രാഷ്ട്രനിര്‍മ്മാണം, വര്‍ഗീയത, സമ്പദ്‌വ്യവസ്ഥ, സാമൂഹ്യനീതി, ശാസ്ത്രം, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ കത്തുകളില്‍ നെഹ്രു കൊണ്ടുവന്നു. ഇന്നത്തെ ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കത്തുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
ഇന്ത്യയുടെ ഓരോ പ്രധാനമന്ത്രിക്കും അവരുടേതായ ആശയവിനിമയ രീതികളുണ്ടായിരുന്നു. കാലവും സാങ്കേതികവിദ്യയുമെല്ലാം സ്വാഭാവികമായും രീതികളില്‍ മാറ്റം വരുത്തുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും റേഡിയോ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അത് ഇപ്പോഴും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഉപാധിയായി തുടരുന്നത് കൊണ്ടാണത്. ട്വീറ്റുകളും റേഡിയോ പരിപാടിയും റാലികളിലെ പ്രസംഗങ്ങളുമാണ് മോദിക്ക് ഇഷ്ടപ്പെട്ട ആശയവിനിമയ രീതികള്‍. നെഹ്രുവിന് ഏറ്റവും ഇഷ്ടപ്പെട്ട രീതി കത്തുകളായിരുന്നു. അന്നത്തെ ഏറ്റവും വലുതും സാദ്ധ്യവുമായ ആശയവിനിമയ മാദ്ധ്യമവും അതായിരുന്നു.
ഒരു ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥിതിയെ ആരോഗ്യകരമായും ബഹുമാനത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഏക്കാലവും ശ്രദ്ധിച്ചിരുന്ന നെഹ്രു 1947 ഓഗസ്റ്റ് മുതല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയയ്ക്കുന്ന പതിവ് തുടങ്ങി. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് നെഹ്രു കത്തുകളില്‍ എഴുതിയത്. രാഷ്ട്രനിര്‍മ്മാണം, വര്‍ഗീയത, സമ്പദ്‌വ്യവസ്ഥ, സാമൂഹ്യനീതി, ശാസ്ത്രം, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ കത്തുകളില്‍ നെഹ്രു കൊണ്ടുവന്നു. ഇന്നത്തെ ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കത്തുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഇത്തരത്തില്‍ ബോംബെ മുഖ്യമന്ത്രിയായിരുന്ന വൈബി ചവാന് അയച്ചതടക്കം നെഹ്രുവിന്റെ മൂന്ന് കത്തുകള്‍ നോക്കാം. ഇതില്‍ രണ്ടെണ്ണത്തില്‍ ദേശീയത, വര്‍ഗീയത, ന്യൂനപക്ഷ അവകാശങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രതിപാദിക്കുന്നത്. മൂന്നാമത്തെ കത്ത് രാജ്യത്തെ ശുചീകരണ തൊഴിലാളികളെ കുറിച്ചുള്ളതാണ്. സ്വച്ഛ് ഭാരത് സംബന്ധിച്ച അവകാശവാദങ്ങള്‍ക്കും വാചാടോപങ്ങള്‍ക്കും അപ്പുറം ശുചീകരണത്തൊഴിലാളികളുടെ ജീവിതത്തിന് കാര്യമായ മാറ്റമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
1950 മാര്‍ച്ച് ഒന്ന് – ന്യൂനപക്ഷങ്ങളും രാജ്യത്തോടുള്ള കൂറും
ഇന്ത്യ പുരോഗതി നേടണമെങ്കില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പുരോഗതിയുണ്ടാകണം. ഹിന്ദുമഹാസഭ അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ ഇതിനെതിരാണ്. ഹിന്ദുമഹാസഭയുടെ നയം ഇന്ത്യയ്ക്ക് വിനാശകരമാണെന്ന കാര്യത്തില്‍ സംശയമില്ല. വിഭജനം റദ്ദാക്കണമെന്ന അവരുടെ ആവശ്യം ബുദ്ധിശൂന്യമാണ്. നമുക്ക് അത് ചെയ്യാനാവില്ല, അതിന് ശ്രമിക്കുകയും അരുത്. ഏതെങ്കിലും കാരണവശാല്‍ വിഭജനം റദ്ദായാല്‍ അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുക. ഹിന്ദുമഹാസഭ വിഭാവനം ചെയ്യുന്ന തരത്തിലുള്ള അഖണ്ഡ ഭാരതം ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
മുസ്ലീങ്ങളോട് രാജ്യത്തോട് കൂറ് പുലര്‍ത്താനും പാകിസ്ഥാനോട് അനുഭാവം പുലര്‍ത്തുന്നത് നിര്‍ത്താനുമെല്ലാം ആവശ്യപ്പെടുന്ന ചിലര്‍ നമുക്കിടയിലുണ്ട്. ഇത്തരത്തില്‍ ഒരു സമുദായത്തോട് കൂറ് ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് എന്തിനോടെങ്കിലും കൂറുണ്ടാവുന്നത് അയാള്‍ ജീവിക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വളരെ സ്വാഭാവികമായാണ്. ഇത്തരമൊരു വികാരം ഉണ്ടാക്കാന്‍ സഹായകമായ അവസ്ഥ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വബോധം ഉറപ്പാക്കുകയും അവര്‍ അന്യവത്കരിക്കപ്പെടുന്നത് ഒഴിവാക്കുകയുമാണ് പ്രശ്‌ന പരിഹാരത്തിനായി ചെയ്യാനുള്ളത്.
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബോംബെ മുഖ്യമന്ത്രി വൈ ബി ചവാനോടൊപ്പം (1957)
1953 സെപ്റ്റംബര്‍ 20 – സങ്കുചിത ദേശീയതയുടെ അപകടങ്ങള്‍
ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതാവസ്ഥ മോശമാകുന്നതായാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഭരണഘടന മികച്ചതാണ്. നിയമങ്ങളിലോ ചട്ടങ്ങളിലോ നിയന്ത്രണങ്ങളിലോ എന്തെങ്കിലും വിവേചനം അത് കാണിക്കുന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥതലത്തിലും ഭരണസംവിധാനത്തിലും അതുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കുറഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും ഇത് പരിതാപകരമായ അവസ്ഥയിലാണ്. ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ന്യൂനപക്ഷ വിഭാഗക്കാരായവരും ഉണ്ടെന്നത് ശരി തന്നെ. വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും നമുക്ക് ന്യൂനപക്ഷ പ്രാതിനിധ്യമുണ്ട്. എന്നാല്‍ മറ്റ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകള്‍ അടക്കമുള്ളവയില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം തീര്‍ത്തും കുറവാണെന്നത് എന്ന അസ്വസ്ഥനാക്കുന്നു.
സൈനിക വിഭാഗങ്ങളില്‍ മുസ്ലീം പ്രാതിനിധ്യമുണ്ടോ എന്നത് തന്നെ സംശയമാണ്. ഡല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ വളരെ കുറച്ച് മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. പ്രവിശ്യകളിലും സംസ്ഥാനങ്ങളിലും താരതമ്യേന ഇത് ഭേദമാണെങ്കിലും വലിയ മെച്ചമില്ല. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികളുണ്ടാവുന്നില്ല എന്നതാണ് എനിക്ക് ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്നത്. വര്‍ഗീയത രാജ്യത്തെ ഏറ്റവും അപകടകരമായ പ്രവണതയാണ്. അതിനോട് ഒരു തരത്തിലും സന്ധി ചെയ്യാനാവില്ല. എന്നാല്‍ ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ സാമുദായിക സന്തുലനം ഏറെ പ്രധാനപ്പെട്ടതാണ്. ഈ സന്തുലനം ഇല്ലാതാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇത് ഒട്ടും തന്നെ ഗുണകരമല്ല.
ദേശീയത എന്ന് പറയുന്നത് വ്യക്തിയെ സംബന്ധിച്ചായാലും രാഷ്ട്രത്തെ സംബന്ധിച്ചായാലും വളരെ വലിയൊരു വികാരമാണ്. ഒരു രാജ്യം വിദേശ കൊളോണിയല്‍ ഭരണത്തിന് കീഴിലാകുമ്പോള്‍ ദേശീയത എന്ന് പറയുന്നത് ജനങ്ങളെ ഐക്യപ്പെടുത്തുന്ന ശക്തിയാണ്. അതേസമയം ദേശീയത വളരെ സങ്കുചിതവും അപകടകരവുമാകുന്ന സാഹചര്യങ്ങളുണ്ട്. യൂറോപ്പില്‍ സംഭവിച്ചപോലെ അത് ആക്രമണോത്സുകവും സ്വേച്ഛാധിപത്യപരവുമാകും. മറ്റ് രാജ്യങ്ങള്‍ക്കും മറ്റ് ജനസമൂഹങ്ങള്‍ക്കും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യും. താന്‍ മറ്റുള്ളവരേക്കാള്‍ മെച്ചപ്പെട്ടവനാണെന്ന തോന്നല്‍ ഏറിയും കുറഞ്ഞും എല്ലാ മനുഷ്യര്‍ക്കുമുണ്ടാകും. കരുത്തും അധികാരവും നേടുമ്പോള്‍ തങ്ങളെ മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത അവര്‍ക്കുണ്ടാകും. ജര്‍മ്മനിയിലും ജപ്പാനിലുമെല്ലാം ഇതാണ് സംഭവിച്ചത്.
തങ്ങളാണ് രാഷ്ട്രം എന്ന ധാരണയില്‍ ഭൂരിപക്ഷം ന്യൂനപക്ഷത്തെ കൈകാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാകുന്നു. ജാതിയുടെ വിഭാഗീയതയുടേയും ദുഷിച്ച പാരമ്പര്യമുള്ള ഇന്ത്യയില്‍ ഇത് കൂടുതല്‍ അപകടകരമാണ്. വര്‍ഗീയ സംഘടനകള്‍ ദേശീയതയുടേയും ദേശീയ ഐക്യത്തിന്റേയും പേര് പറഞ്ഞ് രാജ്യത്തെ കൂടുതല്‍ വിഭജിക്കാനും നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം ശക്തികളെ നമ്മള്‍ ചെറുക്കേണ്ടതുണ്ട്.
1960 ജൂണ്‍ 12 – ചൂലുകളെക്കുറിച്ച്
താങ്കള്‍ ഒരു പക്ഷെ അത്ര പ്രധാനപ്പെട്ടതായി കരുതാത്ത ഒരു പ്രശ്‌നത്തെ സംബന്ധിച്ചാണ് ഈ കത്ത്. പ്രത്യേകിച്ച് നമ്മള്‍ വലിയ പ്രശ്‌നങ്ങളും പദ്ധതികളും കൈകാര്യം ചെയ്യുന്ന ഈ സമയത്ത്. എന്നാല്‍ ഈ പ്രശ്‌നം വലിയൊരു അടിസ്ഥാന പ്രശ്‌നമായി തന്നെ ഞാന്‍ കരുതുന്നു. നമ്മുടെ വീടുകളിലും അതുപോലെ ശുചീകരണ തൊഴിലാളികളും ഉപയോഗിക്കുന്ന ചൂലുകളെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. സാധാരണഗതിയില്‍ നമ്മുടെ ചൂലുകള്‍ കുനിഞ്ഞ് നിന്നുകൊണ്ടേ ഉപയോഗിക്കാനാവൂ. ശാരീരികമായി ഏറെ ബുദ്ധിമുട്ടാക്കുന്നതാണ് ഇവ. എന്നാല്‍ തോട്ടി പോലെ നീളന്‍ വടികളില്‍ ഘടിപ്പിച്ച ചൂലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യപ്രദമാവും. നിവര്‍ന്ന് നിന്നുകൊണ്ട് തന്നെ വൃത്തിയാക്കാം. ലോകത്ത് എല്ലായിടത്തും ഇത്തരത്തില്‍ നീളന്‍ ചൂലുകളും ബ്രഷുകളുമാണ് ശുചീകരണത്തിനായി ഉപയോഗപ്പെടുത്തുന്നത്.
1946 ജൂണില്‍ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോ – തെരുവുകളും മുറ്റവും വീടുകളും അടിച്ചുവാരുന്ന ചൂലുമായി ഇന്ത്യയിലെ തൊട്ടുകൂടായ്മ അനുഭവിക്കുന്ന അവര്‍ണജാതിക്കാരന്‍ എന്നാണ് എപിയുടെ ക്യാപ്ഷന്‍.
ഇന്ത്യയിലെ ഒരു അവര്‍ണജാതിക്കാരന്‍ ചൂലുമായി നിലത്തിരിക്കുന്ന ഫോട്ടോ എന്ന് പറഞ്ഞ് 1946ല്‍ അസോസിയേറ്റഡ് പ്രസ് കൊടുത്തിരുന്നു. വീടുകളിലെ ഇത്തരം ചൂല്‍ ഉപയോഗത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ചൂലുകള്‍ സംബന്ധിച്ചാണ്. വലിയ തോതിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായവ. മാലിന്യം ശേഖരിക്കാന്‍ ആവശ്യമായ പാത്രങ്ങളടക്കം എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ലഭ്യമാകണം. തൊഴിലാളികള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം. യൂണിഫോം ഉറപ്പാക്കണം. താങ്കളുടെ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളുമായും മുനിസിപ്പാലിറ്റികളുമായും ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നടപടികള്‍ എടുക്കാനും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത് കൃഷിക്കാരുടെ കലപ്പയെ കുറിച്ചാണ്. 50ഓ 60ഓ രൂപ വില വിരുന്ന കലപ്പകള്‍. ഇതേക്കുറിച്ച് ഞാന്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്ത് വലിയ മുന്നേറ്റങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിക്കുമ്പോഴും ഇത്തരം അടിസ്ഥാന കാര്യങ്ങളെ കുറിച്ച് നമ്മള്‍ ശ്രദ്ധിക്കുന്നില്ല. കൃഷിക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൃഷി സാദ്ധ്യമാക്കാനും കാര്‍ഷിക ഉല്‍പ്പാദനം കൂട്ടാനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
(ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ഫണ്ട് പ്രസിദ്ധീകരിച്ച സെലക്റ്റഡ് വര്‍ക്‌സ് ഓഫ് ജവഹര്‍ലാല്‍ നെഹ്രു എന്ന പുസ്തകത്തില്‍ നിന്ന്)