UPDATES

വിപണി/സാമ്പത്തികം

ചൈനയെ വെറുതെ വിടില്ല; ചുങ്കം ഇരട്ടിയിലധികം വർധിപ്പിച്ച് ട്രംപിന്റെ അപ്രതീക്ഷിത നീക്കം, വിപണിയുദ്ധം മുറുകുന്നു

ചുങ്കം വർധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കൂലോ ഫോക്സ് ന്യൂസിനോട് പ്രതികരിച്ചത്.

                       

200 മില്യൺ ഡോളറിന്റെ(ഏകദേശം 1387.18 കോടി ഇന്ത്യൻ രൂപ) ചൈനീസ് ചരക്കുകളുടെ ചുങ്കം ഇരട്ടിയിലധികം വർധിപ്പിച്ച അമേരിക്കയുടെ തീരുമാനത്തെത്തുടർന്ന് ചൈനീസ് ഓഹരി വിപണി വൻ തകർച്ചയിലേക്കെന്ന് സൂചന. ചുങ്കം 10 ശതമാനത്തിൽ നിന്നും 25 ശതമാനത്തിലേക്ക് വർധിപ്പിച്ചുകൊണ്ടാണ് വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായുള്ള വിപണി യുദ്ധം കുറച്ചുകൂടി കടുപ്പിച്ചത്. എല്ലാ ചൈനീസ് വ്യാപാരങ്ങൾക്കും ചുങ്കം ഏർപ്പെടുത്തികൊണ്ട് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ താളം തെറ്റിച്ചേക്കുമെന്നും സൂചനയുണ്ട്.

ട്രംപിന്റെ നീക്കത്തോടെ ചൈനീസ് ഓഹരിയിൽ രണ്ട് മാസത്തിനിടയിൽ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ബ്ലൂ ചിപ്പ് സൂചികയിൽ കഴിഞ്ഞ ദിവസം നാല് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന വിപണിയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ വാഷിംഗ്ടണിൽ നടക്കാനിരുന്ന ചർച്ചയിൽ നിന്നും ചൈനീസ് നേതാക്കൾ പിൻവലിയുന്നുവെന്നാണ് സൂചന. ഇതോടെ സംഘർഷങ്ങൾ അതിരൂക്ഷമായേക്കുമെന്നാണ് വിലയിരുത്തൽ.

ചുങ്കം വർധിപ്പിച്ചത് അറിയിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റിനെ കുറിച്ച് ചൈനീസ് ഭരണകൂടം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചുങ്കം വർധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കൂലോ ഫോക്സ് ന്യൂസിനോട് പ്രതികരിച്ചത്. ട്രംപിന്റെ ഈ അപ്രതീക്ഷിതനീക്കം അയ്യായിരത്തിലധികം ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ സാരമായി ബാധിക്കുമെന്നാണ്‌ വിദഗ്ദരുടെ വിലയിരുത്തൽ. ചൈനയിലെ രാസപദാർത്ഥ നിർമ്മാണശാലകൾ, ഭക്ഷ്യവിപണി, വസ്ത്രവ്യവസായം, ലോഹവ്യവസായം മുതലായവയ്ക്ക് ട്രംപിന്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയാകും. ഇപ്പോൾ തന്നെ അമേരിക്ക ഏർപ്പെടുത്തുന്ന ചുങ്കം ചൈനീസ് വിപണിയെ സാരമായി ബാധിക്കുന്നുണ്ട്. ചുങ്കം ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കുന്നതോടെ ചൈന കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണ്ടെത്തൽ.

Share on

മറ്റുവാര്‍ത്തകള്‍