UPDATES

ഇന്ത്യ

ബാബ രാംദേവ്: യോഗ ഗുരുവില്‍ നിന്ന് കോര്‍പ്പറേറ്റിലേക്ക്

രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും നിശ്ചമായും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

                       

മോദി, അദ്ദേഹത്തിന്റെ സുഹൃത്താണ്. ബിജെപി പ്രത്യയശാസ്ത്രത്തോടുള്ള രാംദേവിന്റെ പങ്കാളിത്തവും ചായ്‌വും ഒരു രഹസ്യമല്ല. യോഗ ഗുരു അത് ഒളിച്ച് വക്കുന്നുമില്ല. മനോഹര്‍ ലാല്‍ ഖട്ടാര്‍, ദേവേന്ദ്ര ഫഡ്നാവിസ്, ശിവരാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്, സര്‍ബാനന്ദ് സോനോവാള്‍ തുടങ്ങിയ മിക്ക ബിജെപി മുഖ്യമന്ത്രിമാരുമായും അദ്ദേഹത്തിന് വ്യക്തിപരമായ അടുപ്പമുണ്ട്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തെ അദ്ദേഹം പരസ്യമായി പിന്തുണച്ചിരുന്നു. പക്ഷെ, ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളുടെ സഹായത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടിയ്ല്‍ രാംദേവിന്റെ വ്യാപാര സാമ്രാജ്യം പതിന്മടങ്ങായി വളര്‍ന്നതിന് ശേഷം മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ നിരവധി കയറ്റിറക്കങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഒരു വിമാനയാത്രയില്‍ യാദൃശ്ചികമായി ഇരുവരും കണ്ടുമുട്ടിയതിന്റെ ഫലമായി ബാബുള്‍ സുപ്രിയോയ്ക്ക് ബിജെപി ടിക്കറ്റ് ലഭിച്ചതും അതിന് ശേഷം മന്ത്രി വരെയായതും മാത്രം കണക്കിലെടുത്താല്‍ തന്നെ പ്രധാനമന്ത്രിയുടെ മേല്‍ യോഗ ഗുരുവിനുള്ള സ്വാധീനം വ്യക്തമാവും. യോഗയുമായി ബന്ധപ്പെട്ട സന്നദ്ധ സ്ഥാപനങ്ങളുടെ വരുമാനം സേവന നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന് 2015ല്‍ മോദി പ്രഖ്യാപിച്ചു. തനിക്ക് ചെയ്ത് തന്ന സഹായങ്ങളുടെ പേരില്‍ മോദിയെ പലപ്പോഴും രാംദേവ് പ്രകീര്‍ത്തിച്ചിട്ടുണ്ട്. യോഗ പ്രചരിപ്പിക്കുന്നതില്‍ രാംദേവിന് നിര്‍ണായക സ്വാധീനമുണ്ട്. ‘ആയുഷ് വകുപ്പ് രൂപീകരിക്കപ്പെട്ടു. യോഗയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുന്നതിന് മോദി തന്റെ പദവി ഉപയോഗിച്ചു. അന്താരാഷ്ട്ര, രാഷ്ട്രീയ തലങ്ങളില്‍ ലഭിച്ച അംഗീകാരം തന്നെ ഒരു വലിയ നേട്ടമാണ്. ഇപ്പോള്‍ ആയുഷ് മന്ത്രാലയം അതിന്റെ ഗവേഷണത്തിലേക്ക് കടക്കുകയാണ്,’ എന്ന് രാംദേവ് പറയുന്നത്.

എന്നാല്‍ 2016 ഡിസംബറില്‍ നടന്ന ഒരു അഭിമുഖത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് ‘ഒരു യോഗിയെ സംബന്ധിച്ചിടത്തോളം തൃപ്തിയും അതൃപ്തിയുമില്ല. അതിന്റെ നടുക്കെവിടെയോ പെട്ട് കിടക്കുകയാണ് ഞാന്‍,” എന്നായിരുന്നു രാംദേവിന്റെ മറുപടി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോദിയെ പ്രകീര്‍ത്തിക്കുന്ന നിലപാടില്‍ നിന്നും രാംദേവ് പിന്നോക്കം പോയി. നേരത്തെ മോദിക്കെതിരായ ഏത് ബൗണ്‍സറിന് നേരെയും ബാറ്റ് വീശിയിരുന്ന രാംദേവ് ഇപ്പോള്‍ അതിന് മുതിരുന്നില്ല. മോദി അഴിമതിക്കും കള്ളപ്പണത്തിനും എതിരായതുകൊണ്ടാണ് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ അദ്ദേഹത്തെ പിന്തുണച്ചെതെന്ന് ഫെബ്രുവരിയില്‍ ഹരിദ്വാറില്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് പറഞ്ഞു. ദേശീയ താല്‍പര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് തന്റെ പിന്തുണ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയോടുള്ള രാംദേവിന്റെ അതൃപ്തി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. വേദ വിദ്യാഭ്യാസ ബോര്‍ഡ് എന്ന രാംദേവിന്റെ നിര്‍ദ്ദേശത്തോട് മോദി ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ ഖാദി വിപണനത്തിന്റെയും പരിപാലനത്തിന്റെയും പൂര്‍ണ നിയന്ത്രണം പതഞ്ജലി യോഗപീഠത്തിന് നല്‍കണമെന്ന രാംദേവിന്റെ നിര്‍ദ്ദേശം മോദി തള്ളിക്കളഞ്ഞു. എന്നാല്‍ യോഗ ഗുരു ഉദ്ദേശിച്ചത് പോലെ കള്ളപ്പണവിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണ് രാംദേവിന്റെ വൈരാഗ്യത്തിന്റെ പ്രധാനകാരണം. 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ കാലത്ത്, ജെഎന്‍യു പ്രഫൊസര്‍ അരുണ്‍ കുമാറിന്റെ ഗവേഷണ പ്രബന്ധത്തിന്റെയും ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ആന്റ് ഗ്ലോബല്‍ ഫിനാന്‍സിന്റെ രണ്ട് ലേഖനങ്ങളുടെയും പിന്‍ബലത്തില്‍, മോദിയുടെ ഇഷ്ട തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന കള്ളപ്പണത്തിനെതിരെ രാംദേവ് നിലപാടെടുത്തു. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ കള്ളപ്പണത്തെ കുറിച്ച് ഇതാദ്യമായല്ലായിരുന്നു രാംദേവ് പരസ്യമായി പരാമര്‍ശിക്കുന്നത്. ഇന്ത്യക്കാരുടെ കൈയില്‍ ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ഇതില്‍ 300 ലക്ഷം കോടി രൂപ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും 2011 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ വച്ച് അദ്ദേഹം ആരോപിച്ചിരുന്നു. കള്ളപ്പണത്തി്‌ന്റെ കണക്കുകള്‍ തനിക്ക് ശൂന്യതയില്‍ നിന്നും ലഭിച്ചതല്ലെന്നും കുമാറിനെ പോലുള്ള സാമ്പത്തികകാരന്മാരുമായി മണിക്കൂറുകള്‍ നീണ്ട സംവാദത്തിലൂടെയാണ് ഇത്തരം വിവരങ്ങള്‍ തനിക്ക് ലഭിച്ചതെന്നും രാംദേവ് പറഞ്ഞു. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ നിന്നുള്ള ചില ഉദ്ധാരണികളും അദ്ദേഹം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മിക്കപ്പോഴും പ്രചരിപ്പിച്ചതിന് സമാനമായിരുന്നു കള്ളപ്പണത്തെ കുറിച്ചുള്ള രാംദേവിന്റെ ആഖ്യാനവും. ഖനനം, സ്വര്‍ണം, ഭൂമി, രാഷ്ട്രീയം, മയക്കുമരുന്ന് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്നതെന്നും ഈ അഞ്ച് മേഖലകളിലെ കള്ളപ്പണം നിയന്ത്രിക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ സാമ്പദ്വ് വ്യവസ്ഥയ്ക്ക് അത് വലിയ നേട്ടമാകുമെന്നും മോദിയെ പോലെ രാംദേവും നിര്‍ദ്ദേശിച്ചിരുന്നു. പണരഹിത സാമ്പത്തികരംഗത്തിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്നു രാംദേവ് എന്നതും സത്യമാണ്. ‘പണവിനിമയങ്ങള്‍ തെളിയി്ക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് കള്ളപ്പണത്തിന് വഴിവെക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കം. ബാങ്കിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിച്ച സ്ഥിതിക്ക് ഇടപാടുകള്‍ ചെക്കുകള്‍, കാര്‍ഡ്, ഡ്രാഫ്റ്റ് എന്നിവയിലൂടെയാക്കണം. ഇതിന് വേണ്ടി നമ്മള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം,’ എന്ന് 2011ല്‍ അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായിരുന്നു മോദി സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭ തീരുമാനമെങ്കിലും, പിന്നീടുള്ള മാസങ്ങളിലെ തുടര്‍ നടപടികള്‍ രാംദേവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ‘വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന നമ്മള്‍ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അതിനുള്ള ശ്രമങ്ങള്‍ അവര്‍ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു,’ എന്ന് ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞിരുന്നു. 2016 ജൂണില്‍ അദ്ദേഹം മോദി സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ‘കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഞാനും രാജ്യത്തെ ജനങ്ങളും അസംതൃപ്തരാണ്.’ 2017ല്‍ റായ്പൂരില്‍ വച്ച്, എന്നാണ് അച്ചാ ദിന്‍ എന്ന തന്റെ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുക എന്ന് ചോദിച്ചപ്പോള്‍, ഒരു സര്‍ക്കാരിനും അച്ചാ ദിന്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും യോഗ പരിശീലിച്ചാല്‍ എല്ലാ ദിവസവും അച്ചാ ദിന്‍ ആയിരിക്കുമെന്നുമാണ് രാംദേവ് മറുപടി നല്‍കിയത്.

ഇത്തരം പരസ്യ പ്രസ്താവനകള്‍ക്ക് ശേഷവും മോദിയുമായി അകലം ഉണ്ടാവാതിരിക്കാന്‍ രാംദേവ് ശ്രദ്ധിച്ചിരുന്നു. മോദിയെ തനിക്ക് കഴിഞ്ഞ 15 വര്‍ഷമായി അറിയാമെന്നും 2014ലെ പൊതു തിരിഞ്ഞെടുപ്പിന് മുമ്പ് ചില കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും രാംദേവ് പറയുന്നു. ഇന്ത്യയിലെ കള്ളപ്പണം 200 ശതമാനവും തുടച്ച് നീക്കിക്കൊണ്ട് തന്റെ സുന്ദര ഇന്ത്യ രൂപീകരിക്കുന്നതിന് മോദി തന്നോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം പറയുന്നു. രാജ്യത്തിന് ഫലപ്രദമായ ഒരു ബദല്‍ ആവശ്യമാണെന്നും മോദി ആ ബദലാണെന്ന് താന്‍ തിരിച്ചറിഞ്ഞു എന്നുമാണ് രാംദേവ് വാദിക്കുന്നത്. ജീവിതത്തില്‍ ചിലരോട് നമുക്ക് വൈകാരികമായ അടുപ്പം തോന്നുമെന്നും തന്നെ സംബന്ധിച്ചിടത്തോളം മോദി അത്തരത്തിലൊരാളെന്നും രാംദേവ് പറയുന്നു. രാഷ്ട്രീയത്തിന് അതീതമാണ് തങ്ങളുടെ ബന്ധമെന്നും അത് തത്വങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും നയങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും രാംദേവ് വിശദീകരിക്കുന്നു.

പാകിസ്ഥാനതെതിരെ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, കള്ളപ്പണത്തിന്റെയും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്റെയും കാര്യത്തില്‍ മോദി പരാജയപ്പെട്ടു എന്ന ഉത്തരം നല്‍കിക്കൊണ്ട് സര്‍ക്കാരിനെതിരെയുള്ള തന്റെ അനിഷ്ടം ഇതിനിടയില്‍ രാംദേവ് പ്രകടിപ്പിച്ചിരുന്നു. മോദിയില്‍ നിന്നും താന്‍ വ്യക്തിപരമായ ഒരു ആനുകൂല്യവും പ്രതീക്ഷിക്കുന്നില്ലെന്നും രാംദേവ് പറഞ്ഞു. ‘അദ്ദേഹത്തില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചല്ല ഞാന്‍ മോദിയെ പിന്തുണയ്ക്കുന്നത്. ഇപ്പോള്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം. അദ്ദേഹം വളരെ പ്രശംസനീയമായ കൃത്യമാണ് നിര്‍വഹിക്കുന്നത്. ഞാനൊരു സന്യാസിയായതിനാല്‍ ഭരണപരമായ കാര്യങ്ങളില്‍ കൊകടത്താന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴെങ്കിലും ഒരു പ്രശ്‌ന ഉയര്‍ത്തുന്നെങ്കില്‍ അത് പൊതുപ്രശ്‌നമായിരിക്കും. അല്ലാതെ വ്യക്തിപരമായ പ്രശ്‌നമായിരിക്കില്ല. എന്റെ സ്വാധീനം ഉപയോഗിച്ച് എനിക്ക് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധിക്കുമായിരുന്നു. ഞാന്‍ അതൊരിക്കലും ചെയ്തിട്ടില്ല. ഇത്രയും പിന്‍വലിയാന്‍ എനിക്കെങ്ങനെ സാധിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്.’ എന്ന് രാംദേവ് വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും നിശ്ചമായും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാലാണ് മിക്ക രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് ചുവപ്പ് പരവതാനി വിരിക്കുന്നത്. പതഞ്ജലിയുടെ വില്‍പനശാലകളില്‍ പലതും യാദവരുടെ ഉടമസ്ഥതയിലാണ്. യുപിയിലും മേവത്തിലും ഹരിയാനയിലും രാജസ്ഥാനിലും ഡല്‍ഹിയിലും ഇവര്‍ വലിയ വോട്ട് ബാങ്കാണ്. സാമ്പത്തികമായി ലാഭകരമായ ഒരു വ്യാപാരം നടത്താന്‍ സഹായിച്ചതിലൂടെ യാദവ സമുദായത്തിലെ പ്രമുഖരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ രാംദേവിന് സാധിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ഗ്രേറ്റര്‍ നോയിഡയില്‍ യമുന അതിവേഗ പാതയ്ക്ക് സമീപം ഭക്ഷ്യ, ഔഷധ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി രാംദേവിന്റെ ഫൗണ്ടേഷന് 750 ഏക്കര്‍ പതിച്ചു നല്‍കാന്‍ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തയ്യാറായതും.

(ബാബ രാംദേവ്: യോഗ ഗുരുവില്‍ നിന്ന് ഇന്ത്യയുടെ മുന്‍നിര ബ്രാന്‍ഡിലേയ്ക്ക് എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍)

Related news


Share on

മറ്റുവാര്‍ത്തകള്‍