UPDATES

മായാവതിയെയും ഭൂപീന്ദർ സിങ്ങിനെയും ലക്ഷ്യം വെച്ച് സിബിഐ; 110 കേന്ദ്രങ്ങളിൽ റെയ്ഡ്

ലോക്‌സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേയ്ക്ക് കടക്കുകയും യുപിയില്‍ ബി എസ് പിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുമ്പോളാണ് മായാവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

                       

ആയുധക്കടത്ത്, അഴിമതി തുടങ്ങിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്ത് 119 കേന്ദ്രങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാക്കളിലേക്ക് ലക്ഷ്യം വെക്കുന്ന തെളിവുകളാണ് സിബിഐ തേടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിഎസ്പി നേതാവ് മായാവതി, കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂദ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയാണ് ഈ റെയ്ഡുകൾ ലക്ഷ്യം വെച്ചിരിക്കുന്നത്.

ഈ റെയ്ഡുകളുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകള്‍ സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. കേസുകളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. റെയ്ഡുകൾ അവസാനിക്കുംവരെ വിവരങ്ങൾ പുറത്തുവിടില്ലെന്നാണ് സൂചന.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന പഞ്ചസാര മില്ലുകളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് മായാവതിക്കെതിരെ ഇപ്പോൾ എടുത്തു പ്രയോഗിക്കുന്നത്. ഇക്കഴിഞ്ഞ് ഏപ്രിൽ മാസത്തിൽ മായാവതിക്കെതിരെ സിബിഐ കേസ്സെടുത്തിരുന്നു. 21 പഞ്ചസാര മില്ലുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് ക്രമക്കേട് ആരോപിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഖജനാവിന് 1179 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. യുപി സ്റ്റേറ്റ് ഷുഗര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മില്ലുകളാണിവ.

ലോക്‌സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേയ്ക്ക് കടക്കുകയും യുപിയില്‍ ബി എസ് പിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുമ്പോളാണ് മായാവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് എന്ന് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി രമാചല്‍ രാജ്ഭര്‍ ആരോപിച്ചിരുന്നു, തുച്ഛമായ വിലക്ക് പഞ്ചസാര മില്ലുകള്‍ വിറ്റ് പൊതുഖജനാവിന് നഷ്ടമുണ്ടാക്കി എന്നാണ് 2013ലെ സിഎജി റിപ്പോര്‍ട്ട് പറയുന്നത്. 2018 ഏപ്രിലില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. മായാവതിയുടേയും ബി എസ് പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടേയും നിര്‍ദ്ദേശപ്രകാരമാണ് പഞ്ചസാര മില്ലുകളുടെ വില്‍പ്പന നടത്തിയത് എന്നാണ് മുന്‍ മന്ത്രി നസീമുദ്ദീന്‍ സിദ്ദിഖി 2017ല്‍ പറഞ്ഞത്. അതേസമയം സിദ്ദിഖി മാത്രമാണ് ഉത്തരവാദി എന്നായിരുന്നു മായാവതി പറഞ്ഞത്.

ഹരിയാന മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭൂപീന്ദർ സിങ് ഹൂദ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അഴിമതിയാണ് അന്വേഷണവിധേയമാക്കുന്നത്. 2009ല്‍ നടന്ന ഭൂമി ഇടപാടാണിത്. ലഖ്നൗ, ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നു.

ജനുവരി മാസത്തിലാണ് ആദ്യമായി സിബിഐ ഭൂപീന്ദർ സിങ്ങിനെതിരെ റെയ്ഡ് നടപടികൾ ആദ്യമായി നടത്തിയത്. 2005 ല്‍ പാഞ്ച്കുലയില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) നിയമവിരുദ്ധമായി ഭൂമി നല്‍കിയെന്നാണ് കേസ്. ഈ കേസുമായ് ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഹൂദയുടെ അഴിമതികൾ പുറത്തു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

Share on

മറ്റുവാര്‍ത്തകള്‍