UPDATES

ഇന്ത്യ

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ജ.ചന്ദ്രചൂഡ്; വീട്ടുതടങ്കല്‍ നാലാഴ്ചത്തേയ്ക്ക് നീട്ടി; എസ്‌ഐടി അന്വേഷണമില്ല

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ദൃശ്യമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുകയുമാണ്. സാങ്കേതികത്വങ്ങളുടെ പേരില്‍ അര്‍ഹമായ നീതി നിഷേധിക്കുന്നത് ശരിയല്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

                       

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസ് നടപടി രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പേരിലുള്ളതെന്നുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ആക്ടിവിസ്റ്റുകളെ മോചിപ്പിക്കപ്പണമെന്നും അറസ്റ്റില്‍ എസ് ഐ ടി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികും അടക്കമുള്ള നാല് പേര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്, മഹാരാഷ്ട്ര പൊലീസിന്റെ കേസ് അന്വേഷണത്തേയും അറസ്റ്റ് നടപടികളേയും രൂക്ഷമായി വിമര്‍ശിച്ചത്. അറസ്റ്റ് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷമിക്കണമെന്ന ആവശ്യത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് അനുകൂലിച്ചു. അതേസമയം ചന്ദ്രചൂഡിന്റെ വിയോജിപ്പോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് എസ്‌ഐടി അന്വേഷണമെന്ന ആവശ്യം തള്ളുകയും ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്ചയ്ക്ക് കൂടി നീട്ടുകയും ചെയ്തു.

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ദൃശ്യമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുകയുമാണ്. സാങ്കേതികത്വങ്ങളുടെ പേരില്‍ അര്‍ഹമായ നീതി നിഷേധിക്കുന്നത് ശരിയല്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് താല്‍പര്യമുള്ള മാധ്യമങ്ങള്‍ക്ക് പ്രത്യേകം ചില വിവരങ്ങള്‍ നല്‍കി പൊതുജനാഭിപ്രായം രൂപീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വാര്‍ത്താസമ്മേളനം നടത്തിയതില്‍ പൊലീസിനെ വീണ്ടും ചന്ദ്രചൂഡ് വിമര്‍ശിച്ചു. നേരത്തെ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യത്തില്‍ മഹാരാഷ്ട്ര പൊലീസിനെ വിമര്‍ശിച്ചിരുന്നു. ഒരു ടിവി ചാനല്‍ (റിപ്പബ്ലിക് ടിവി) അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളായ സുധ ഭരജ്വാജിന്റെ കത്ത് എന്ന് അവകാശപ്പെട്ട് കത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിയുംവിധം ചോര്‍ത്തിനല്‍കിയതിനെ ചന്ദ്രചൂഡ് വിമര്‍ശിച്ചു. ഇത് അന്വേഷണത്തെ ബാധിക്കുന്നതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നത് അനുവദിക്കാനാവില്ല. ജനപ്രീതി കുറവായതുകൊണ്ട് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. അറസ്റ്റില്‍ എസ്‌ഐടി അന്വേഷണം അനിവാര്യമാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

വരാവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്ലാഖ എന്നിവരെയാണ് ഭീമ കൊറിഗാവ് കലാപം ആസൂത്രണം ചെയ്തെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ച് ഓഗസ്റ്റ്‌ 28ന് അറസ്റ്റ് ചെയ്തത്. ഭീക കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിയാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പൊലീസിന്‍റെ ആരോപണം. ഇവരടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകളില്‍ പൂനെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മാവോയിസ്റ്റ് ബന്ധവും കലാപത്തിന് പിന്നിലെ ആസൂത്രണവും വ്യക്തമാക്കുന്ന വിവരങ്ങള്‍ റെയ്ഡില്‍ കണ്ടെടുത്തതായി പൊലീസ് അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇവര്‍ പങ്കാളികളാണ് എന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം തന്‍റെ കത്ത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജമായതാണ് എന്ന് സുധ ഭരദ്വാജ് വ്യക്തമാക്കിയിരുന്നത്.

സുധ ഭരദ്വാദിനെ അറസ്റ്റ് ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പബ്ലിക് ടിവി ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഈ കത്തുകളുടെ ആധികാരികത സംശയകരമാണ്.
കോടതി വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം നിന്നില്ലെങ്കില്‍ അത് സ്വാതന്ത്ര്യത്തിന്റെ മരണമായിരിക്കും രേഖപ്പെടുത്തുക. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ സേഫ്റ്റി വാല്‍വ് ആണ് എന്ന് ചന്ദ്രചൂഡ്, കേസ് ആദ്യം പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു. മുഴുവന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തെളിവില്ലെന്നും കെട്ടിച്ചമച്ച കേസ് ആണെന്നും വ്യക്തമായാല്‍ കേസ് തള്ളുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം അന്വേഷണ ഏജന്‍സി കേസ് എങ്ങനെ അന്വേഷിക്കണം എന്ന് നിര്‍ദ്ദേശിക്കാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. ഇത് രാഷ്ട്രീയപ്രേരിതമായ അറസ്റ്റ് ആണെന്ന് പറയാനാകില്ല. എസ് ഐ ടി അന്വേഷണം അനുവദിക്കാനാവില്ല. പ്രതികള്‍ക്ക് നിയമപരമായ മറ്റ് വഴികള്‍ തേടാമെന്നും ഖാന്‍വില്‍ക്കര്‍ പറഞ്ഞു.

“കത്ത് വ്യാജനിർമിതി”: വീട്ടുതടങ്കലിൽ നിന്ന് സുധ ഭരദ്വാജിന്റെ പ്രതികരണം

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

ഇവര്‍ ഗാന്ധിയേയും തടവിലാക്കിയേനെയെന്ന് രാമചന്ദ്ര ഗുഹ; സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രാഹുല്‍ ഗാന്ധിയും

Share on

മറ്റുവാര്‍ത്തകള്‍