April 19, 2025 |
Share on

മോദിക്കെതിരെ പ്രതിഷേധത്തിന് സാധ്യത: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തെലങ്കാനയിലെ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്താണ് പരിപാടി മാറ്റിവച്ചത്.

100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റി വച്ചു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുന്നില്‍കണ്ടാണ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കേണ്ടിയിരുന്ന സയന്‍സ് കോണ്‍ഗ്രസിന്റെ 105ാമത് എഡിഷന്‍ മാറ്റിവച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിയന്ത്രിക്കാനാവില്ലെന്നും സയന്‍സ് കോണ്‍ഗ്രസ് വേദി മാറ്റണമെന്നും സര്‍വശാല അധികൃതര്‍ അറിയിച്ചിരുന്നു. സയന്‍സ് കോണ്‍ഗ്രസ് മാറ്റി വച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ (ഐ എസ് സി എ) പ്രസിഡന്റ് ഡോ.അച്യുത് സമന്തയില്‍ നിന്നുള്ള വിവര പ്രകാരമാണിത്. രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനം കൂടിയാണ് ഇന്ത്യന്‍ സയന്‍ കോണ്‍ഗ്രസ്.

ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തെലങ്കാനയിലെ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്താണ് പരിപാടി മാറ്റിവച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സയന്‍സ് കോണ്‍ഗ്രസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്താന്‍ കഴിയില്ലെന്ന് വൈസ് ചാന്‍സലര്‍ തങ്ങളെ അറിയിച്ചതെന്ന് ഐ എസ് സി എ ജനറല്‍ സെക്രട്ടറി പ്രൊഫ.ഗംഗാധര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് നേരത്തെ ഉണ്ടാകാത്ത അനുഭവമാണ്. 21കാരനായ എംഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ത്ഥി എരമിന മുരളി ഡിസംബര്‍ മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാനയിലെ തൊഴില്‍ പ്രശ്‌നത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നുണ്ട്. ശക്തവും അക്രമാസക്തവുമായ പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നും പരിപാടി തടസപ്പെട്ടേക്കാമെന്നും സുരക്ഷാ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പരിപാടി മാറ്റി വച്ച കാര്യം തനിക്കറിയില്ലെന്നാണ് വൈസ് ചാന്‍സലര്‍ പ്രൊഫ.എസ് രാമചന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അടുത്ത ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നും പറയുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വിവി ശ്രീനിവാസ റാവു കാമ്പസിലെത്തി സയന്‍സ് കോണ്‍ഗ്രസ് വേദികളാകേണ്ട എ, സി ഗ്രൗണ്ടുകള്‍ പരിശോധിച്ചിരുന്നു. ദലിത്, ഒബിസി, ന്യൂനപക്ഷ, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മോദിക്കെതിരെയും ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയര്‍ത്താന്‍ ഒരുങ്ങുന്നു എന്നാണ് അദ്ദേഹത്തിന് കിട്ടിയ വിവരം. ഇതനുസരിച്ച് സര്‍ക്കാരിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

മാര്‍ച്ച് 31ന് മുമ്പ് മറ്റൊരു വേദിയില്‍ മറ്റൊരിടത്ത് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കാനാവില്ലെന്ന് പ്രൊഫ.ഗംഗാധര്‍ പറയുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സയന്‍സ് കോണ്‍ഗ്രസ് വേദി ഒരു വര്‍ഷം മുമ്പ് തീരുമാനിക്കുന്നതാണ്. ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ് നടന്ന ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പൊസിഷന്‍സില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒസ്മാനിയ സര്‍വകലാശാല ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

×