രാജസ്ഥാനിലും തെലങ്കാനയിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സാധാരണയായി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുന്ന പതിവില്ല. പരസ്യപ്രചാരണത്തിന് വൈകീട്ട് അഞ്ച് മണിക്ക് തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ വിലക്കാണ്. എന്നാല്‍ അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അമിത് ഷാ വാര്‍ത്താസമ്മേളനം വിളിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. രാജസ്ഥാന്‍ ബിജെപിക്ക് വളരെ നിര്‍ണായകമാണ്. അവസാനദിവസങ്ങളില്‍ മോദി രാജസ്ഥാനില്‍ കാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. രാജസ്ഥാനിലും മറ്റൊരു നിര്‍ണായക സംസ്ഥാനമായ മധ്യപ്രദേശിലും ബിജെപിയുടെ നില പരുങ്ങലിലാണ് എന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഇന്ന് വൈകീട്ട് നിയമസഭ തിരഞ്ഞെടുപ്പ് പൂര്ർത്തിയായ ശേഷം വിവിധ ഏജന്‍സികളും ചാനലുകളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടും.
റാഫേലില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി വരാനിരിക്കുന്നു. നിരവധി ചോദ്യങ്ങളും സംശയങ്ങളും കരാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉന്നയിച്ചിരുന്നു. വ്യോമസേന മേധാവി അടക്കമുള്ളവരെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിനെതിരായ വിഷയങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍, ബിജെപിക്ക് വിവാദ അഗസ്റ്റവെസ്റ്റ്‌ലാന്റ് കരാറിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കിട്ടിയിരിക്കുന്നു. അഗസ്റ്റവെസ്റ്റ്്‌ലാന്റില്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ആര്‍ക്കൊക്കെ എതിരെ എന്തൊക്ക വിവരങ്ങള്‍ പറയുമെന്ന് അറിയില്ല എന്നാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്. സാധാരണ ഇത്തരം അന്താരാഷ്ട്ര കരാറുകളില്‍ അഴിമതി ആരോപണം ഉയരുമ്പോള്‍ ഇടനിലക്കാര്‍ അടക്കമുള്ള ആരോപണവിധേയരെ വിചാരണയ്ക്കായി കൊണ്ടുവരാന്‍ കഴിയാറില്ല. ഇതിനാല്‍ ക്രിസ്റ്റിയന്‍ മിഷേലിനെ വിചാരണയ്ക്കായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് മോദി സര്‍ക്കാരിന് നേട്ടമായി അവകാശപ്പെടാം. എന്നാല്‍ വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ വിദേശത്തേയ്ക്ക് മുങ്ങിയ വായ്പാ തട്ടിപ്പുകാര്‍ക്കെതിരെയൊന്നും യാതൊരു നടപടിയുമെടുക്കാനോ വിചാരണയ്ക്കായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനോ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മെഹുല്‍ ചോക്‌സി യുഎസിലുള്ള കാര്യവും ആന്റിഗ്വയിലേയ്ക്ക് പോകാന്‍ തീരുമാനിച്ച കാര്യവും സംബന്ധിച്ച് സിബിഐയ്ക്ക് യുഎസ് ഏജന്‍സികളില്‍ നിന്ന് കൃത്യമായ വിവരമുണ്ടായിരുന്നു. എന്നാല്‍ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലേയ്ക്ക് പോയി അവിടത്തെ പൗരത്വവും നേടിയ ശേഷമാണ് സിബിഐ എക്‌സ്ട്രാഡിഷന്‍ അപേക്ഷയുമായി മുന്നോട്ടുപോകുന്നത്.
കൊല്‍ക്കത്തയില്‍ അമിത് ഷായുടെ രഥയാത്രയ്ക്ക് ഹൈക്കോടതി അനുമതി നിഷേധിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ ഞായറാഴ്ച വിഎച്ച്പിയുടെ മെഗാറാലി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ്, ഡല്‍ഹിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലുള്‍പ്പെടെ പ്രകോപനമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് വരുന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ത്ങ്ങള്‍ നിസഹായരാണ് എന്നാണ് പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ദ ഹിന്ദുവിനോട് പറഞ്ഞത്.
യുപിയിലെ ബുലന്ദ്ഷഹറില്‍ ഗോവധത്തിന്റെ പേരിലുണ്ടാക്കിയ കലാപവും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിന്റെ കൊലപാതകവും ആസൂത്രിതമായാണെന്ന് ആരോപണമുയര്‍ന്നു. ദാദ്രിയില്‍ ബീഫിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്. പ്രതികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ബജ്രംഗ് ദള്‍ നേതാവും ബിജെപി പ്രവര്‍ത്തകരുമുണ്ട്.
ബിജെപി എംപി ഭോലാ സിംഗും ആര്‍എസ്എസ് അനുകൂല ചാനലായ സുദര്‍ശന്‍ ടിവിയും ബുലന്ദ്ഷഹര്‍ കലാപത്തിന് ഉത്തരവാദികള്‍ മുസ്ലീങ്ങളാണ് എന്ന പ്രചാരണം നടത്തി. മുസ്ലീങ്ങള്‍ പശുവിനെ കൊല്ലുന്നത് കണ്ടു എന്നാണ് മുഖ്യപ്രതിയായ ബജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് പറയുന്നത്. ആദ്യം പശുവധം പിന്നീട് ഇന്‍സ്‌പെക്ടറുടെ കൊലപാതകം അന്വേഷിക്കാം എന്നാണ് ബുലന്ദ്ഷഹര്‍ പൊലീസ് പറയുന്നത്.
2014 ലോക്ഭ തിരഞ്ഞെടുപ്പിന് മുമ്പായി 2013 സെപ്റ്റംബറില്‍ യുപിയിലെ മുസഫര്‍നഗറില്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപത്തിന് സമാനമായ ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത് എന്ന വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. 2014ല്‍ യുപിഎ സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമടക്കം നിരവധി ഘടകങ്ങള്‍ ബിജെപിക്ക് അനുകൂലമായി വന്നിരുന്നു. എന്നാല്‍ 2019ല്‍ വര്‍ഗീയ ധ്രുവീകരണവും ഹിന്ദു വോട്ടുകളുടെ ഏകീകരണവും മാത്രമാണ് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള വഴി എന്ന് കരുതുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ് അയോധ്യ പ്രശ്‌നം സംബന്ധിച്ച് ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും രാമക്ഷേത്ര നിര്‍മ്മാണം തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ ഉപയോഗിച്ചു.
https://www.azhimukham.com/india-tensions-intolerance-on-mosque-dispute-lead-bulandshahr-violence-cow-slaughter-communal-polarisation-mob-violence-riot-police-inspector-murder-conspiracy/
https://www.azhimukham.com/india-what-is-behind-amitshahs-confidence-loksabhaelection2019/