മോഡേണ്‍ അസോള്‍ട്ട് റൈഫിളുകളുടെ ഓര്‍ഡര്‍ ഇന്ത്യന്‍ ആര്‍മി 2.5 ലക്ഷമാക്കി വെട്ടിച്ചുരുക്കുന്നു. ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇത് എന്നാണ് സൈന്യം പറയുന്നത്. മതിയായ ബജറ്റ് ഇല്ലാത്തതുകൊണ്ടാണ് ഇതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ആര്‍മിക്ക് ആവശ്യമുള്ളത് എട്ട് ലക്ഷം റൈഫിളുകളാണ് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു. ഇതിന് 2.5 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 16,761 കോടിയിലധികം ഇന്ത്യന്‍ രൂപ) ചിലവ് വരും. സൈന്യത്തിന്‍റെ ആധുനികവത്കരണം ലക്ഷ്യമിട്ടും കൂടുതല്‍ ഉപയോഗപ്രദമായ ആയുധനങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുമാണ് നീക്കം എന്നാണ് അവകാശപ്പെടുന്നത്.
ആര്‍മിയുടെ ആയുധങ്ങള്‍ക്കുള്ള അടിയന്തരാവശ്യം നിറവേറാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന കാലതാമസമാണ് എന്ന പരാതിയുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആയുധങ്ങള്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കവും തടസമുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത ഇന്‍സാസ് തോക്കുകള്‍ക്കൊപ്പം നാല് ലക്ഷത്തോളം കലാഷ്‌നിക്കോവുകളും ഉപയോഗിക്കാനാണ് സൈന്യത്തിന്റെ പദ്ധതി. 1990കളില്‍ അവതരിച്ച ഇന്‍സാസ് തോക്കുകള്‍ക്ക് പകരം പുതിയ തോക്കുകള്‍ക്കായുള്ള ആവശ്യമാണ് വിദേശത്ത് നിന്ന് കൂടുതല്‍ റൈഫിളുകള്‍ വാങ്ങുന്നതിലേയ്ക്ക് നയിച്ചത്. ഏത് സാമ്പത്തിക പ്രതിസന്ധിയിലും പ്രതിരോധ ബജറ്റില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകാറില്ല എന്നിരിക്കെയാണ് സൈന്യം ആവശ്യമായ റൈഫിളുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതായുള്ള റിപ്പോര്‍ട്ട്.