UPDATES

ബ്ലോഗ്

സൈനികനീക്കത്തെ തെരഞ്ഞെടുപ്പ് അജണ്ടയാക്കുന്ന ‘നമോ’ തന്ത്രം; മിന്നലാക്രമണത്തെക്കുറിച്ച് ജനങ്ങളോട് പറയാൻ പ്രധാനമന്ത്രി തെരഞ്ഞെടുത്ത വേദി ബിജെപി റാലി

രാജ്യത്തിന്റെ പ്രധാനമന്ത്രി പുലർത്തേണ്ടുന്ന അന്തസ്സ് എന്താണെന്നും അതെങ്ങനെയായിരിക്കണമെന്നുമുള്ള ചോദ്യത്തിന് മുൻകാലങ്ങളിൽ ആ പദവിയിൽ കഴിഞ്ഞവർ ചൂണ്ടിക്കാട്ടിയ ചില വഴക്കങ്ങളുണ്ട്.

Avatar

ഗിരീഷ്‌ പി

                       

ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ മിന്നലാക്രമണം നടത്തിയതിനു ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസ്തുത വിഷയത്തിൽ ഒരു പ്രസ്താവന നടത്തുന്നത് എന്തുകൊണ്ടും സ്വാഗതം ചെയ്യപ്പെടേണ്ട കാര്യമാണ്. രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിക്കാൻ സൈന്യത്തിന് കഴിഞ്ഞെന്ന് രാജ്യത്തോട് പറയേണ്ടത് അതിനെ നയിക്കുന്നയാൾ തന്നെയാകണം. സൈന്യത്തോടും രാജ്യത്തോടുമുള്ള ജനങ്ങളുടെ വിശ്വാസവും കൂറും ഉറപ്പിക്കാൻ പ്രധാനമന്ത്രിക്ക് ചുമതലയുണ്ട്. ആ ജോലി അദ്ദേഹം നിർവ്വഹിക്കുന്നതിനെ പഴിക്കാൻ ശത്രുരാജ്യത്തോടൊപ്പം നിൽക്കുന്നവർക്കേ സാധിക്കൂ.

എന്നാൽ, ഈ ചുമതല നിർവ്വഹിക്കാൻ പ്രധാനമന്ത്രി തെരഞ്ഞെടുക്കുന്ന വേദി എന്തായിരിക്കണം? ഇതിൽ പ്രത്യേകിച്ചൊരു കീഴ്‌വഴക്കമൊന്നും ആരും ചൂണ്ടിക്കാട്ടുന്നില്ല. എങ്കിലും സുപ്രധാനമായ ഇത്തരം കാര്യങ്ങൾക്കു വേണ്ടി വേദി തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ടുന്ന സാമാന്യമായ ചില മര്യാദകളുണ്ട്. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ തന്നെയാണെന്ന് ജനങ്ങൾക്ക് തോന്നണം. രാജ്യത്തോടും അതിന്റെ സൈന്യത്തോടും ജനങ്ങളോടുമുള്ള കൂറ് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് ജനങ്ങൾക്ക് അനുഭവപ്പെടണം. ആ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെന്ന് അവർക്ക് തോന്നണം. ഇതിന് അദ്ദേഹം തെരഞ്ഞെടുക്കുന്ന വേദിയുടെ സ്വഭാവം പ്രധാനമാണ്.

ഇന്നു പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ആയുധങ്ങളാൽ സന്നാഹപ്പെടുത്തിയ പന്ത്രണ്ട് വിമാനങ്ങള്‍ പാകിസ്താൻ അതിർത്തി കടന്നു ചെന്ന് ആക്രമണം നടത്തി തിരിച്ചുപോന്നത്. ഭീകരസംഘടനയായ ജെയ്ഷെ മൊഹമ്മദിന്റെ സുപ്രധാനമായ ചില ക്യാമ്പുകളാണ് തകർത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുന്നൂറോളം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനുമാനം. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലൊന്നും നടന്നിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് പാകിസ്താൻ സർക്കാരിന്റെയും സൈന്യത്തിന്റെയും വ്യക്തമായ പിന്തുണയുള്ള ജെയ്ഷെ മൊഹമ്മദ് ഇന്ത്യയിലെ പുൽവാമയിൽ സൈനികർക്കെതിരെ സംഘടിപ്പിച്ചത്. ഇതിനുള്ള തക്കതായ മറുപടിയെന്ന നിലയിൽ രാജ്യം ആഹ്ലാദിക്കുകയാണ്. ചാവേറുകളെ പറഞ്ഞയച്ചല്ല, ഭീകരരുടെ ക്യാമ്പുകളിലേക്ക് നേരിട്ടുചെന്ന് ആക്രമണം നടത്തി തിരിച്ചുപോരുകയായിരുന്നു ഇന്ത്യൻ സൈന്യം.

ഇന്ത്യൻ സൈന്യത്തിന്റെ അന്തസ്സേറിയ ഈ പ്രവൃത്തിയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുത്ത വേദി ഏതായിരുന്നു? ബിജെപിയുടെ തെരഞ്ഞെടുപ്പു റാലി!

തികഞ്ഞ അൽപ്പത്തരമെന്നല്ലാതെ ഈ തരംതാണ പ്രവൃത്തിയെ വിശേഷിപ്പിക്കാൻ നിഷ്പക്ഷമായി ആലോചിക്കാൻ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവർ മടിക്കില്ല.

ഇന്നു കാലത്ത് ഏഴുമണി പിന്നിട്ടപ്പോഴാണ് പാകിസ്താൻ മേജർ ജനറൽ ആസിഫ് ഗഫൂറിന്റെ, വിഭ്രാന്തിയും ജാള്യതയും ഒളിപ്പിച്ചു വെച്ചതെന്ന് സാമാന്യ ബോധമുള്ളവർക്കെല്ലാം മനസ്സിലാക്കാനാകുന്ന ട്വീറ്റ് പുറത്തു വന്നത്. ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചെന്നും പാകിസ്താൻ വ്യോമസേന അതിവേഗം തിരിച്ചടിച്ചതിനാൽ ആയുധങ്ങൾ നിന്നിടത്ത് കളഞ്ഞ് തിരിച്ചോടിയെന്നുമായിരുന്നു ട്വീറ്റ്.

ഇതിനു പിന്നാലെ, എട്ടുമണിയോടെ ഇന്ത്യൻ സൈന്യത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നു. ഭീകര ക്യാമ്പുകളിൽ ആയിരം കിലോയോളം ബോംബുകൾ വർഷിച്ച് അവയെ പൂർണമായും നശിപ്പിച്ചെന്നായിരുന്നു വ്യോമസേനയുടെ വെളിപ്പെടുത്തൽ. ഒമ്പതു മണിയോടെ പാകിസ്താൻ ചില ചിത്രങ്ങൾ സഹിതം രംഗത്തു വന്നു. എന്നാൽ ഇതിനെ ഖണ്ഡിക്കുന്ന വിവരങ്ങൾ ഇന്ത്യൻ സൈന്യം പതുക്കെ പുറത്തു വിട്ടു. ആക്രമണം നടന്ന കേന്ദ്രത്തെക്കുറിച്ച് കേട്ടത് ശരിയാണെങ്കിൽ അത് വലിയൊരു നേട്ടം തന്നെയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു. 1999ൽ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചി വിലപേശൽ നടത്തി മസൂദ് അസ്ഹറിനെ മോചിപ്പിക്കാൻ നേതൃത്വം നൽകിയ യൂസുഫ് അസ്ഹർ നടത്തുന്ന ഭീകരവാദി ക്യാമ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സ്ഥിതി ചെയ്യുന്നത് ഇന്ത്യ ആക്രമണം നടത്തിയ ബലാകോട്ടിലാണ്. ജെയ്ഷെ മൊഹമ്മദിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പാണിത്. മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുവാണ് യൂസുഫ് അസ്ഹർ. പാകിസ്താന് 2002ൽ ഇന്ത്യ കൈമാറിയ 20 ഭീകരരുടെ പട്ടികയിൽ യൂസുഫ് അലിയുടെ പേരും ഉണ്ടായിരുന്നു.

പത്തുമണിയോടെ ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്ത കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി രംഗത്തു വന്നു. ബാലകോട്ടിലാണ് ആക്രമണം നടന്നതെന്ന് പാകിസ്താൻ സ്ഥിരീകരിച്ചതോടെ ഇതൊരു വലിയ നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടി ഒമർ അബ്ദുള്ള വീണ്ടും ട്വീറ്റ് ചെയ്തു. പത്തു മണിക്ക് സുരക്ഷാകാര്യങ്ങളിലുള്ള കാബിനറ്റ് കമ്മറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ, അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പത്തര മണിയോടെ കേന്ദ്രമന്ത്രി ജിഎസ് ശേഖാവത്ത് ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ചിത്രം സഹിതം ട്വീറ്റ് ചെയ്തു. സുരക്ഷാകാര്യങ്ങളിലുള്ള കാബിനറ്റ് കമ്മറ്റിയുടെ യോഗം അവസാനിച്ചതിനു പിന്നാലെ രാവിലെ പതിനൊന്നരയോടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് ഔദ്യോഗികമായി പ്രതികരണമറിയിച്ചു. വന്‍തോതിൽ നാശനഷ്ടങ്ങൾ വിതയ്ക്കാനും നിരവധി ഭീകരരെ ഉന്മൂലനം ചെയ്യാനും ആക്രമണത്തിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. സിവിലിയൻമാർക്ക് അപകടമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പ്രത്യേകമായി കൂട്ടിച്ചേർത്തു. ഭീകരരുടെ ക്യാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ നിന്നും അകലെയായതാണ് കാരണം.

ഇതിനു പിന്നാലെ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഒരു സർവ്വകക്ഷി യോഗം വിളിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തി. എല്ലവരും അനുയോജ്യമായ വേദികളിലൂടെയും മാർഗങ്ങളിലൂടെ ആശയവിനിമയം നടത്തി.

സൈന്യത്തിന്റെ ഈ നേട്ടത്തെക്കുറിച്ച് ജനങ്ങളോട് പറയാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തെരഞ്ഞെടുത്തത് ബിജെപിയുടെ ഒരു റാലിയായിരുന്നു എന്നത് കക്ഷിഭേദമെന്യെ ഏതൊരു ഇന്ത്യാക്കാരനെയും നാണിപ്പിക്കേണ്ടതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ വേദിയിൽ ചെന്നു നിന്ന് പ്രഖ്യാപിക്കേണ്ട കാര്യമായിരുന്നോ അത് എന്ന ചോദ്യം ഉയരേണ്ടതുണ്ട്. രാജസ്ഥാനിൽ സംഘടിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വെച്ചായിരുന്നു മോദിയുടെ ആദ്യപ്രതികരണം പുറത്തു വന്നത്.

സൈന്യം നടത്തിയ വിജയകരമായ തിരിച്ചടിക്കു പിന്നാലെ ഈ വേദിയിൽ വെച്ച് മോദി പറഞ്ഞത് രാജ്യം തന്റെ കൈകളിൽ സുരക്ഷിതമാണെന്നായിരുന്നു. രാജ്യം ആരുടെ മുന്നിലും തല കുനിക്കാൻ താൻ അനുവദിക്കില്ല. ഇത് ഭാരതാംബയ്ക്കുള്ള തന്റെ വാക്കാണ്. രാജ്യത്തെക്കാൾ വലുതായി തനിക്കൊന്നുമില്ല. 2014ൽ താൻ ഇന്ത്യക്ക് നൽകിയ വാഗ്ദാനം പാലിച്ചിരിക്കുന്നു. താൻ എപ്പോളും രാജ്യത്തെ പ്രതിരോധിക്കും. ആരെയും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ താൻ സമ്മതിക്കില്ല… എന്നിങ്ങനെ പോയി മോദിയുടെ വാക്കുകൾ. ഇന്ത്യൻ സൈന്യം എന്ന വാക്കാണോ ‘ഞാൻ’ എന്ന വാക്കാണോ അദ്ദേഹം കൂടുതൽ പ്രയോഗിക്കുത് എന്നത് കേട്ടു നിൽക്കുന്ന ആരിലും തോന്നലുണ്ടാക്കും.

രാജ്യത്തിന്റെ പ്രധാനമന്ത്രി പുലർത്തേണ്ടുന്ന അന്തസ്സ് എന്താണെന്നും അതെങ്ങനെയായിരിക്കണമെന്നുമുള്ള ചോദ്യത്തിന് മുൻകാലങ്ങളിൽ ആ പദവിയിൽ കഴിഞ്ഞവർ ചൂണ്ടിക്കാട്ടിയ ചില വഴക്കങ്ങളുണ്ട്. അവ എത്രയും മികച്ചവയായിരുന്നുവെന്നതിൽ ആർക്കെങ്കിലും സന്ദേഹമുണ്ടാകാൻ ഇടയില്ല. കക്ഷിരാഷ്ട്രീയഭേദം ഇക്കാര്യത്തിലില്ല. ജനതാ പാർട്ടിയും കോൺഗ്രസ്സും ബിജെപിയുമെല്ലാം ആ കസേരയിൽ മുമ്പിരുന്നിട്ടുണ്ട്. അവരെല്ലാം പുലർത്തിയ ആഭിജാതമായ പെരുമാറ്റങ്ങൾ ചരിത്രത്തെ ബഹുമാനിക്കുന്ന ആർക്കും പിന്തുടരാൻ തക്ക വലിപ്പമുള്ളവ തന്നെയാണ്. അത് ഉൾക്കൊള്ളാൻ പോന്ന വിശാലമായ ഒരു മനോനില മോദിക്കുണ്ടോയെന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ.

Share on

മറ്റുവാര്‍ത്തകള്‍