Continue reading “വീണ്ടും കാണാമെന്ന വാക്കോടെ സിനിമാപക്ഷികള്‍ കൂടൊഴിഞ്ഞു”

" /> Continue reading “വീണ്ടും കാണാമെന്ന വാക്കോടെ സിനിമാപക്ഷികള്‍ കൂടൊഴിഞ്ഞു”

"> Continue reading “വീണ്ടും കാണാമെന്ന വാക്കോടെ സിനിമാപക്ഷികള്‍ കൂടൊഴിഞ്ഞു”

">

UPDATES

വീണ്ടും കാണാമെന്ന വാക്കോടെ സിനിമാപക്ഷികള്‍ കൂടൊഴിഞ്ഞു

Avatar

                       

വിഷ്ണു എസ് വിജയന്‍

‘രാവും പകലും സിനിമ മാത്രം…കാണുന്നതും കേള്‍ക്കുന്നതും സിനിമ മാത്രം… വര്‍ഷത്തിലൊരിക്കല്‍ ഇങ്ങോട്ടു വണ്ടി കയറിയില്ലെങ്കില്‍ ഒരു മനസമാധാനം ഉണ്ടാകില്ല’ എറണാകുളത്തുകാരന്‍ ജോണ്‍ തോമസിന്റെ ഈ വാക്കുകള്‍ സിനിമയെ മനസില്‍ കൊണ്ടുനടക്കുന്ന മലയാളി പ്രേക്ഷകന്റെ മൊത്തം വികാരമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ജോണും സുഹൃത്തുക്കളും മുടക്കമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കാളിയാകാന്‍ എത്തുന്നു. ഇത്തവണ ഞങ്ങള്‍ എട്ടുപേരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. സഹോദരിയുടെ വിവാഹാവിശ്യത്തിനായി നാട്ടിലെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിതിനാണ് കൂട്ടത്തിലെ പുതുമുഖം. ഓരോ കൊല്ലവും ചലച്ചിത്രോത്സവത്തിന്റെ മുഖം മാറുകയാണ്. ആദ്യമായി ഇതിന്റെ ഭാഗമായതില്‍ നിന്ന് ഇപ്പോള്‍ എത്രയോ മാറി! സംഘാടനത്തിന്റെ കാര്യത്തില്‍ ഇപ്പോളൊരു അടുക്കും ചിട്ടയുമൊക്കെയുണ്ട്. സിനിമകളും ഒന്നിനൊന്നും മികച്ചതു തന്നെ; തന്നിലെ സിനിമാപ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ ഇരുപതാമത് ചലച്ചിത്രോത്സവത്തെ കുറിച്ച് സന്തോഷത്തോടെ ജോണ്‍ പറഞ്ഞു. 

ആറുദിവസം നീണ്ടു നിന്ന ചലച്ചിത്ര മേളയ്ക്ക് ഇന്നു കൊടിതാഴുമ്പോള്‍ പകല്‍ച്ചൂടിനെ കൂസാതെയും ഇടയ്ക്കിടയ്ക്ക് ശല്യക്കാരാനായൊരു കാണിയെപ്പോലെ വന്നുപോയിക്കൊണ്ടിരുന്ന മഴയെ വകവയ്ക്കാതെയും സിനിമയുടെ ഉന്മാദത്തില്‍ രാപ്പാകല്‍ വ്യത്യാസമില്ലാതെ തലസ്ഥാന നഗരിയുടെ ആവേശമായി മാറിയത് ജോണിനെപ്പോലെയുള്ള പതിനയ്യായിരത്തോളം പ്രേക്ഷകരാണ്. ചുവന്ന ടാഗില്‍ കോര്‍ത്തിട്ട പാസും തോളിലെ ചെറു ചാക്കു സഞ്ചിയുമായി പറഞ്ഞും ചിരിച്ചും തര്‍ക്കിച്ചും വിമര്‍ശിച്ചും അവര്‍ തിരുവനന്തപുരത്ത് നിറഞ്ഞു നിന്നു.

ചില പരാതികള്‍
ചില വോളന്റിയര്‍മാരെ കണ്ടാല്‍ അവരാണ് ചലച്ചിത്രമേള ഒറ്റയ്ക്ക് തോളിലേറ്റി നടത്തുന്നതെന്നു തോന്നും; തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി റാം കെ ദാസിന്റെ പരാതി ഏറെക്കുറെ എല്ലാ ഡെലിഗേറ്റുകളുടെതുമാണ്. ഫെസ്റ്റിവലില്‍ വോളന്റിയര്‍മാര്‍ വഹിക്കുന്ന പങ്കിനെ ചെറുതാക്കി കാണുന്നില്ല. എങ്കിലും അവരില്‍ ചിലരുടെ പെരുമാറ്റം പരുഷവും മര്യാദകെട്ടതുമാണ്. അതുകൊണ്ടാണല്ലോ ഇത്തരമൊരു പരാതി കൂട്ടത്തോടെ ഉയര്‍ന്നുവരുന്നതെന്നും ഡെലിഗേറ്റുകള്‍ പറയുന്നു. സിനിമകാണാന്‍ എത്തുന്ന പ്രേക്ഷകനോട് അവന്റെ ആവേശത്തെ തളര്‍ത്തി കളയുന്ന തരത്തിലുള്ള പെരുമാറ്റമാണ് പലപ്പോഴും വോളന്റിയര്‍മാരില്‍ നിന്നും ഉണ്ടായത്. റിസര്‍വേഷന്‍ ചെയ്തവരോടും അല്ലാത്തവരോടും തിയേറ്ററിനുള്ളിലേക്കു കടത്തിവിടാന്‍ നില്‍ക്കുന്നവര്‍ വളരെ അസുഖകരമായ തരത്തിലായിരുന്നു പ്രതികരിച്ചത്. അടുത്ത തവണയെങ്കിലും കുറച്ച് പക്വതയും ക്ഷമയുമുള്ളവരെ ഉത്തരവാദിത്വപ്പെട്ട ഈ ചുമതല ഏല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നു.

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും തിരുവനന്തപുരത്തെ ഓട്ടോക്കാരെകുറിച്ചുള്ള പരാതിക്ക് കുറവൊന്നും ഇല്ല. മീറ്റര്‍ ഇടാതെ ഓടുക, ഓട്ടം വരണമെങ്കില്‍ റിട്ടേണ്‍കൂലി കൂടെ വേണമെന്നു നിര്‍ബന്ധം പിടിക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ക്ക് ഇത്തവണയും മാറ്റമൊന്നും ഇല്ലായിരുന്നു. ഫെസ്റ്റിവലിനെത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി ഔദ്യോഗിക ഓട്ടോറിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ കയറണമെങ്കില്‍ ഭാഗ്യംകൂടി വേണമെന്നുമാത്രം.

കൈയടിനേടി മലയാള ചിത്രങ്ങളും
നൂറ്റി എണ്‍പതു സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ പതിവുപോലെ പഴി കേട്ടത് മലയാള സിനിമകള്‍ക്കു തന്നെ. നിര്‍ണായകം പോലുള്ള സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടതിന്റെ ആവശ്യമെന്തായിരുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്. ‘ വണ്ടിക്കൂലിയും മുടക്കി ഇവിടെ വന്നത് നിര്‍ണായകം പോലുള്ള സിനിമകള്‍ കാണാന്‍ അല്ല; ബെംഗളൂരു സ്വദേശി അംജിത് തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മലയാള സിനിമകള്‍ക്ക് ഇത്തവണ ഏറെ പ്രശംസയാണ് ഡെലിഗേറ്റുകളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി, ജയരാജിന്റെ ഒറ്റാല്‍, ഡോക്ടര്‍ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, മനു സംവിധാനം ചെയ്ത മണ്‍ട്രോതുരുത്ത് എന്നിവ മേളയുടടെ പ്രിയപ്പെട്ട സിനിമകളായി മാറി. ബംഗ്ലാദേശില്‍ നിന്നുള്ള ജലാല്‍സ് സ്റ്റോറി, ഖസാക്കിസ്താന്‍ ചിത്രം ബൊപാം, ഇറാനിയന്‍ സിനിമയായ ഇമ്മോര്‍ട്ടല്‍, ഇസ്രായേലില്‍ നിന്നുള്ള യോന, ബാംഗാളി ചിത്രമായ സിനിമാവാല, ചിലിയിലെ ക്ലബ് എന്നിവയ്‌ക്കെല്ലാമൊപ്പം മലയാളചിത്രങ്ങള്‍ക്കും നിറഞ്ഞ കൈയടിയാണ് പ്രേക്ഷകനില്‍ നിന്നുണ്ടായത്.

ഉറക്കമില്ലാത്ത സിനിമ പക്ഷികള്‍
ടാഗോര്‍ തിയേറ്ററിലും കൈരളിയിലുമൊക്കെ കഴിഞ്ഞ ആറു ദിവസങ്ങളിലും രാത്രികള്‍ ഇല്ലാതിരുന്നപോലെ. അവിടമാകെ സഞ്ചിയും തൂക്കി പറക്കുന്ന സിനിമാപക്ഷികളുടെ ചിറകടിയൊച്ചകളാല്‍ മുഖരിതമായിരുന്നു. ഓരോ സിനിമകള്‍ക്കുമായുള്ള കാത്തിരുപ്പ് അവര്‍ ആഘോഷമാക്കി. നാടന്‍ പാട്ടുകള്‍ പാടി, നൃത്തം വച്ച്, കഥകള്‍ പറഞ്ഞ്, പൊട്ടിച്ചിരിച്ച്… അതിഥികളെ മോഹിപ്പിക്കാന്‍ തെയ്യവും നാടന്‍പാട്ടുമൊക്കെ ഒരുക്കി സംഘാടകരും മേളയുടെ കൊഴുപ്പുകൂട്ടി. ആഘോഷങ്ങള്‍ മാത്രമല്ല, ഫെമിനസം മുതല്‍ തീവ്രവാദം വരെ അവര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഒന്നുറപ്പാണ്, ഈ ആറുദിവസങ്ങളിലും അവരാരും ഉറങ്ങിയിട്ടുണ്ടാവില്ല. ഇനിയീ ആഘോഷങ്ങളും ബഹളവുമെല്ലാം കാണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കണമല്ലോ… ഫെസ്റ്റിവലിന്റെ ഒഫീഷ്യല്‍ ഓട്ടോ ഡ്രൈവര്‍ ആയ അഷറഫ് നിരാശയോടെ പറയുന്നു.

ചില ജാടകള്‍…അറിവില്ലായ്മകള്‍
ഡെലിഗേറ്റുകളെന്നാല്‍ നിയമങ്ങള്‍ക്ക് അതീതരൊന്നും അല്ലല്ലോ? പൊലീസുകാര്‍ എത്ര സൗഹാര്‍ദ്ദപരമായാണ് ഞങ്ങളോട് ഇടപെട്ടത്. പക്ഷെ സിനിമാകാണാന്‍ വന്നവരില്‍ ചിലരുടെ പ്രകടനങ്ങളാണ് അസ്സഹനീയമായത്. പൊതുസ്ഥലത്ത് പുകവലി പാടില്ലെന്നു നിയമുണ്ടായിട്ടും ഇവിടെ മൊത്തം പുകയായിരുന്നു; രോഷത്തോടെ ഒരു പെണ്‍കുട്ടി പറയുന്നു. ഇവര്‍ എന്താണ് ധരിച്ചിരിക്കുന്നത്, പൊതുസ്ഥലത്ത് പുകവലിച്ചാലെ ബുദ്ധിജീവിയാണെന്നു കാണിക്കാന്‍ പറ്റുവുള്ളെന്നാണോ? തിയേറ്റര്‍ പരിസരങ്ങള്‍ പുകവലി കേന്ദ്രങ്ങളായിക്കിയ ഡെലിഗേറ്റുകളോടുള്ള പ്രതിഷേധം പേരു പറയാന്‍ താത്പര്യം ഇല്ലാതിരുന്ന ആ പെണ്‍കുട്ടി പ്രകടിപ്പിച്ചു.

മേളയ്‌ക്കെത്തുന്നവരെല്ലാം ചലച്ചിത്ര സാക്ഷരതയുള്ളവരാണെന്ന ധാരണ തിരുത്തുന്ന ഒരു കൂട്ടര്‍ കൂടിയുണ്ട്. ജയരാജിനെ ഇപ്പോഴും ഫോര്‍ ദി പീപ്പിളിന്റെ സംവിധായകനായി മാത്രം അറിയുന്ന, സിനിമയുടെ ആശയം മനസ്സിലാക്കാതെ രതിപ്രകടനങ്ങളില്‍ മാത്രം ആസ്വദിക്കാനും നിലവാരമില്ലാത്ത പ്രകടനങ്ങളിലൂടെ ലവ് എന്ന സിനിമയെ കേവലമൊരു അശ്ലീല ചിത്രമായി മാറ്റിക്കളഞ്ഞവരും ചലച്ചിത്രമേളയുടെ കളങ്കമാണ്.

കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഹൃദ്യമായ അനുഭവം തന്നെയായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. സംഘാടനമികവും കൊണ്ടും പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ മേന്മകൊണ്ടും മേള നല്ലപേരു നേടി. ഏഴുദിവസത്തെ ഉത്സവത്തിന് ഇന്നുവൈകുന്നേരത്തോടെ കൊടി താഴുമ്പോള്‍ സിനിമാപക്ഷികള്‍ അവരവരുടെ ചേക്കകളിലേക്ക് തിരിച്ചു പറന്നു തുടങ്ങും. യാത്ര പറയുന്നവരെല്ലാം ഒരേ സ്വരത്തില്‍ ഉറപ്പിച്ചു പറയുന്നു; അടുത്ത തവണ കാണാം… അതുവരെ പ്രിയപ്പെട്ടവരെ…വിട… വീണ്ടും എല്ലാവരും വരുന്നതും കാത്ത് കൈരളിയിലെ അയ്യപ്പന്‍ പടവുകള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഏകാന്തതയിലേക്ക് ചാഞ്ഞു നിവര്‍ന്നു കിടക്കുന്നു…

ഐ എഫ് എഫ് കെ കൂടുതല്‍ ചിത്രങ്ങള്‍

(അഴിമുഖത്തില്‍ ജേര്‍ണലിസം ട്രെയിനിയാണ് വിഷ്ണു)

ചിത്രങ്ങള്‍; അക്ഷയ് രമേശ്‌

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

Share on

മറ്റുവാര്‍ത്തകള്‍