പാലില്‍ നിന്നുമുള്ള വിദഗ്ദ്ധ സംഘം ഇക്കാര്യം പഠിച്ചുവരികയാണ്. ‘മരണമടഞ്ഞ മൂന്ന് പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ചവരാണ്. എന്നാല്‍ ഇവരുടെ മരണകാരണം ഇത് മാത്രമാണോ എന്ന് വ്യക്തമല്ല. ഡെത്ത് ഓഡിറ്റിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. വിദഗ്ദ്ധ സംഘം ഇക്കാര്യം പരിശോധിച്ച് ഉടനെ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നേ ഏതെങ്കിലും തരത്തില്‍ നടപടികള്‍ സ്വീകരിക്കാനാവൂ’ ഡി.എം.ഒ. പറഞ്ഞു.
നെല്ലിക്കുഴി പഞ്ചായത്തില്‍ പുതുതായി ആരംഭിച്ച ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് മഞ്ഞപ്പിത്തം പിടിപെട്ടവരിലേറെയും എന്ന സംശയവും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കുണ്ട്. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ 14 ഭക്ഷണശാലകള്‍ ചട്ടവിരുദ്ധമായും വൃത്തിഹീനമായ അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി അടപ്പിച്ചു. ഇതില്‍ ഒരു ഭക്ഷണശാലയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. 16നും 18നും ഇടയില്‍ പ്രായമുള്ളവരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയവരിലേറെയും. രോഗം പരത്തുന്ന ഭക്ഷണം കഴിച്ച് 15 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളിലേ രോഗലക്ഷണം പ്രകടിപ്പിക്കൂ. ഇതിനോടകമാകും രോഗം മററുള്ളവരിലേക്ക് പടര്‍ന്നതെന്നും അതിനാല്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുകയും ശീതളപാനീയങ്ങള്‍ കുടിക്കുകയും ചെയ്യുന്നവര്‍ ഏറെ കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഓരോ വീടുകളിലും നേരിട്ടെത്തിയും ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലയിലെ എല്ലാ അനധികൃത ശീതളപാനീയ ശാലകളും അടപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പലയിടത്തും വിതരണം ചെയ്യുന്ന ഭക്ഷണവും വെള്ളവും ഭക്ഷ്യയോഗ്യമല്ലെന്ന് പലതവണ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷം, പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നു എന്നിങ്ങനെ പല കാര്യങ്ങള്‍ കണ്ടെത്തി അത്തരം ഹോട്ടലുകള്‍ക്കെതിരെ നടപടിയുമുണ്ടാവാറുണ്ട്. എന്നാല്‍ ഇവ താല്‍ക്കാലിക നടപടികള്‍ മാത്രമാവുകയാണ് പതിവ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഭക്ഷണ ശാലകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. തുടര്‍ നടപടികളോ തുടര്‍ പരിശോധനകളോ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുമില്ല. ഭക്ഷ്യവിഷബാധയോ, മറ്റ് പകര്‍ച്ച വ്യാധികളോ ചര്‍ച്ചയായി വരുമ്പോള്‍ മാത്രമാണ് വീണ്ടും പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് തയ്യാറാവുന്നതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു.
വേനല്‍ കടുക്കുന്നതോടെ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് അനധികൃതമായും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ ശീതള പാനീയ ശാലകളും അടപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഈ തീരുമാനം പ്രാവര്‍ത്തികമാക്കാനാവുമോ എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് തന്നെ ആശങ്കയുണ്ട്. അതിനാല്‍ ഇത് നടപ്പാക്കുന്നതിനായി റവന്യൂ, പോലീസ് അധികാരികളുടെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
രോഗം പടര്‍ന്നതോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രശ്‌നബാധിത മേഖലകളിലെ ആഘോഷചടങ്ങുകളില്‍ നിന്നും ശീതളപാനീയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.