ബ്രസല്‍സില്‍ സിറിയന്‍ അഭയാര്‍ത്ഥികളെ പുനഃരധിവസിപ്പിക്കുന്നതിനെ കുറിച്ചുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രാസവാതകം ഒരു ജനതയ്ക്ക് മേല്‍ വര്‍ഷിക്കപ്പെട്ടിരിക്കുന്നത്.
ആറുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയില്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കെതിരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിച്ചതായി സംശയിക്കപ്പെടുന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ രാസായുധാക്രമണത്തില്‍ ഇതുവരെ 60 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ മരണാസന്നരായി ആശുപത്രികളില്‍ കഴിയുകയും ചെയ്യുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അസദ് ഭരണകൂടമോ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന റഷ്യയോ ഇറാനോ തയ്യാറായിട്ടില്ല. വടക്കന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് ആക്രണം ഉണ്ടായത്. ആറുവര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനിടയില്‍ നടന്ന ഏറ്റവും ഹീനമായ ആക്രമണമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. നൂറില്‍ പരം ആളുകളെ ഇദ്‌ലിബിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നോക്ക പ്രദേശമായ ഇദ്‌ലിബിലെ ആശുപത്രികളില്‍ രാസായുധ ആക്രമണ ബാധിതരെ ചികിത്സിക്കാന്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ തുര്‍ക്കിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രസല്‍സില്‍ സിറിയന്‍ അഭയാര്‍ത്ഥികളെ പുനഃരധിവസിപ്പിക്കുന്നതിനെ കുറിച്ചുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രാസവാതകം ഒരു ജനതയ്ക്ക് മേല്‍ വര്‍ഷിക്കപ്പെട്ടിരിക്കുന്നത്. സിറിയന്‍ സര്‍ക്കാരാണ് സംഭവത്തിന് പിന്നിലെന്ന് യുഎസും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും ആരോപിച്ചു. ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പരിഷ്‌കൃത സമൂഹത്തിന് ഇത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ യുഎസ് സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നതെന്ന് പറഞ്ഞുവെക്കാനും ട്രംപ് മടിച്ചില്ല. രാസായുധ ആക്രണ വാര്‍ത്ത തന്നെ ഞെട്ടിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. രാസായുധങ്ങള്‍ നിരോധിക്കുന്നതിനുള്ള സംഘടനയുടെ അന്വേഷണം വിഷയത്തില്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസദിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ നിശബ്ദരാവാന്‍ മൂന്നാം കക്ഷികള്‍ക്ക് സാധിക്കില്ലെന്നും ഭരണമാറ്റം ഉണ്ടാവും എന്നുറപ്പാക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ വാര്‍ത്ത അടിസ്ഥാനപരമായി തെറ്റാണന്ന് സിറിയന്‍ ഔദ്യോഗിക സൈന്യം പറഞ്ഞപ്പോള്‍, ഇദ്‌ലിബ് പ്രദേശത്ത് തങ്ങളുടെ വ്യോമസേന പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അസദിനെ അനുകൂലിക്കുന്ന റഷ്യ വിശദീകരിക്കുന്നത്. രാസായുധാക്രമണങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെ മണിക്കൂറുകള്‍ക്ക് ശേഷം ആക്രമണമുണ്ടായി എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ബഷര്‍ അല്‍ അസദിനെ ഭരണത്തില്‍ നി്ന്നും മാറ്റാന്‍ യുഎസ് ആലോചിക്കുന്നില്ലെന്നും സിറിയയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിലെ യുഎസ് നയതന്ത്രപ്രതിനിധി നിക്കി ഹാലെയും സമാനമായ പ്രസ്താവന തിങ്കളാഴ്ച നടത്തിയിരുന്നു. സിറിയയിലെ രാസായുദ്ധങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഒബാമ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ക്കും ഒബാമ ഭരണത്തില്‍ കീഴില്‍ ഒപ്പിടപ്പെട്ട രാസായുധ നിര്‍മ്മാര്‍ജ്ജന കരാറിനും വിരുദ്ധമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബറില്‍ ഹമായിലും സമാനമായ ഒരു ആക്രമണം നടന്നിരുന്നു. ആ ആക്രമണത്തില്‍ 93 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. സെറിന്‍ എന്ന മാരകവിഷമാണ് അന്ന് ഉപയോഗിച്ചതെന്ന് പാശ്ചാത്യ ഏജന്‍സികള്‍ പറഞ്ഞിരുന്നെങ്കിലും അതിന് ഉപോല്‍ബലകമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇദ്‌ലിബ് ആക്രമണത്തിലെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ സംഭവത്തിലെ ദുരൂഹത ഒഴിവാക്കാനാവും എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.