കര്‍ണാടക ഹൈക്കോടതിയെ ഞെട്ടിച്ചൊരു സംഭവമാണ് ബുധനാഴ്ച്ച നടന്നത്. ചീഫ് ജസ്റ്റീസിന്റെ മുന്നില്‍ വച്ച് പരാതിക്കാരനായൊരു 51 കാരന്‍ തന്റെ കഴുത്ത് മുറിച്ച് ആത്മഹത്യശ്രമം നടത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 12.15 ഓടെയാണ് നാടകീയ സംഭവങ്ങള്‍ കോടതിക്കുള്ളില്‍ നടക്കുന്നത്. ചീഫ് ജസ്റ്റീസ് എന്‍ വി അഞ്ജാരിയ, ജസ്റ്റീസ് എച്ച് ബി പ്രഭാകര ശാസ്ത്രി എന്നിവര്‍ക്ക് മുന്നിലായിരുന്നു എസ് ചിന്നം ശ്രീനിവാസ എന്നയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യക്കൊപ്പമാണ് ശ്രീനിവാസ കോടതിയില്‍ എത്തിയത്. ഇവരുടെ കേസ് വിളിച്ചതിനു പിന്നാലെയായിരുന്നു ട്രൗസറിന്റെ പോക്കറ്റില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ശ്രീനിവാസ സ്വയം കഴുത്തറത്തത്. ചീഫ് ജസ്റ്റീസ് ഉടന്‍ തന്നെ പൊലീസിനെ വിളിക്കുകയും, പൊലീസ് അയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ജസ്റ്റീസ് എച്ച് ബി ശാസ്ത്രി സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദിവസം തന്നെയാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതും. ഇത്തരമൊരു സംഭവം തന്നെ ആശങ്കാകുലനാക്കുന്നുവെന്നും, എങ്ങനെയാണ് സുരക്ഷ പരിശോധനകള്‍ മറികടന്ന് അയാള്‍ കോടതിക്കുള്ളില്‍ ആയുധം കൊണ്ടുവന്നതെന്നും ജസ്റ്റീസ് ശാസ്ത്രി ചോദിച്ചു.
ശ്രീനിവാസയെ ബൗറിംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണുള്ളതെന്നും ശ്രീനിവാസയുടെ അന്നനാളത്തിന് മുറിവേറ്റിട്ടുണ്ടെന്നും പൊലീസ് വിവരം നല്‍കുന്നു.
ഹൈദരാബാദ് ആസ്ഥാനമായൊരു നിര്‍മാണ കമ്പനിക്കെതിരേ 2021 ല്‍ മൈസൂരില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ ചാര്‍ജ് ചെയ്ത എഫ് ഐ ആര്‍ കര്‍ണാടക ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഈ വിധിയില്‍ ദമ്പതിമാര്‍ നിരാശരായിരുന്നു. നിര്‍മാണ കമ്പനി തങ്ങളെ കബളിപ്പിച്ച് 93 ലക്ഷം തട്ടിയെടുത്തുവെന്നായിരുന്നു ശ്രീനിവാസയുടെ പരാതി. സിവില്‍ കേസ് ആയതിനാല്‍, കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി ശ്രീനിവാസയോട് നിര്‍ദേശിച്ചിരുന്നത്. ശ്രീനിവാസയുടെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസ് മനസിലാക്കിയ കാര്യങ്ങളാണിത്. ശ്രീനിവാസ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ വിധാന്‍ സൗധ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.