തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആസ്തി 20.60 കോടി രൂപ. അതേസമയം തന്റെ തൊഴിലായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് കൃഷി എന്നാണ്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചന്ദ്രശേഖര റാവു ഇക്കാര്യം പറയുന്നത്. ഗജ്വേല്‍ മണ്ഡലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ റാവു ജനവിധി തേടുന്നത്. തന്റെയോ ഭാര്യയുടേയോ പേരില്‍ വാഹനങ്ങളൊന്നുമില്ല എന്നാണ് റാവു പറയുന്നത്. അതേസമയം ആഡംബര കാറുകളില്‍ വലിയ വാഹനവ്യൂഹവുമായാണ് റാവു പലപ്പോഴും സഞ്ചരിക്കുന്നത്.
റാവുവിന്റെ പേരില്‍ 10.40 കോടിയുടെ ജംഗമ സ്വത്തുക്കളും ഭാര്യയുടെ പേരില്‍ 94.5 ലക്ഷത്തിന്റെ ജംഗമ വസ്തുക്കളും ഉണ്ടെന്നാണ് പറയുന്നത്. സ്ഥാവര വസ്തുക്കളായി റാവുവിന്റെ പേരില്‍ 6.50 കോടി രൂപയുടെ കൃഷി ഭൂമി അടക്കം 12.20 കോടി രൂപയുടെ സ്വത്തുണ്ട്. 2017 – 18ല്‍ 91.52 ലക്ഷം രൂപ കൃഷി വരുമാനമടക്കം 2.07 കോടിരൂപയുടെ വാര്‍ഷിക വരുമാനമാണ് ചന്ദ്രശേഖര്‍ റാവു റിട്ടേണിംഗ് ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാന ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ 4.71 കോടി രൂപയുടെ ഓഹരിയുണ്ട്. ബാങ്കുകളില്‍ 5.63 കോടി രൂപയുടെ നിക്ഷേപമുണ്ട്. അണ്‍സെക്വേര്‍ഡ് ലോണുകളുടെ ബാധ്യത 8.88 കോടി രൂപ വരും.
തെലങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 64 കേസുകളുണ്ട്. ഇതിലൊന്നും സമന്‍സ് വരുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയസമഭ തിരഞ്ഞെടുപ്പ് വരുന്നത് ഒഴിവാക്കുന്നതിനായി സെപ്റ്റംബര്‍ ആറിന് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. നിയമസഭയ്ക്ക് ഒമ്പത് മാസം കാലാവധി ബാക്കിയുള്ളപ്പോളായിരുന്നു, ഈ നീക്കം. 119 അംഗ തെലങ്കാന നിയമസഭയിലേയ്ക്ക് ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണും.