UPDATES

വിപണി/സാമ്പത്തികം

വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു; എതിരാളികള്‍ക്ക് കനത്ത തിരിച്ചടിയാകും

ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കി വന്‍ കുതിപ്പു നടത്തിയ ജിയോയ്ക്കും നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ എയര്‍ടെല്ലിനുമാണ് ഈ ലയനം തിരിച്ചടിയാകുക

                       

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വൊഡാഫോണ്‍ ഗ്രൂപ്പ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐഡിയ ഉടമസ്ഥരായ ആദിത്യ ബിര്‍ല ഗ്രൂപ്പുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് അറിയുന്നത്.

വൊഡാഫോണിന്റെ മുഴുവന്‍ ഓഹരികളും ഐഡിയയ്ക്ക് കൈമാറാനാണ് നീക്കം. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഐഡിയ ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തെത്തും. ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കി വന്‍ കുതിപ്പു നടത്തിയ ജിയോയ്ക്കും നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ എയര്‍ടെല്ലിനുമാണ് ഈ ലയനം തിരിച്ചടിയാകുക. സൗജന്യം സേവനം പ്രാബല്യത്തില്‍ വന്ന് കേവലം ആറ് മാസം കൊണ്ട് 7.2 കോടി വരിക്കാരെയാണ് ജിയോ നേടിയത്.

വരുംമാസങ്ങളില്‍ എയര്‍ടെല്‍ കനത്ത മത്സരം നേരിടാന്‍ പോകുന്നത് ജിയോയോടായിരിക്കുമെന്ന ധാരണയാണ് ലയന വാര്‍ത്തയോടെ തിരുത്തപ്പെട്ടിരിക്കുന്നത്. നിലവിലെ 32 ശതമാനം വിപണി വരുമാന വിഹിതം എയര്‍ടെല്ലിനാണ്. 19 ശതമാനം വിപണിയുമായി വൊഡാഫോണ്‍ രണ്ടാമതും 17 ശതമാനം വിപണിയുമായി ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. ഇവര്‍ ഒരുമിക്കുന്നതോടെ ഇത് 36 ശതമാനമായി ഒന്നാം സ്ഥാനത്താകും. ഇരു കമ്പനികള്‍ക്കുമായി 39 കോടിയലധികം ഉപഭോക്താക്കളാണ് ഉള്ളത്. ലയനം സാധ്യമായാല്‍ ഇക്കാര്യത്തിലും എയര്‍ടെല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 27 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്.

Share on

മറ്റുവാര്‍ത്തകള്‍