UPDATES

വിദേശം

ആറ് വര്‍ഷത്തെ തടവിന് ശേഷം ഹോസ്‌നി മുബാറക്കിന് മോചനം

ജനാധിപത്യ പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്ത കേസില്‍ 2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കേസില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും മുബാറക്കിനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.

                       

ആറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഈജീപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന് മോചനം. 18 ദിവസത്തെ ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011 ഫെബ്രുവരി 11നാണ് മുബാറക് അധികാരമൊഴിഞ്ഞത്. പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്ത കേസില്‍ 2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കേസില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും മുബാറക്കിനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.

ജനാധിപത്യ പ്രക്ഷോഭത്തിന് ശേഷം അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിന്റെ കാലത്താണ് മുബാറക്കിനെതിരായ വിചാരണ നടപടികള്‍ തുടങ്ങിയത്. 2011 ഓഗസ്റ്റ് മൂന്നിന്. അതേസമയം മുര്‍സി ഗവണ്‍മെന്റിനെ സൈന്യം പിന്നീട് അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. മുബാറക്കിന്റെ പേരില്‍ അഴിമതി കേസുമുണ്ടായിരുന്നു. തടവ് കാലത്തിന്റെ പകുതിയും ആശുപത്രിയിലാണ് ചിലവഴിച്ചത്.

1928 മേയ് നാലിന് ഈജീപ്റ്റില്‍ നൈല്‍ നദീ തീരത്തുള്ള കാഫര്‍ അല്‍ മെസലയിലാണ് ഹോസ്‌നി മുബാറക്കിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഈജീപ്ഷ്യന്‍ മിലിട്ടറി അക്കാഡമിയില്‍ ചേര്‍ന്നു. എയര്‍ഫോഴ്‌സ് പൈലറ്റായി. പിന്നീട് സേനാ മേധാവി വരെയായി. 1975ല്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി. അന്‍വര്‍ സാദത്ത് പ്രസിഡന്റായിരിക്കെയാണ് ഇസ്രയേലുമായി സമാധാന കരാര്‍ ഈജീപ്റ്റ് ഒപ്പുവയ്ക്കുന്നത്. ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവയ്ക്കുന്ന ആദ്യ അറബ് രാജ്യമായിരുന്നു ഈജീപ്റ്റ്്. 1981ല്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ സാദത്തിനെ വധിച്ചപ്പോള്‍ മുബാറക് പ്രസിഡന്‌റായി. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയതിന് രൂക്ഷ വിമര്‍ശനം നേരിട്ടു. മുബാറക്കിന്റെ സ്വേച്ഛാധികാര വാഴ്ച തുടരാന്‍ അമേരിക്കയുടെ വലിയ സഹായമുണ്ടായിരുന്നു.

2005ലലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് മുബാറക്കിന് ആദ്യമായി എതിരാളികളുണ്ടായത്. എന്നാല്‍ നിഷ്പ്രയാസം ജയിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമത്തെ കുറിച്ച് മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും നിരീക്ഷകരുമെല്ലാം സംശയങ്ങളുയര്‍ത്തി. ടുണിഷ്യയിലെ മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭമാണ് ഈജീപ്റ്റിനും പ്രചോദനമായത്. 2011ലെ ജനാധിപത്യ പ്രക്ഷോഭം അന്ത്യം കുറിച്ചത് മുപ്പത് വര്‍ഷം നീണ്ട മുബാറക്കിന്റെ സ്വേച്ഛാധികാര വാഴ്ചയ്ക്കാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍