UPDATES

വിദേശം

പ്രളയത്തിൽ മുങ്ങിയ ഇറാനോട് പകപോക്കി യുഎസ്; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ ഉൾപ്പടെയുള്ളവ നൽകിയില്ല

ഇത് സാമ്പത്തിക പോരല്ല, സാമ്പത്തിക തീവ്രവാദമെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ട്വിറ്ററിൽ കുറിച്ചത്. 

                       

പ്രളയത്തിൽ അനുദിനം മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഇറാനിയൻ ജനതയ്ക്ക് വിദേശ സാമ്പത്തിക സഹായം നിഷേധിച്ച് അമേരിക്കയുടെ പ്രതികാര നടപടി. രാജ്യത്തെ വിവിധ റെഡ്ക്രോസ്, റെഡ് ക്രെസന്റ്റ് സംഘടനകൾ വഴി വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതിനെതിനെയാണ് അമേരിക്ക  ഉപരോധം ഏർപ്പെടുത്തിയത്. 2015 ലെ ഒരു ആണവകരാറിൽ നിന്നും ഇറാൻ വിട്ടുനിന്നതിനെ തുടർന്നാണ് പ്രളയ സമയത്ത്  യുഎസ് പ്രതികാരത്തോടെ തിരിച്ചടിച്ചതിനെതിരെ വലിയ ആക്ഷേപങ്ങൾ  ഉയരുന്നുണ്ട്. മൂന്നാഴ്ചയോളം നീണ്ടു നിന്ന പേമാരി ഇതുവരെയും അടങ്ങാത്ത ഘട്ടത്തിൽ കൂടുതൽ ഡാമുകൾ തുറന്ന് വിടാൻ നിർബന്ധിതരായതോടെയാണ് മിക്കവാറും ഗ്രാമങ്ങളും പ്രധാന നഗരങ്ങളും വെള്ളത്തിനടിയിലായത്.

നിലവിൽ എഴുപതിലധികം ആളുകളാണ് ഇറാനിൽ പ്രളയത്തിൽ മരിച്ചത്. കൂടുതൽ നഗരങ്ങളെ ഒഴിപ്പിക്കാനും കൂടുതൽ ദുരിതാശ്വസ കേന്ദ്രങ്ങൾ  തുറക്കാനും ഇറാനിയൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ച് വരികയാണ്. ഡാമുകൾ തുറന്നു വിട്ടതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായ ഘട്ടത്തിലാണ് വിദേശത്തുനിന്നും ഇറാന് സാമ്പത്തിക സഹായങ്ങൾ  ആവിശ്യപ്പെടേണ്ടി വന്നത്. റെഡ് ക്രെസന്റ്റ് വഴി സഹായമെത്തിക്കാമെന്നായിരുന്നു മുൻപ് വാഷിംഗ്ടൺ ഉറപ്പു പറഞ്ഞിരുന്നത്. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സഹായം കൃത്യമായി വിതരണം ചെയ്യുന്നതിലും ഈ സന്നദ്ധ സംഘടനകൾ പരാജയമാണെന്ന ന്യായം പറഞ്ഞതാണ് പിന്നീട് യുഎസ് സഹായം നിഷേധിച്ചത്.

ഹെലികോപ്റ്ററുകൾ ഉൾപ്പടെയുള്ള അടിയന്തിര സഹായങ്ങൾ നിഷേധിച്ചതിനെതിരെ ലോകത്തിൽ വിവിധ ഇടങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്. ഇത് സാമ്പത്തിക പോരല്ല, സാമ്പത്തിക തീവ്രവാദമെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ട്വിറ്ററിൽ കുറിച്ചത്.

സാമ്പത്തികസഹായമല്ലാത്ത മറ്റ് സഹായങ്ങൾ പല വിദേശരാജ്യങ്ങളിൽ  നിന്നും ഇറാനിലേക്ക് ഒഴുകുന്നുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി ജർമൻ റെഡ്ക്രോസ് 40 ബോട്ടുകളും മറ്റ് യന്ത്രങ്ങളും വിട്ടു നൽകിയിട്ടുണ്ട്. കുവൈറ്റിൽ നിന്നും മറ്റും പ്രളയദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണപ്പൊതികൾ എത്തുന്നുണ്ട്. പ്രളയത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. യു എസുമായുള്ള സാമ്പത്തിയ ബന്ധങ്ങൾ കലുഷിതമായതോടെ വലിയ സാമ്പത്തിക ഞെരുക്കത്തിലായ ഇറാന് അപ്രതീക്ഷിതമായ പ്രളയം തീരാ ബാധ്യതയാകുകയാണ്. കൃഷിയിടങ്ങൾ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും അത് എത്രത്തോളം നടപ്പിലാക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ഇറാൻ ജനത.

 

Share on

മറ്റുവാര്‍ത്തകള്‍