UPDATES

ഇന്ത്യ

കേന്ദ്രവുമായുള്ള പോരില്‍ മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം; നാടകമെന്ന് സിപിഎം

ഇത് ബിജെപിയും മമതയും കളിക്കുന്ന നാടകമാണ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

                       

ചിട്ടി തട്ടിപ്പ് കേസുകളില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സിബിഐ നീക്കങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ പ്രതിപക്ഷ ചേരിയെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് എന്ന് ബോധ്യത്തിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ ഫാഷിസ്റ്റ് ശക്തികളെ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തുമെന്നാണ്.

ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്തത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ ജനാധിപത്യത്തെ മോദി സര്‍ക്കാര്‍ പരിഹാസ്യമാക്കുന്നു എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.

ബി എസ് പി അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ കക്ഷി നേതാക്കളും മമതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രതിപക്ഷ ഐക്യ റാലിക്കെത്തിയവരും അല്ലാത്തവരും മമതയ്ക്ക് പിന്തുണയുമായെത്തി. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളും ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര സഖ്യത്തിന് ശ്രമം നടത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും. ഇതുവരെ പക്ഷം വ്യക്തമാക്കാത്ത ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും മാത്രമാണ് നിശബ്ദത പാലിച്ചത്.

ബിജെപിയില്‍ നിന്ന് ഇന്ത്യയേയും തൃണമൂലില്‍ നിന്ന് ബംഗാളിനേയും രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് സിപിഎം ഉയര്‍ത്തുന്നത്. ഇത് ബിജെപിയും മമതയും കളിക്കുന്ന നാടകമാണ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. തൃണമൂലിനെതിരെയുള്ള അഴിമതി കേസുകള്‍ വര്‍ഷങ്ങളായി നിലവിലുള്ളതാണ്. മോദി സര്‍ക്കാര്‍ ഈ അഴിമതിക്കെതിരെ നിശബ്ദത പാലിച്ചത് ബിജെപിയുടെ പ്രമുഖ നേതാവ് ഇതില്‍ പങ്കാളിയായതിനാലാണ്. എന്തെങ്കിലും തത്വാധിഷ്ഠിത നിലപാടുകളുടെ പേരിലുള്ള പോരാട്ടമൊന്നും അല്ലെന്നും യെച്ചൂരി പറഞ്ഞു.

Related news


Share on

മറ്റുവാര്‍ത്തകള്‍