സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കം ചെയ്തതുമായ ബന്ധപ്പെട്ട പ്രതിസന്ധികള്‍ മൂര്‍ച്ചിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അടുപ്പക്കാരനായ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൈക്കൂലി കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സിബിഐ തന്നെ അദ്ദേഹതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് വര്‍മയെ മാറ്റിയത്. റാഫേല്‍ വിമാന കുംഭകോണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സിബിഐ ഒരുങ്ങുന്നുവെന്ന സംശയമാണ് വര്‍മയെ മാറ്റുന്നതിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചെങ്കിലും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്ന എന്ന സൂചനയാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.
അലോക് വർമയുടെ വീടിന്റെ പരിസരത്ത് ചാരപ്രവർത്തനത്തിനെത്തിയ നാല് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതാണ് ഇതില്‍ പ്രധാനം. ഇവരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പൊലീസ് പിടികൂടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. പിടികൂടിയ ശേഷം പൊലീസ് ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിന്റെ ഫോട്ടോ സഹിതമാണ് ദി വയറിന്റെ റിപ്പോർട്ട്. പിടിയിലായവരുടെ പേരുവിവരങ്ങൾ, ആധാർ നമ്പർ, പാൻ കാർഡ് നമ്പർ എന്നിവയും വയറിന്റെ പക്കലുണ്ടെങ്കിലും അവ പുറത്തു വിട്ടിട്ടില്ല.
ആരുടെ താൽപര്യപ്രകാരമാണ് ഇന്റലിജൻസിന്റെ ഈ നടപടിയെന്ന് വ്യക്തമല്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഇവരെന്ന് ആരോപണമുയരുന്നുണ്ട്.
ഇന്ന് വെളുപ്പിനെ നാലു മണിയോടെയാണ് സംഭവം. തന്നെ നീക്കം ചെയ്ത കേന്ദ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അലോക് വർമ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതിനു പിന്നാലെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്നും പിടികൂടിയത്. ഇവർ അലോക് വർമയുടെ വീടിനടുത്ത് കാർ നിർത്തി അലക്ഷ്യമായി കറങ്ങി നടക്കുകയായിരുന്നു.
രണ്ട് കാര്യങ്ങളാണ് ഇവരുടെ ഉദ്ദേശ്യം സംബന്ധിച്ച് സംശയിക്കപ്പെടുന്നത്. ഒന്ന്, രഹസ്യ റെക്കോർഡിങ് ഉപകരണം സ്ഥലത്ത് സ്ഥാപിക്കുക. രണ്ട്, അലോക് വർമയുടെ വീട്ടിലേക്ക് വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കുക. കഴിഞ്ഞദിവസമാണ് സിബിഐ ഡയറക്ടറായ ആലോക് വർമയെയും സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയെയും കേന്ദ്ര സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്.
Modi and his entire coterie of top officials are so scared that they sent spies to Alok Verma’s residence? Verma’s constables drag IB men out. Shocking visuals. National Security Advisor, IB Chief, and the PMO must answer this utter illegality of using government power. pic.twitter.com/BY1qotE0ds
— Vinod K. Jose (@vinodjose) October 25, 2018
അലോക് വർമയുടെ പ്രതികരണം
തന്നെ രഹസ്യമായി നിരീക്ഷിക്കാനുള്ള പദ്ധതിയെ ‘വിന്റേജ് ഗുജറാത്ത് മോഡൽ’ എന്നാണ് അലോക് വർമ വിശേഷിപ്പിച്ചതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ സ്വയംഭരണാവകാശം അപഹരിക്കപ്പെടുകയാണെന്നും അലോക് വര്‍മ പറഞ്ഞിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം മേധാവി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട അലോക് വര്‍മ്മ ഈ വാദം ഉന്നയിച്ചത്. കേസുകളിലെ അന്വേഷണം സര്‍ക്കാരിന് അനുകൂലമാക്കാൻ ശ്രമം നടക്കുന്നതായും അലോക് വര്‍മ പറയുന്നു. പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു. ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്ന് അലോക് വര്‍മ്മ നീക്കിയത്. ജോയിന്റ് ഡയറക്ടര്‍ എം. നാഗേശ്വറ റാവുവിനാണ് പുതിയ ചുമതല. ഇതിനെയും അലോക് വര്‍മ ഹര്‍ജിയില്‍ ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ നടന്ന നാടകീയമായ നീക്കത്തിലൂടെയായരുന്നു കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മയെ അടിയന്തിരമായി നീക്കിയത്. കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മറ്റിയാണ് അര്‍ധരാത്രിയില്‍ ഈ തീരുമാനമെടുത്തത്. കമ്മറ്റിയുടെ തീരുമാനപ്രകാരം നാഗേശ്വര്‍ റാവു ഐപിഎസ്, സിബിഐ ഡയറക്ടര്‍ സ്ഥാനം അടിയന്തിരമായി ഏറ്റെടുക്കുമെന്ന് മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്.
സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ നടപടിയെടുത്തതാണ് നിലവിലെ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് വിനയായത്. കേസില്‍ പെട്ട അസ്താനയെ എല്ലാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു കഴിഞ്ഞദിവസം സിബിഐ. 1986 ബാച്ച് ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനാണ് പുതിയ ഡയറക്ടര്‍ എം നാഗേശ്വര റാവു.
ഭരണസംവിധാനം തകർന്നു; പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ മോദിക്കെതിരെ വാദങ്ങളുയരും
ഈ മാസം അവസാനത്തിൽ ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾ അലോക് വർമയെ നീക്കം ചെയ്ത നടപടി ചർച്ചയാക്കാൻ ഇടയുണ്ട്. സർക്കാർ ഭരണം സംവിധാനം തകിടം മറിഞ്ഞെന്നതിന് പ്രധാന ഉദാഹരണമായി സിബിഐയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെടും. സിബിഐയുടെ ചരിത്രത്തിലിന്നു വരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സിബിഐയെ രാഷ്ട്രീയവിദ്വേഷം തീർക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാരെന്ന വാദം നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്നതാണ്. ഈ വാദത്തിന് ശക്തി പകരാൻ ഇപ്പോഴത്തെ പ്രശ്നങ്ങൾ പ്രതിപക്ഷത്തെ സഹായിക്കും. റാഫേൽ കരാറിലെ അഴിമതി പുറത്തു കൊണ്ടുവരാൻ അലോക് വർമ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വിനയായതെന്ന് കഴിഞ്ഞദിവസം പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
പതിനഞ്ചാം സാമ്പത്തിക കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് എല്ലാ പ്രതിപക്ഷ പാർട്ടി മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുള്ളത്. പതിനഞ്ചാം സാമ്പത്തിക കമ്മീഷൻ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷത്തിന് അഭിപ്രായമുണ്ട്.
https://www.azhimukham.com/india-prashantbhushan-yashwantsinha-arunshourie-approach-supremecourt-seeking-court-monitored-cbi-probe-rafale-deal/
https://www.azhimukham.com/edit-when-modi-turning-cbi-a-gujarat-model-through-rakesh-asthana/
https://www.azhimukham.com/transformation-cbi-gbi-aravind-kejrival-office-raid-editorial/
https://www.azhimukham.com/edit-cbi-modi-amit-shah-and-fate-of-justice-loya-this-is-india/