പകരക്കാരനായി ഡല്‍ഹിയിലെത്തിയ ‘അക്രമകാരി’
റണ്‍മല പടുത്തുയര്‍ത്തുന്നതില്‍ ഹരം കേറിയിരിക്കുന്നവരാണ് സണ്‍റൈസ് ഹൈദരാബാദ്. പത്തോവര്‍ കളിയാണെന്ന മട്ടിലാണ് അവര്‍ ബാറ്റ് ചെയ്യുന്നത്, 200 ന് താഴെ സ്‌കോര്‍ ചെയ്താല്‍ നാണക്കേടാണെന്ന മട്ടില്‍. അവരുടെ ക്യാപ്റ്റന്‍, ഓസ്ര്‌ടേലിയക്കാരന്‍ പാറ്റ് കമ്മിന്‍സിന് ആക്രമണത്തിലാണ് താത്പര്യം. ഓപ്പണറും മറ്റൊരു ഓസീസ് താരവും, കമ്മിന്‍സിന് ഏകദിന ലോകകിരീടം നേടിക്കൊടുക്കാന്‍ പടനയിക്കുകയും ചെയ്ത ട്രാവിസ് ഹെഡ് എന്ന ‘ മീശക്കാരന്‍’ ഐപിഎല്ലിലും തന്റെ ക്യാപ്റ്റന്റെ ആജ്ഞ ആക്ഷരം പ്രതി അനുസരിക്കുന്നുണ്ട്.
ശനിയാഴ്ച്ച ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരേ 262 റണ്‍സ് നേടിയ കമ്മിന്‍സും കൂട്ടരും അവരുടെ അഞ്ചാമത്തെ വിജയം മനസില്‍ ഉറപ്പിച്ചാണ് ബൗളിംഗിന് ഇറങ്ങിയത്. പക്ഷേ, കുറേ നേരത്തേക്കെങ്കിലും അവരൊന്നു കുലുങ്ങി. മനസിലെ പേടി മുഖത്തും തെളിഞ്ഞു. അപ്പുറത്തും ഓസീസ് താരങ്ങളുണ്ട്. വെല്ലുവിളികളാണല്ലോ ഓസ്ര്‌ടേലിയക്കാര്‍ക്ക് ഇഷ്ടം. സാക്ഷാല്‍ വാര്‍ണര്‍ വാള്‍ വീശി പോരാടുമെന്ന് കണക്കുകൂട്ടിയിടത്ത്, അദ്ദേഹം ഒന്നും ചെയ്യാനാകാതെ മടങ്ങിയപ്പോള്‍ പകരം വന്നത് മറ്റൊരു ഓസീസ് താരമാണ്. പ്രായം 22 വയസ്. അക്ഷരാര്‍ത്ഥത്തില്‍ സണ്‍റൈസ് ഹൈദരാബാദിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ജെയ്ക് ഫ്രേസര്‍-മക്ഗര്‍ക്. തന്റെ ആദ്യ ഐപിഎല്‍ സീസണാണ് മക്ഗര്‍ക് കളിക്കുന്നത്. ശനിയാഴ്ച്ചത്തെ മത്സരത്തില്‍ 18 ബോളില്‍ നിന്നും 65 റണ്‍സാണ് അടിച്ചു കൂട്ടിയത്. 16 ബോളില്‍ നിന്നും ഹെഡ് 50 അടിച്ചപ്പോള്‍, മക്ഗര്‍ക് 15 ബോളില്‍ ഫിഫ്റ്റി തികച്ചു. അഞ്ചു ഫോറും ഏഴ് സിക്‌സും. ക്ലാസന്റെ കൈകളില്‍ ഒതുങ്ങിയില്ലായിരുന്നുവെങ്കില്‍ സണ്‍റൈസേഴ്‌സിന്റെ റണ്‍മല അവന്‍ ഒറ്റയ്ക്കു താണ്ടിയേനെ. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ലക്‌നൗ ജയ്‌ന്റേഴ്‌സുമായുള്ള മത്സരത്തില്‍ അടിച്ചെടുത്തത്. 35 പന്തില്‍ 55. അന്നും പറത്തി അഞ്ചു സിക്‌സുകള്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 10 പന്തില്‍ 20 റണ്‍സ്. ശരിക്കും ഒരു വിസ്‌ഫോടനം.
ഒരു സെമി പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരനായ അച്ഛനില്‍ നിന്നും നെറ്റ് ബോളറായിരുന്ന അമ്മയില്‍ നിന്നും കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്നു മക്ഗര്‍ക്കിന്. മൈക്കിള്‍ ക്ലാര്‍ക്കിന്റെ സ്‌റ്റെപ്പ് ഔട്ട് ഷോട്ടുകള്‍ അനുകരിക്കാന്‍ കുട്ടിക്കാലം മുതല്‍ മണിക്കൂറുകളോളം പരിശീലനം നടത്തിയിരുന്നു. സ്പിന്നര്‍മാരെ തെരഞ്ഞെുപിടിച്ചു ശിക്ഷിക്കുന്നതിലും അവന്‍ രസം കണ്ടു.
ഹര്‍ദിക്, ഈ വിധി നിങ്ങളുടേത് മാത്രമല്ല
കഴിഞ്ഞ ഒക്ടോബറില്‍ 29 പന്തില്‍ സെഞ്ച്വറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി വേഗതയില്‍ സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ടാസ്മാനിയയ്‌ക്കെതിരേ സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നടത്തിയ പ്രകടനത്തില്‍ 38 ബോളില്‍ നിന്നും 125 റണ്‍സാണ് നേടിയത്. 13 സിക്‌സും 10 ഫോറും സഹിതം.
ജെയ്ക് ഫ്രേസര്‍-മക്ഗര്‍കിനെ കാണുമ്പോള്‍ എല്ലാവര്‍ക്കും ഡേവിഡ് വാര്‍ണറുടെ യൗവ്വനകാലമാണ് ഓര്‍മ വരുന്നത്. അവന്‍ വാര്‍ണര്‍ ജൂനിയര്‍ ആണെന്നു പറയുന്നവരുമുണ്ട്. ബാറ്റിംഗിന്റെ കാര്യത്തിലുള്ള സമീപനമാണ് വാര്‍ണറുമായി മക്ഗര്‍കിനുള്ള സാമ്യം. ഭയമില്ലായ്മ, വേഗത ഒപ്പം ആ രസികത്വവും. വാര്‍ണര്‍ ക്രീസില്‍ നില്‍ക്കുന്നത് കൊലവെറിയുമായല്ല, ഞാനിത് ആസ്വദിക്കുകയാണ്, നിങ്ങളുമിത് ആസ്വദിക്കുക എന്ന മട്ടിലാണ്. മക്ഗര്‍കും അങ്ങനെ തന്നെയാണ്, സ്വയം ആസ്വദിച്ചും മറ്റുള്ളവരെ ആസ്വദിപ്പിച്ചും.
മൈതാനത്തിന്റെ നാലുപാടുമാണ് മക്ഗര്‍കിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ പന്തുകള്‍ ഞെട്ടറ്റു വീഴുന്നത്. സൈണ്‍റൈസേഴ്‌സിനെതിരേ പായിച്ച അഞ്ചു സിക്‌സുകളും അഞ്ചു ദിശകളിലായാണ് പതിച്ചത്. ഏങ്ങനെയെറിഞ്ഞാലും അടിക്കും എന്നു പറയുമ്പോലെ. അയാള്‍ ബാറ്റ് ചലിപ്പിക്കുന്ന വേഗതയാണ് അത്ഭുതപ്പെടുത്തുന്നത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരേ കഴിഞ്ഞ ഡിസംബരില്‍ മെല്‍ബണ്‍ റെനിഗേഡ്‌സിനു വേണ്ടി 23 പന്തില്‍ 55 റണ്‍സ് നേടിയ പ്രകടനമുണ്ട്. ഏഴ് സിക്‌സുകളാണ് അന്നു പായിച്ചത്. സാക്ഷാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പോലും അമ്പരന്ന പ്രകടനം. ‘ അവന്റെ മികവിന് പരിധികളില്ല’ എന്നായിരുന്നു മാക്‌സി ആ കളി മികവിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്.
പ്രതിഭ ഉണ്ടായിട്ടും, അവഗണിക്കപ്പെടുന്നൊരു നിരാശ കാലം കൂടിയുണ്ടായിരുന്നു മക് ഗര്‍കിന്. ഒരു വര്‍ഷം മുമ്പ് വരെ അങ്ങനെയായിരുന്നു അവന്റെ കരിയര്‍. 16മത്തെ വയസില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റമെങ്കിലും, സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തത് തിരിച്ചടിയായി. താനുമായി ആരും കരാര്‍ ഉണ്ടാക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നാണ് മക്ഗര്‍ക് പറഞ്ഞത്. 2022-23 സീസണ് മുമ്പായി ഭാഗ്യം തേടി മക്ഗര്‍ക് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് കൂടുമാറി. നിരാശയും സ്വന്തം കഴിവിലുള്ള സംശയവും വേട്ടയാടിയിരുന്ന ആ പയ്യന്‍ സ്വയം അതില്‍ നിന്നും വിടുതല്‍ നേടി. ബാറ്റിംഗ് സ്ഥിരത നേടാന്‍ കഴിഞ്ഞതോടെ അവന്‍ പന്തുകളെ ഭയപ്പെടാത്തവനായി മാറി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് മക്ഗര്‍കിന് വിളിയെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന അരങ്ങേറ്റം 18 പന്തില്‍ 41 അടിച്ച് ഗംഭീരമാക്കി. ബിബിഎല്‍ സീസണില്‍ 158.64 ശരാശരിയില്‍ എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 257 റണ്‍സ് നേടിയതിനു പിന്നാലെയായിരുന്നു ദേശീയ ടീമിലേക്ക് വിളി വന്നത്.
ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാതെ പോയൊരു താരം കൂടിയാണ് മക്ഗര്‍ക് എന്നുകൂടിയോര്‍ക്കണം. ഇവിടെ കളിക്കാന്‍ പറ്റാതെ വന്നെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍ ഉടമകളുടെ തന്നെ ടീമായ ദുബായ് ക്യാപ്റ്റല്‍സിനു വേണ്ടി പാഡ് കെട്ടാന്‍ മക്ഗര്‍ക്കിന് സാധിച്ചു. അവിടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പകരക്കാരന്റെ ഒഴിവിലേക്ക് പോണ്ടിംഗിന്റെ വിളി വരുന്നത്. മറുത്തൊന്നും ആലോചിക്കാതെ പോണ്ടിംഗിനോട് യെസ് പറഞ്ഞാണ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. തന്റെ കരിയറില്‍ വളരെ പെട്ടെന്നാണ് എല്ലാ മാറ്റങ്ങളും ഉണ്ടായതെന്നാണ് മക്ഗര്‍ക് പറയുന്നത്.
English Summary: Australian player jake fraser-mcgurk delhi capitals batter in indian premier league