UPDATES

വിദേശം

സഹോദരിയെ കാണാന്‍ സന്ദര്‍ശകവിസയിലെത്തിയ ഇറാന്‍ യുവതിയെ യുഎസ് ജയിലിലടച്ചു

യുഎസ് കസ്റ്റംസ് ആന്‍ഡ് ബോഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് മുസ്ലീംരാജ്യങ്ങളില്‍ നിന്നുള്ളവരെ ലക്ഷ്യം വയ്ക്കുന്നതായുള്ള പരാതിക്കിടെയാണ് സംഭവം.

                       

സഹോദരിയേയും ബന്ധുക്കളേയും കാണാന്‍ സന്ദര്‍ശകവിസയിലെത്തിയ ഇറാന്‍ യുവതിയെ യുഎസ് അധികൃതര്‍ ജയിലിലടച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് (എസിഎല്‍യു) ഇക്കാര്യം അറിയിച്ചത്. ആലിയ ഖാന്‍ഡി എന്ന 29കാരിയെയാണ് പോര്‍ട്ട്‌ലാന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ഓറിഗോണ്‍ ജയിലിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് മുസ്ലീംരാജ്യങ്ങളില്‍ നിന്നുള്ളവരെ ലക്ഷ്യം വയ്ക്കുന്നതായുള്ള പരാതിക്കിടെയാണ് സംഭവം. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന വിസാ നിരോധനം ഫെഡറല്‍ കോടതികള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും യുഎസ് അധികൃതരുടെ ഇത്തരം നടപടികള്‍ തുടരുകയാണ്.

വിസയും കൃത്യമായ രേഖയും ഉള്ളയാളും കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തയാളുമായ ഒരു വ്യക്തിക്ക് ഇത്തരം ഒരു അനുഭവമുണ്ടാകുന്നത് ഭീകരമാണെന്ന് എസിഎല്‍യു ലീഗല്‍ ഡയറക്ടര്‍ മാസ് ഡോസ് സാന്‍ഡോസ് പറഞ്ഞു. എന്തിനാണ് ആലിയയെ തടഞ്ഞതെന്നും ജയിലിലടച്ചതെന്നും വ്യക്തമല്ല. ഗവണ്‍മെന്റിന്റെ വിസാനിരോധന നയവുമായി ഇതിന് ബന്ധമില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്്. ആര്‍ക്കിടെക്ടായ ആലിയ യുഎസ് പൗരത്വമുള്ള സഹോദരിയെ കാണാനാണ് പോര്‍ട്ട്‌ലാന്‍ഡിലെത്തിയത്. എന്നാല്‍ ഫോണില്‍ സംസാരിക്കാന്‍ മാത്രമേ ആലിയയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. അഭിഭാഷകരുമായി ബന്ധപ്പെടാനും ഇവരെ അനുവദിച്ചിട്ടില്ലെന്ന് ഡോസ് സാന്‍ഡോസ് പറയുന്നു. ആലിയയുടെ അറസ്റ്റില്‍ പ്രതികരിക്കാന്‍ സിബിപി വിസമ്മതിച്ചു. വിസയുള്ളത് കൊണ്ട് മാത്രം ഒരാള്‍ അമേരിക്കയില്‍ പ്രവേശിക്കാനാവില്ലെന്നും മറ്റ് പല കാര്യങ്ങള്‍ കൊണ്ടും ഒരാള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടാം എന്നാണ് സിബിപിയുടെ വാദം. 12 മണിക്കൂറോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പോര്‍ട്ട്‌ലാന്‍ഡിലേയ്ക്ക് തിരിച്ച് വിട്ടത്.

Share on

മറ്റുവാര്‍ത്തകള്‍