UPDATES

വിദേശം

മിഖായേൽ ഗോർബച്ചേവും റൊണാൾഡ്‌ റീഗനും ഒപ്പിട്ട 1987ലെ ആണവ ഉടമ്പടി ട്രംപ് പിന്‍വലിച്ചു

“റഷ്യ നിർലജ്ജം കരാർ ലംഘിക്കുമ്പോൾ ഞങ്ങൾ മാത്രം അതിന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങണം എന്ന് പറയുന്നത് ന്യായമല്ലല്ലോ” എന്നു അമേരിക്ക

                       

റഷ്യയുമായുള്ള 1987 ലെ ആണവ ഉടമ്പടി താൽക്കാലികമായി പിൻവലിക്കാനൊരുങ്ങി അമേരിക്ക. മോസ്‌കോ നിരന്തരം വ്യവസ്ഥകളിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് നിർണ്ണായകമായ ഈ ഉടമ്പടിയിൽ നിന്നും അമേരിക്ക ഒഴിഞ്ഞുമാറുന്നത്. അഞ്ച് വർഷത്തിലധികമായി നടന്നുവരുന്ന നിരന്തര വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ആണവ ഉടമ്പടിയെക്കുറിച്ച് അമേരിക്ക ഒരു കൃത്യമായ നിലപാട് അറിയിക്കുന്നത്. റഷ്യ നിരന്തരം ലംഖിച്ചുകൊണ്ടിരിക്കുന്ന ഒരു ഉടമ്പടി ഞങ്ങൾ മാത്രം ഇനിയും പാലിക്കേണ്ടതുണ്ടതുണ്ടോ എന്നതാണ് അമേരിക്ക ഇതിനു കണ്ടെത്തുന്ന ന്യായം. അമേരിക്ക എന്തെങ്കിലും കാരണം പറഞ്ഞ് ഉടമ്പടിയ്ക്ക് പുറത്തുകടക്കാൻ നോക്കി ഇരിക്കുകയായിരുന്നു എന്നാണ് റഷ്യ തിരിച്ച് ആരോപിക്കുന്നത്. റഷ്യയ്ക്ക് ആറ് മാസം സമയം അനുവദിക്കുമെന്നും എന്നിട്ടും തിരുത്താൻ ഉദ്ദേശമില്ലെങ്കിൽ പൂർണ്ണമായും ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നാണ് അമേരിക്ക കടുത്ത ഭാഷയിൽ തന്നെ സൂചിപ്പിക്കുന്നത്.

ലോക രാജ്യങ്ങളുടെ മുഴുവൻ സമാധാനത്തെയും താറുമാറാക്കാൻ ശേഷിയുള്ള ശീതയുദ്ധ കാലത്തെ ഉടമ്പടിയ്ക്കാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്. 1987 ൽ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ റീഗനും സോവിയറ്റ് യൂണിയന്‍ പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവും ചേർന്നാണ് ഉടമ്പടി ഒപ്പു വെച്ചത്.

1991 മുതൽ തന്നെ അമേരിക്ക പുതിയ ആണവായുധങ്ങൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തു വന്നിരുന്നതാണ്. അമേരിക്ക ആണവായുധങ്ങൾ വാങ്ങിക്കൂട്ടിയതോടെ മറ്റ് രാജ്യങ്ങളും ആധുനിക ആയുധങ്ങൾ കരുതിവെക്കാൻ തുടങ്ങി. അയൽ രാജ്യങ്ങളുടെ കയ്യിലുള്ള ആയുധ ശേഖരം ചൂണ്ടിക്കാണിച്ചാണ് സ്വന്തം പക്കലുള്ള വിനാശകരമായ ആണവായുധങ്ങൾക്ക് ഓരോ രാജ്യവും നീതീകരണം കണ്ടെത്തുന്നത്. ഇനിയെന്താണ് ട്രംപ് ചെയ്യാൻ പോകുന്നതെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ  ലഭിച്ചിട്ടില്ല. നിലവിലെ ഉടമ്പടി അസാധുവാക്കുകയാണോ, അത് പുതുക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

“റഷ്യ നിർലജ്ജം കരാർ ലംഘിക്കുമ്പോൾ ഞങ്ങൾ മാത്രം അതിന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങണം എന്ന് പറയുന്നത് ന്യായമല്ലല്ലോ. ഓരോ രാജ്യവും കരാർ ലംഘിക്കുന്നതിന്റെ പ്രത്യാഘാതം കൂടി അവർ അനുഭവിക്കാൻ തയ്യാറാകണം.” യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ മാധ്യമങ്ങൾക്കുമുന്നിൽ തുറന്നു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.   

എല്ലാവരും ചേർന്ന് മനോഹരമായ ഒരു ഉടമ്പടിയിൽ ഏർപ്പെടുകയാണ് വേണ്ടത് എന്ന് ട്രംപ് ആവർത്തിച്ച് സൂചിപ്പിക്കുമ്പോഴും ഈ “എല്ലാവരും” എന്നതിൽ ഏതെല്ലാം രാജ്യങ്ങൾ ഉണ്ടെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

അമേരിക്ക സംസാരിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. എന്താണ് പറയുന്നതെന്ന് കേൾക്കാനുള്ള ഒരു ക്ഷമ പോലും കാണിക്കാത്ത അവസരത്തിൽ ചർച്ചയ്ക്ക് എന്താണ് പ്രസക്തി എന്നാണ് റഷ്യ ചോദിക്കുന്നത്. എന്തെങ്കിലും കാരണം പറഞ്ഞ് ഉടമ്പടിയിൽ നിന്ന് പിൻവലിയാൻ അമേരിക്ക മുൻപേ ഉറപ്പിച്ചത് തന്നെയാണെന്നാണ് റഷ്യൻ വക്താവ് ദിമിത്രി സ്പേസ്‌കോവ് ആരോപിക്കുന്നത്. ഔദ്യോഗികവും അനൗദ്യോഗികവുമായ സംഭാഷണങ്ങളിലൂടെ അമേരിക്കൻ ഉദ്യോഗസ്ഥ വൃന്ദം തങ്ങൾ ഈ കരാർ പുതുക്കാനായി ഉദ്ദേശിക്കുന്നതായി പലപ്പോഴായി സൂചിപ്പിച്ച് കഴിഞ്ഞതാണ്.

ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, ഉത്തര കൊറിയ മുതലായ രാജ്യങ്ങളുടെ ആണവ നയങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്ത് ഉടമ്പടികൾ പുതുക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കാനും ഇപ്പോൾ ചർച്ച നടക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍