ഒരേ പരാതിക്കാരന്‍, ഒരേ ജഡ്ജി. ജഡ്ജിക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി എന്നുമാത്രമായിരുന്നു ഈ 14 വര്‍ഷത്തിനിടയില്‍ സംഭവിച്ചതെന്ന് വിശ്വസിക്കാതിരിക്കുക. ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാരെ മുഴുന്‍ എഴുന്നേല്‍പ്പിച്ച് നിറുത്താന്‍. എഴുന്നേല്‍ക്കാത്തവരെ തല്ലാനും കൊല്ലാനും ബാക്കിയുണ്ടെങ്കില്‍ ‘നിയമവ്യവസ്ഥ’യ്ക്ക് കൈമാറാനും തയ്യാറായി വരുന്ന കോട്ടിടാത്ത നിയമപാലകര്‍ക്ക് ജനത്തെ കൈമാറാന്‍, അങ്ങനെ ദേശസ്‌നേഹം സ്ഥാപിച്ചെടുക്കാന്‍ ഒരു വിധിയായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള 76-കാരനായ ശ്യാം നാരായണ്‍ ചൗക്‌സെയ്ക്ക് വേണ്ടിയിരുന്നത്.
2002-ല്‍ ഇദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയില്‍ ‘കഭി കുശി കഭി ഗം’ എന്ന സിനിമയ്‌ക്കെതിരെ വിധി സമ്പാദിച്ചത് സിനിമയ്ക്കിടയില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ കണ്ടിരുന്നവര്‍ എഴുന്നേറ്റില്ല എന്ന് ആരോപിച്ചായിരുന്നു. അന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിലാണ് കേസ് പരിഗണനയ്ക്ക് വന്നത്. കരണ്‍ ജോഹര്‍ എന്ന സിനിമ നിര്‍മ്മാതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ വിധി കാറ്റില്‍ പറന്നു. പക്ഷെ ശ്യാം നാരായണ്‍ ചൗക്‌സെ കാത്തിരുന്നു. അതേ ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതിയില്‍ എത്തുന്നത് വരെ. അതേ ബഞ്ചില്‍ തന്നെ അദ്ദേഹത്തിന് തന്റെ പരാതി നല്‍കാന്‍ കഴിഞ്ഞു. ഉത്തരവും വന്നു. സിനിമ കോട്ടയില്‍ ഓരോ സിനിമ കാണിക്കുന്നതിനും മുമ്പ് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ദോഷം പറയുരുത്. ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും ചെറിയ ഒരിളവുണ്ട്. ബാക്കിയുള്ളവര്‍ എഴുന്നേറ്റ് നിന്നേ പറ്റൂ.
ജനം ഞെട്ടിയെന്നു തന്നെ പറയേണ്ടി വരും. പരമോന്നത് നീതിപീഠത്തിന്റെ ഏത് വിധിയാണ് അനുസരിക്കേണ്ടതെന്ന് അവര്‍ക്കറിയില്ല. നോട്ട് നിരോധനത്തിന് ശേഷം ആര്‍ബിഐയുടെ ഏത് നിര്‍ദ്ദേശമാണ് നടപ്പാക്കേണ്ടതെന്ന് ബാങ്കുകാര്‍ക്ക് അറിയാത്തത് പോലെ. സ്‌കൂളില്‍ ദേശീയഗാനം പാടിയപ്പോള്‍ ചില കുട്ടികള്‍ എഴുന്നേറ്റ് നിന്നില്ല എന്ന് പറഞ്ഞ് ഒരു കേസ് സുപ്രീം കോടതി വരെ പോയതാണ്. അന്ന് പരമോന്നത കോടതി പറഞ്ഞത് എഴുന്നേല്‍ക്കാതിരിക്കുന്നത് ബഹുമാനക്കുറവല്ല എന്നാണ്. കൂടെ പാടുന്നതോ പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതോ അല്ല ദേശീയഗാനത്തെ അപമാനിക്കല്‍ എന്ന് അന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. അങ്ങനെ ആരെയും നിര്‍ബന്ധിക്കാന്‍ ആവില്ലെന്നും പറഞ്ഞു വച്ചു. ഇനി ഏത് ജഡ്ജിയെ അനുസരിക്കണം എന്ന് ജനത്തിന് തീരെ തിരിച്ചറിവില്ല.
പക്ഷെ തിരിച്ചറിവ് ഉള്ളവര്‍ ഉണ്ട്. മറ്റുള്ളവരുടെ ഞെഞ്ചില്‍ ചവിട്ടി കാര്യങ്ങള്‍ അനുസരിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണവര്‍. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്നും ആ ശരിക്കുവേണ്ടി മറ്റുള്ളവരെ ശാരീരികമായി അനുസരിപ്പിക്കാമെന്നും കരുതുന്നവര്‍. അവരാണ് ഇപ്പോള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ജഡ്ജി ദീപ്ക മിശ്രയുടെ ഉത്തരവ് നടപ്പാക്കുന്നത്. അവര്‍ക്ക് ആരെയും എന്തും ചെയ്യാം. നിയമം, നീതി എന്നൊന്നും ഒരു നിഘണ്ടുവും അവരെ പഠിപ്പിക്കുന്നില്ല.
ചെന്നൈയില്‍ ഇന്നലെ സംഭവിച്ച കൊടുങ്കാറ്റും കനത്ത മഴയും അവരെ അലട്ടില്ല. അവിടുത്തെ എല്ലാ തിയേറ്ററുകളിലും കയറിയിറങ്ങി ദേശീയഗാനം മുഴക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു അവര്‍. എഴുന്നേല്‍ക്കാതിരുന്നവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടോ എന്നൊന്നും അവര്‍ നോക്കിയില്ല. എട്ടുപേരെ വളഞ്ഞിട്ട് തല്ലി. സാമാന്യം ഭേദമായി തന്നെ. ഇതെന്ത് നിയമം എന്നൊന്നും ചോദിക്കരുത്. പോലീസ് പിടിച്ചത് തല്ലിയവരെയല്ല, തല്ല് കൊണ്ടവരെയാണ്. അവര്‍ക്ക് അത് വേണം എന്ന് സാരം. ദേശസ്‌നേഹം ഇങ്ങനെയൊക്കെയാണ് സംഭവിക്കേണ്ടതെന്നാണ് നാഗ്പൂരില്‍ നിന്നും നമ്മോട് ആഹ്വാനം ചെയ്യുന്നത്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ് നടക്കുന്നത്. മഹത്തായ സിനിമകളാണ് കാണിക്കുന്നത്. ചെറുക്കാനും പ്രതിരോധിക്കാനുമാണ് പഠിക്കേണ്ടത്. പക്ഷെ അങ്ങനെ വേണ്ടന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനിക്കുന്നു. ദേശീയ ഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ കണ്ടു പിടിക്കലാണ് ജനം ടിവിയുടെ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ തുടങ്ങിയവരുടെ ചുമതല. ജനം ടിവിയുടെ റിപ്പോട്ടര്‍ ചൂണ്ടിക്കാണിച്ചു കൊടുത്ത 12 പേരെ നിശാഗന്ധിയില്‍ നിന്നും അറസ്റ്റ് ചെയ്തു. കോടതിയലക്ഷ്യ കുറ്റം ചുമത്തി വിട്ടയച്ചു. കോടതിയുടെ ഏത് ഉത്തരവിന്റെ അലക്ഷ്യം എന്നെങ്കിലും അവരെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടാവണം.
ദേശാഭിമാനത്തെ ഉത്തേജിപ്പിക്കാനാണത്രെ കോടതിയുടെ ഉത്തരവ്. പക്ഷെ പുരുഷന്മാരെ ഉത്തേജിപ്പിക്കുന്ന സിനിമ കാണാന്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ റീഗല്‍ സിനിമ കൊട്ടകയില്‍ എത്തിയവര്‍ എഴുന്നേറ്റില്ല എന്നാണ് കേട്ടത്. വന്നതിന്റെ ഉദ്ദേശം വേറെയാണ്, ഇവിടെ ദേശീയതയ്ക്ക് കാര്യമില്ല എന്ന് അവര്‍ പച്ചയ്ക്ക് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മമത ബാനര്‍ജിയല്ല, പേരുകേട്ട വിപ്ലവകാരി പിണറായി വിജയനാണ് ഭരിക്കുന്നത്. ദേശീയത, നിയമം, നീതിപാലനം ഒക്കെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പ്രധാനമാണ്. അതുകൊണ്ടാണ് യുവമോര്‍ച്ച നേതാവ് പറഞ്ഞയുടന്‍ നിശാഗന്ധിയില്‍ പോലീസ് കേറിയത്. പക്ഷെ ഇത്രയും പ്രത്യയശാസ്ത്ര അസ്‌കിത മമത ബാനര്‍ജിക്ക് ഇല്ലാത്തുകൊണ്ടാവും റീഗല്‍ കൊട്ടകയില്‍ കുറച്ചു കൂടി ജനാധിപത്യം നിലനില്‍ക്കുന്നത്.
ഈ ഐഐഎഫ്‌കെയുടെ ഐശ്വര്യം ജിറി മെന്‍സിലാണ്. അദ്ദേഹം കോസ്ലി ഗാര്‍ഡഡ് ട്രെയിന്‍സ് എന്ന 89 മിനിട്ടുള്ള സിനിമ പിടിച്ചത് 1966-ലാണ്. പിണറായി വിജയന്‍, കുമ്മനം രാജശേഖരന്‍, ജസ്റ്റിസ് ദീപക് മിശ്, ശ്യം നാരായണ്‍ ചൗക്‌സെ തുടങ്ങിയവര്‍ക്കൊന്നും അത് മനസിലാകണം എന്നില്ല. പക്ഷെ, ഈ ജനം ടിവിയിലൊക്കെ ജോലി ചെയ്യുന്ന ചെറുബാല്യക്കാര്‍ക്ക് കണ്ടാല്‍ മനസിലായേക്കും. അങ്ങനെയെ ഇത്തരം കോമാളിത്തരങ്ങള്‍ അവസാനിക്കു. ഇല്ലെങ്കില്‍ സായിപ്പ് അതിര്‍ത്തി വരച്ച ദേശീയതയില്‍ തൂങ്ങി ഇനിയും ഉത്തേജിതരായിക്കൊണ്ടേ ഇരിക്കാം.
(മാധ്യമപ്രവര്‍ത്തകനാണ് ശരത് കുമാര്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)