1992 ഫെബ്രുവരി ഏഴിന്, യൂറോപ്പിനെ ഏകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മാസ്ട്രിച്ച് കരാറിന് (ഔദ്ധ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ കരാര്‍ അഥവ ടിഇയു) യൂറോപ്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ നെതര്‍ലണ്ട്‌സിലെ മാസ്ട്രിച്ചില്‍ വച്ച് ഒപ്പുവച്ചു. 1991 ഡിസംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ കരാറിന്റെ കരടിന് രൂപം കൊടുത്ത യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിന് ഇതേ നഗരം ആതിഥ്യം വഹിച്ചിരുന്നു. 1991ന്റെ രണ്ടാം പകുതിയില്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച ഡച്ച് സര്‍ക്കാര്‍, ലിംബുര്‍ഗ് പ്രവിശ്യയിലുള്ള മാസേ (മെയൂസ്) നദിയുടെ കരയിലുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഒരു ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. യൂറോപ്യന്‍ സമൂഹങ്ങളിലെ പന്ത്രണ്ട് അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് ചര്‍ച്ചകളുടെ കാലം അവസാനിച്ചു എന്ന് രേഖപ്പെടുത്തിക്കൊണ്ട് സ്ഥാനപതികള്‍ എന്ന നിലയില്‍ കരാറില്‍ ഒപ്പുവച്ചു. 1993 നവംബര്‍ ഒന്നിന്, ഡെലോഴ്‌സ് കമ്മീഷന്റെ കാലത്ത് കരാര്‍ നടപ്പിലാവുകയും യൂറോപ്യന്‍ യൂണിയനും ഏക യൂറോപ്യന്‍ നാണയമായ യൂറോയും നിലവില്‍ വരികയും ചെയ്തു. 12 അംഗരാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് യൂറോപ്യന്‍ പൗരത്വം നല്‍കുകയും ചെയ്തു.
‘മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 60 ശതമാനത്തില്‍ താഴെയായി കടങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ താഴെയായി വാര്‍ഷിക കമ്മിയും പരിമിതിപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ ധനകാര്യ നയങ്ങള്‍,’ ആവിഷ്‌കരിക്കേണ്ട ചുമതല കരാര്‍ പ്രകാരം അംഗരാജ്യങ്ങളില്‍ നിക്ഷിപ്തമായി. യൂറോപ്യന്‍ യൂണിയന്റെ സ്തംഭങ്ങള്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന നിബന്ധനകളുടെ സൃഷ്ടിക്കും കരാര്‍ കാരണമായി. യൂറോപ്യന്‍ യൂണിയന്റെ മൂന്ന് സ്തംഭങ്ങളാണ് കരാര്‍ പ്രകാരം സൃഷ്ടിക്കപ്പെട്ടത്. മൂന്ന് യൂറോപ്യന്‍ സമൂഹങ്ങള്‍ക്കായുള്ള രാജ്യാന്തര സ്തംഭം (യൂറോപ്യന്‍ യൂണിയന്‍ സമൂഹം അഥവാ ഇസി, യൂറോപ്യന്‍ കല്‍ക്കരി, സ്റ്റീല്‍ സമൂഹം, യൂറോപ്യന്‍ ആണവോര്‍ജ്ജ സമൂഹം); പൊതു വിദേശ, സുരക്ഷ നയം സംബന്ധിച്ച സ്തംഭം; നീതി, ആഭ്യന്തരകാര്യ സ്തംഭം എന്നിവയായിരുന്നു അവ.
കരാര്‍ അംഗീകരിക്കല്‍ പ്രക്രിയയ്ക്ക് മൂന്ന് രാജ്യങ്ങളില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഡെന്‍മാര്‍ക്കില്‍, 1992 ജൂണ്‍ രണ്ടിന് ആദ്യ ഡാനിഷ്-മാസ്ട്രിച്ച് കരാറിനെ സംബന്ധിച്ച് ജനഹിത പരിശോധന നടന്നെങ്കിലും 50,000 താഴെ മാത്രം പൗരന്മാര്‍ മാത്രം വോട്ട് രേഖപ്പെടുത്തിയതിനാല്‍ കരാറിന് അംഗീകാരം ലഭിച്ചില്ല. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ കരാറിന് ഡെന്മാര്‍ക്ക് ജനത അംഗീകാരം നല്‍കി. 1992 സെപ്തംബറില്‍ ഫ്രാന്‍സില്‍ നടന്ന ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് കരാറിന് അനുകൂലമായി ലഭിച്ചത്. 50.8 ശതമാനം ജനങ്ങള്‍ മാത്രമാണ് കരാറിനെ അനുകൂലിച്ചത്. 1992 സെപ്തംബറില്‍ നാണയ കമ്പോളത്തിലുണ്ടായ തകര്‍ച്ചയ്ക്ക് ഡെന്മാര്‍ക്കിലെയും ഫ്രാന്‍സിലെയും ഹിതപരിശോധന ഫലങ്ങള്‍ ഒരു പരിധിവരെ കാരണമായി. വിനിമയ നിരക്ക് കമ്പോളത്തില്‍ നിന്നും യുകെ പൗണ്ട് പുറത്താകുന്നതിന് നാണയ കമ്പോള തകര്‍ച്ച കാരണമായി. കരാറിലെ സാമൂഹിക വ്യവസ്ഥകളില്‍ നിന്നും ഒഴിവാകാനുള്ള നീക്കത്തെ യുകെയിലെ പ്രതിപക്ഷ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് എംപിമാര്‍ എതിര്‍ക്കുകയും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിടെ മാസ്ട്രിച്ച് വിമതര്‍ കരാറിനെ തന്നെ എതിര്‍ക്കുകയും ചെയ്തു. ജനപ്രതിനിധി സഭയില്‍ വിമതരുടെ എണ്ണം ഔദ്ധ്യോഗിക കണ്‍സര്‍വേറ്റീവ് എംപിമാരെക്കാള്‍ ഭൂരിപക്ഷമാവുകയും സഭയില്‍ ജോണ്‍ മേജര്‍ മന്ത്രിസഭ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുന്നതിന്റെ വക്കോളം എത്തുകയും ചെയ്തു. ബ്രിട്ടീഷ് ഭരണഘടന പ്രകാരം, പ്രത്യേകിച്ചും പാര്‍ലമെന്ററി പരമാധികാരം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം, യുകെയില്‍ കരാറിനുള്ള അംഗീകാരം ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് സംഭവിച്ചത്.