UPDATES

വാര്‍ത്തകള്‍

മോദിയുടെ സത്യവാങ്മൂലത്തിൽ നിന്ന് ഗാന്ധിനഗറിലെ ഭൂമി അപ്രത്യക്ഷമായതെങ്ങനെ? സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി

2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ഈ ഭൂമി മോദി വാങ്ങിയിരിക്കുന്നത്.

                       

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രധാനപ്പെട്ട ചില വിവരങ്ങൾ മറച്ചുവെച്ചെന്ന് കാണിച്ച് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. സാകേത് ഗോഖലെ എന്ന ഒരു മുൻ‌ മാധ്യമപ്രവര്‍ത്തകനാണ് ഈ ഹരജി സമര്‍പ്പിച്ചതെന്ന് ദി കാരവാൻ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഒരു മാർക്കറ്റിങ് കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2007ൽ മോദി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ള ഒരു ആസ്തിയെക്കുറിച്ചാണ് തന്റെ ഹരജിയിൽ പറഞ്ഞിരിക്കുന്നത്.

2007ലെ സത്യവാങ്മൂലത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ സെക്ടർ 1, പ്ലോട്ട് 411ന്റെ ഉടമ താനാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള സത്യവാങ്മൂലങ്ങളിൽ ഈ പ്ലോട്ടിനെക്കുറിച്ച് പരാമർശമില്ല. 2012ലെയും 2014ലെയും സത്യവാങ്മൂലങ്ങളിൽ ഈ പ്ലോട്ട് മോദിയുടെ ഉടമസ്ഥതയിലുള്ളതായി പറയുന്നില്ല. ഓരോ വർഷവും പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ നൽകിയിരുന്ന സ്വത്തുവിവരങ്ങളിലും ഈ പ്ലോട്ടിനെക്കുറിച്ച് പറയുന്നില്ല. ലഭ്യമായ രേഖകൾ പറയുന്നതു പ്രകാരം ഈ ഭൂമി ഇപ്പോഴും മോദിയുടെ കൈവശമാണുള്ളതെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.

2012 മുതലുള്ള മോദിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ പ്ലോട്ട് 401/A-യുടെ നാലിലൊന്നിന്റെ ഉടമ താനെന്ന് മോദി പറയുന്നുണ്ട്. എന്നാൽ ഗാന്ധിനഗറില്‍ ഇത്തരമൊരു പ്ലോട്ട് ഉള്ളതായി ഗുജറാത്ത് റെവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ഭൂരേഖകളിൽ പറയുന്നില്ല.

ഇതേ ഭൂമിയെക്കുറിച്ച് മറ്റൊരാളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും കാണാം. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2006ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്ലോട്ട് 401ന്റെ ഉടമയാണെന്ന് അവകാശപ്പെടുന്നുണ്ട്. താൻ മാത്രമാണ് ഈ ഭൂമിയുടെ ഉടമയെന്നാണ് സത്യവാങ്മൂലം. പിന്നീട് ഇദ്ദേഹം സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിലും ഈ ഭൂമിയെക്കുറിച്ച് പരാമർശമില്ല. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്ലോട്ട് 401/A-യുടെ നാല് ഉടമകളിലൊരാളാണ് താനെന്ന് ഇദ്ദേഹവും പറയുന്നുണ്ട്. ഈ ഭൂമി തനിക്ക് പതിച്ചുതന്നമത് ഗാന്ധിനഗർ ‘മാമ്‌ലാത്ദാറാ’ണെന്നും സത്യവാങ്മൂലത്തിൽ ജെയ്റ്റ്‌ലി പറയുന്നു. ജില്ലാ കളക്ടറുടെ കീഴിൽ ഭൂരേഖകൾ കൈകാര്യം ചെയ്യുന്ന അധികാരിയാണ് മാമ്‌ലാത്ദാർ. നിലവിൽ ലഭ്യമായ രേഖകൾ പറയുന്നവതു പ്രകാരം ഈ ഭൂമിയുടെ ഏക ഉടമ ജെയ്റ്റ്‌ലിയാണ്.

ഗാന്ധിനഗറിലെ കണ്ണായ സ്ഥലമാണ് സെക്ടർ 1. ഈ സ്ഥലത്ത് രാഷ്ട്രീയനേതാക്കളാണ് സ്ഥലമുടമകളെന്ന് റിപ്പോർട്ട് പറയുന്നു. അമിത് ഷാ, ജന കൃഷ്ണമൂർത്തി തുടങ്ങിയ ബിജെപി നേതാക്കളാണ് ഇവിടെ സ്ഥലം കൈയടക്കിയിരിക്കുന്നത്. തന്റെ ആദ്യത്തെ സത്യലവാങ്മൂലത്തിൽ തന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ട് 411 താൻ വാങ്ങിയത് 1.3 ലക്ഷം രൂപയ്ക്കാണെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്നത്തെ വിപണിവില പ്രകാരം 1.18 കോടി രൂപയെങ്കിലും ഈ ഭൂമിക്ക് വരും. 2007ലെ സത്യവാങ്മൂലത്തിൽ ഈ ഭൂമിയിലെ കെട്ടിടത്തിനായി താൻ 30,363 രൂപ ചെലവിട്ടെന്നും മോദി പറഞ്ഞിരുന്നു.

ഈ വിശദാംശങ്ങളൊന്നും തന്നെ മോദിയുടെ പിന്നീടുള്ള സത്യവാങ്മൂലങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി ഒത്തുപോകുന്നില്ല. പിന്നീട് മോദി സത്യവാങ്മൂലം സമർപ്പിക്കുന്നത് 2012ലാണ്. പ്ലോട്ട് 411നു പകരം ഇതിൽ പ്ലോട്ട് 401/A ആണ് കാണാൻ കഴിയുക. ഈ ഭൂമിയുടെ നാലിലൊരു ഭാഗത്തിന്റെ ഉടമയാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, പ്ലോട്ട് 411 ഇതിനിടയിൽ വിൽക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് രേഖകളുടെ പിൻബലത്തോടെ ദി കാരവാൻ റിപ്പോർട്ട് സമർപ്പിക്കുന്നു. ഈ രേഖകൾ പ്രകാരം മോദി തന്നെയാണ് ഈ ഭൂമിയുടെ ഇപ്പോഴത്തെ ഉടമ.

2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ഈ ഭൂമി മോദി വാങ്ങിയിരിക്കുന്നത്. എന്നാൽ, ഏതുവിധേനയാണ് ഈ ഭൂമി താൻ സ്വന്തമാക്കിയതെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.

2014ലെ തെരഞ്ഞെടുപ്പിൽ തന്റെ സത്യവാങ്മൂലത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി താൻ പ്ലോട്ട് 401/A-യുടെ നാലിലൊന്ന് ഉടമസ്ഥത സ്വന്തമാക്കിയത് മെയ് 2003ലാണെന്ന് പറയുന്നുണ്ട്. ഈ ഭൂമിയുടെ ആകെ വലിപ്പ് 14,240 സ്ക്വയര് ഫീറ്റാണെന്നും ജയ്റ്റ്‌ലി വിശദീകരിച്ചിരിക്കുന്നു. തന്റെ ഷെയറിനായി 2.45 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിലെ കെട്ടിടം പണിയാൻ 1.9 ലക്ഷം ചെലവിട്ടെന്നും ജയ്റ്റ്‌ലി പറയുന്നു. നിലവിൽ ഈ ഭൂമിക്ക് ഏതാണ്ട് 1.19 കോടി രൂപ വിലയുണ്ടാകും. എന്നാൽ 2014നു ശേഷമുള്ള പബ്ലിക് ഡിക്ലറേഷനുകളിൽ ഈ പ്ലോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കാണാനില്ലെന്നത് ശ്രദ്ധേയമാണ്.

Share on

മറ്റുവാര്‍ത്തകള്‍