Continue reading “ജയിച്ചത് ‘സമാധാനം’; പക്ഷേ ആ നാടിന് നഷ്ടമായത് 29 ആണ്‍കുട്ടികളെ”

" /> Continue reading “ജയിച്ചത് ‘സമാധാനം’; പക്ഷേ ആ നാടിന് നഷ്ടമായത് 29 ആണ്‍കുട്ടികളെ”

"> Continue reading “ജയിച്ചത് ‘സമാധാനം’; പക്ഷേ ആ നാടിന് നഷ്ടമായത് 29 ആണ്‍കുട്ടികളെ”

">

UPDATES

ജയിച്ചത് ‘സമാധാനം’; പക്ഷേ ആ നാടിന് നഷ്ടമായത് 29 ആണ്‍കുട്ടികളെ

Avatar

                       

ലിസ് സ്ലൈ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ മാസം ഒരു ഫുട്ബോള്‍ മത്സരത്തില്‍ വന്ന് പൊട്ടിത്തെറിച്ച ചാവേര്‍  ബോംബര്‍ ഉണങ്ങിയ ഭൂമിയില്‍ ഒരു ചെറിയ അനക്കം മാത്രമേ സൃഷ്ടിച്ചുള്ളൂ, കോണ്ക്രീറ്റ് ഭിത്തിയില്‍ തീപ്പൊള്ളിയ ഒരു ചെറിയ പാടും.

എന്നാല്‍ മാര്‍ച്ച് 25ന് വൈകുന്നേരം ആറു പതിനഞ്ചിന് ഒരു നിമിഷം കൊണ്ട് രണ്ടു ഡസനിലേറെ ആണ്മക്കളെ നഷ്ടപ്പെട്ട ഒരു ചെറിയ സമൂഹത്തെയാകെ വിലാപക്കയത്തിലാഴ്ത്താന്‍ അവനു കഴിഞ്ഞു.

കളിക്കിടെ നടന്ന ബോംബിങ്ങില്‍ ആകെ നാല്‍പ്പത്തിമൂന്നുപേരാണ് മരിച്ചത്. അതില്‍ ഇരുപത്തൊന്‍പത് പേര്‍ പതിനേഴില്‍ താഴെ പ്രായമുള്ള, കളിയില്‍ പങ്കെടുക്കാനോ കൂട്ടുകാര്‍ കളിക്കുന്നത് കാണാനോ എത്തിയ ചെറിയ ആണ്‍കുട്ടികളായിരുന്നു. 

ചാവേറും കൌമാരക്കാരനായിരുന്നു. പതിനഞ്ചോ പതിനാറോ പ്രായം തോന്നും ഇസ്ലാമിക് സ്റേറ്റ് പുറത്തുവിട്ട അവന്റെ ചിത്രം കണ്ടാല്‍. ഇസ്ലാമിക് സ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ചാവേറിനെ കണ്ടവരും അവന്‍ കൌമാരക്കാരനാണെന്ന് സ്ഥിരീകരിക്കുന്നു. ഷിയാ സംഘടനയായ ഹസദ് അല്‍ ഷാബിയായിരുന്നു അവരുടെ ലക്ഷ്യമെന്ന് തീവ്രവാദസംഘം പറയുന്നു. മരിച്ച മുതിര്‍ന്നവരില്‍ രണ്ടുപേര്‍ ഈ സംഘടനയില്‍ പെടുന്നവരാണെന്ന് പ്രാദേശിക ഗവണ്മെന്റും സ്ഥിരീകരിക്കുന്നു.

എങ്കിലും കുട്ടികളെ ഉറപ്പായും കൊല്ലുന്ന തരം ഒരു ആക്രമണത്തിന്റെ ഭീകരത വിശദീകരിക്കാന്‍ അതൊന്നും മതിയാകില്ല. ഇറാക്കില്‍ ഈ അടുത്ത കാലത്ത് സംഭവിച്ച ദുരന്തങ്ങളില്‍ അസിറിയയിലെ ഈ ഫുട്ബോള്‍ മൈതാനത്ത് നടന്നത് ഏറ്റവും അധികം നടുക്കമുണ്ടാക്കിയതും മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും തന്നെയായിരിക്കും.

ബോംബര്‍ ഒരു കുട്ടിയായിരുന്നു, കുട്ടികളെ കൊല്ലാന്‍ വന്ന ഒരു കുട്ടി! സംഭവത്തില്‍ അഞ്ചു ബന്ധുക്കളെ നഷ്ടമായ പ്രദേശത്തെ ഷെയ്ക്ക് ആയ മൊഹമ്മദ്‌ അല്‍ ജുഹിഷി പറയുന്നു. “അത് കുട്ടികളുടെ മത്സരമായിരുന്നു. കുട്ടികളെ കൊല്ലാന്‍ പോവുകയാണെന്ന് ഉറപ്പായും അയാള്‍ക്ക് അറിയുമായിരുന്നു.”

ബാഗ്ദാദില്‍ നിന്ന് നാല്‍പ്പത് മൈല്‍ അകലെ സുന്നി-ഷിയാ സാന്നിധ്യം ഇടകലര്‍ന്ന ഈ ദരിദ്രഗ്രാമത്തെയാണ് യുഎസ് മിലിട്ടറി മരണത്രികോണം എന്ന് വിളിക്കുന്നത്. ഇവിടെയുള്ള ആണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍ ഒരു വിനോദമല്ല. അതൊരു അഭിനിവേശവും ജീവിതലക്ഷ്യവും ഇറാക്കിലെ ഏറ്റവും അവഗണിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്ന് രക്ഷപെടാന്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ്. 

മോഹനെദ് ഖാസല്‍ എന്നാ പത്തുവയസുകാരന്‍ അത്തരത്തിലൊരാളായിരുന്നു. അവന്‍ ജീവിച്ചത് തന്നെ അവന്റെ പ്രിയപ്പെട്ട ടീമായ റയല്‍ മാഡ്രിഡ്‌ ജയിക്കുന്നത് കാണാന്‍ വേണ്ടിയും ടീമിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് വേണ്ടിയുമാണ് ഏന് അവന്റെ സഹോദരന്‍ പന്ത്രണ്ടുകാരന്‍ അഹമ്മദ് പറയുന്നു. ഒരു ദിവസം ഇറാക്കിന് വേണ്ടി കളിക്കാനാകും എന്നും ഒരുപക്ഷെ റിയല്‍ മാഡ്രിഡ്‌ തന്നെ കളിക്കാന്‍ വിളിക്കുമെന്നും മോഹനെദ് സ്വപ്നം കണ്ടിരുന്നു. അഹമ്മദ് ആവട്ടെ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളില്‍ മികച്ചത് എതാണെന്നതിന്റെ പേരില്‍ സഹോദരന്മാര്‍ തമ്മില്‍ വഴക്കുകളും ഉണ്ടായിരുന്നു.

അവര്‍ രണ്ടുപേരും ഒരു ലോക്കല്‍ ടീമിന് വേണ്ടി കളിച്ചിരുന്നു, പക്ഷെ യൂത്ത് ലീഗ് ടൂര്‍ണമെന്റിന്റെ അവസാനറൌണ്ടിലേയ്ക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. എങ്കിലും മൂത്ത ചേട്ടന്‍ ഇരുപതുകാരന്‍ ഫറൂക്കിന്റെ കൂടെ അവര്‍ മത്സരം കാണാന്‍ പോയിരുന്നു, ഒപ്പം ആ പ്രദേശത്തെ ഫുട്ബോള്‍ ഭ്രാന്തരായ മറ്റുകുട്ടികളും.

അഹ്ലി എന്ന ടീമും സമാധാനം എന്നര്‍ത്ഥമുള്ള സലാം എന്ന ടീമും തമ്മിലായിരുന്നു ഫൈനല്‍. ഗ്രാമത്തിന്റെ നടുക്കുള്ള പൊടിപിടിച്ച ഒരു മൈതാനമായിരുന്നു സ്ഥലം. രണ്ടുവശത്തും ഉള്ള ഗോള്‍പോസ്റ്റ്‌ അല്ലാതെ ഒരു ഫുട്ബോള്‍ ഗ്രൌണ്ടിനു വേണ്ട അടയാളപ്പെടുത്തലുകള്‍ ഒന്നുമില്ലാത്ത ഒരിടം. ഇരുവശത്തും ഉയര്‍ത്തിയിരുന്ന ചെറിയ സ്റ്റേജിലെ പ്ലാസ്റ്റിക്ക് കസേരകളില്‍ ഇരുന്ന് ലോക്കല്‍ നേതാക്കള്‍ കളി കണ്ടിരുന്നു.കാഴ്ചക്കാരായ ആണ്‍കുട്ടികള്‍ മൈതാനത്തിനുചുറ്റും നിന്നുകൊണ്ടാണ് കളി കണ്ടിരുന്നത്.

ചൂടുള്ള ഒരു ദിവസമായിരുന്നിട്ടും കളി കണ്ടുനിന്ന ഒരു കുട്ടി മാത്രം ചെറിയ ഒരു ജാക്കറ്റ് ധരിച്ചിരുന്നത് പക്ഷെ ആരും ശ്രദ്ധിച്ചില്ല. മറ്റുകുട്ടികള്‍ എല്ലാവരും ടീഷര്‍ട്ട് ആയിരുന്നു ധരിച്ചിരുന്നത്. അന്മാര്‍ അല്‍ ജനാബി എന്ന പന്ത്രണ്ടുകാരന്‍ ഈ കുട്ടിയുടെ അടുത്തുനിന്നപ്പോള്‍ ഇത് ശ്രദ്ധിച്ചുവെങ്കിലും മുതിര്‍ന്നവരോട് പറയേണ്ട തരത്തില്‍ ഗൌരവമുള്ള ഒരു കാര്യമാണ് ഇതെന്ന് കരുതിയില്ല.

“അവന് അല്‍പ്പം ഉയരമുണ്ടായിരുന്നു, കണ്ടാല്‍ അല്‍പ്പം വ്യത്യസ്തനായിരുന്നു. ചൂടുള്ള ദിവസം ജാക്കറ്റ് ധരിച്ചിരുന്നു”, അവന്‍ ഓര്‍ക്കുന്നു. “അവന്‍ ഞങ്ങളോട് സംസാരിച്ചു. അവന്‍ പറഞ്ഞു, “നല്ല കളിയാണ്, അല്ലെ?”

കളിയവസാനിച്ചപ്പോള്‍ ജാക്കറ്റ് ധരിച്ച കുട്ടി ട്രോഫിയും മെഡലുകളും വിതരണം ചെയ്യുന്ന സ്ഥലത്തേയ്ക്ക് നീങ്ങി, പതിമൂന്നുകാരന്‍ സഹോദരന്‍ വാലിദിനൊപ്പം മത്സരം കാണാന്‍ പോയ അന്മര്‍ പറയുന്നു.

“പിന്നെയാണ് അവന്‍ സ്വയം പൊട്ടിത്തെറിച്ചത്, ഒരു തീ വന്നു മുഖത്ത് അടിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്”, അന്മര്‍ പറയുന്നു. “പിന്നെ ഞാന്‍ അവിടെ നിന്ന് ഓടിപ്പോയി”.

കുട്ടികളുടെ കൂടെ കുറച്ച് മാതാപിതാക്കളും ഉണ്ടായിരുന്നു. എന്തിനാണ് അവര്‍ വരുന്നത്? അവരില്‍ പലരും പിച്ചിന്റെ ഏതാനും അടി ദൂരെ മാത്രമാണ് താമസിച്ചിരുന്നത്, ഈ കുട്ടികള്‍ മത്സരങ്ങള്‍ക്ക് വേണ്ടിയോ വെറുതെ പന്തുതട്ടി കളിക്കാന്‍ വേണ്ടിയോ ഒക്കെ എന്നും അവിടെ എത്തിയിരുന്നു.

അബ്ബാസ്‌ അലി അല്‍ഇദാനി എന്തായാലും മത്സരത്തില്‍ പങ്കെടുക്കണമെന്ന് കരുതിയിരുന്നു. അന്ന് ഉച്ച കഴിഞ്ഞപ്പോള്‍ പതിമൂന്നുകാരന്‍ മകന്‍ കരാര്‍ ആവേശത്തോടെ അയാളെ വിളിച്ചിരുന്നു, താന്‍ സമാധാനമെന്ന് പേരുള്ള ടീമിന് വേണ്ടി മത്സരിക്കുന്നുവെന്നു അറിയിച്ചു.

“അവന്‍ ആദ്യമായി ഗോള്‍കീപ്പറാവുകയാണെന്നും നല്ല കയ്യുറകള്‍ കൊണ്ടുവരണമെന്നും പറഞ്ഞു”, ഒരു ലോക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന അദ്ദേഹം ഓര്‍ക്കുന്നു. “പക്ഷെ എനിക്ക് ജോലിയുണ്ടായിരുന്നു, പോരാന്‍ പറ്റിയില്ല.”

ഇദാനിയുടെ ഷിഫ്റ്റ്‌ അവസാനിച്ചതും അദ്ദേഹം അടുത്തുള്ള കടയിലേയ്ക്ക് കയ്യുറകള്‍ വാങ്ങാനായി ഓടി. കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാനു അദ്ദേഹം സ്ഫോടനശബ്ദം കേട്ടത്. ഫുട്ബോള്‍ മൈതാനത്തിന്റെ ദിശയില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ഇദാനി പേടിയോടെ കാറില്‍ നിന്ന് ചാടിയിറങ്ങി.

മറ്റുള്ളവരും തങ്ങളുടെ വീടുകളില്‍ നിന്ന് മൈതാനത്തിന്റെ അടുത്തേയ്ക്ക് ഓടുന്നുണ്ടായിരുന്നു- മാതാപിതാക്കള്‍, സഹോദരന്മാര്‍, അമ്മാവന്മാര്‍, മുത്തച്ഛന്‍മാര്‍- ഇവരെല്ലാം എണീറ്റ് സ്ഫോടനസ്ഥലത്തേയ്ക്ക് പാഞ്ഞു. അവിടെ എത്തിയവര്‍ ഫുട്ബോള്‍ മൈതാനത്ത് പൊട്ടിത്തെറിച്ചുപോയ കുട്ടികളുടെ ഒരു കൂട്ടമാണ്‌ കണ്ടത്, ശരീരഅവയവങ്ങളും രക്തവും കുഴഞ്ഞ്. “ഞങ്ങള്‍ കുട്ടികളുടെ ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന്നതു കണ്ടു.”, വാലിദ് എന്ന പതിനാറുകാരന്‍ മകനെ നഷ്ടമായ ഇബ്ത്തിസാം ഹമീദ് പറയുന്നു. “അത് ലോകാവസാനം പോലെയായിരുന്നു.”

അന്മാറിന്റെ സഹോദരന്‍ ബിലാല്‍ അമ്മാവന്റെ കാറില്‍ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി മരിച്ചു. മോഹനെദ് ഖസാല്‍ എന്നാ പത്തുവയസുകാരന്‍ റിയല്‍ മാട്രിഡ് ഫാന്‍ സ്ഥലത്ത് വെച്ച്തന്നെ മരിച്ചു. അവന്റെ സഹോദരന്‍ മുഖത്തെ മുറിവുകളോടെ രക്ഷപെട്ടു. അവരുടെ ഇരുപതുകാരന്‍ സഹോദരന്‍ ഫാറൂക്ക് ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയിലായി.

ഇദാനി ഫുട്ബോള്‍ മൈതാനത്തില്‍ എത്തിയപ്പോഴേയ്ക്കും കരാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നു. അച്ഛന്‍ എത്തുന്നതിനു മുന്‍പ് അവന്‍ മരിച്ചു. 

“എന്തു പറയാനാ… എല്ലാത്തിനും ദൈവത്തോട് നന്ദി മാത്രം പറയാം”, അദ്ദേഹം പറയുന്നു. 

ആഴ്ചകള്‍ കഴിഞ്ഞിട്ടും ഗ്രാമം മുഴുവന്‍ നടുക്കത്തിലാണ്. ബോംബിംഗ് നടന്നതിന്റെ അടുത്തുള്ള മതില്‍ മരിച്ച കുട്ടികളുടെ ഫോട്ടോകളും അവരുടെ രക്തം പുരണ്ട ഉടുപ്പുകളും ഫുട്ബോളുകളും ഒക്കെ സ്ഥാപിച്ചു ഒരു ക്ഷേത്രം പോലെയായിരുന്നു. മക്കളെ നഷ്ടപ്പെട്ട വീടുകളുടെ മുകളില്‍ മരണമറിയിച്ചുകൊണ്ട് കറുത്ത കൊടികള്‍ ഉയര്‍ന്നിരുന്നു.

ഉള്ളില്‍ സ്വീകരണമുറികളില്‍ ദുഃഖം കൊണ്ട് കനത്ത മനസോടെ കുടുംബങ്ങള്‍ ആളുകളുടെ അനുശോചനങ്ങള്‍ സ്വീകരിച്ചു. മാതാപിതാക്കള്‍ ചായ വിളമ്പി, കുട്ടികളുടെ ഫോട്ടോ കാണിച്ചുകൊണ്ട് കരഞ്ഞു.

അന്മാറിന്റെ സഹോദരന്‍ ബിലാല്‍ മിടുക്കനായ ഒരു വിദ്യാര്‍ഥിയായിരുന്നു. ക്ലാസില്‍ ഒന്നാമനും മിടുക്കനായ ഫുട്ബോള്‍ കളിക്കാരനുമായിരുന്നു. മൂന്നുവട്ടം പ്രാദേശിക ടീമിന്റെ മികച്ച കളിക്കാരനായി അവന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവന്റെ മുത്തച്ഛന്‍ ഹമീദ് അല്‍ ജനാബി പറയുന്നു. “അവന്റെ ടീച്ചര്‍മാര്‍ ഞങ്ങളെ കാണാന്‍ വന്നിരുന്നു, അവരെല്ലാം കരയുകയായിരുന്നു. അവന്‍ എപ്പോഴും ക്ലാസില്‍ ഒന്നാമതായിരുന്നു.”

തെരുവിനക്കരെയുള്ള വീട്ടില്‍ വാലിദിന്റെ അച്ഛന്‍ വേറൊരു രീതിയിലാണ് മകനെ ഓര്‍ക്കുന്നത്. “അവനെ സ്കൂളിലൊന്നും വലിയ മിടുക്കനായിരുന്നില്ല. മിക്ക പരീക്ഷകളിലും അവന്‍ തോറ്റിരുന്നു, എപ്പോഴും ഫുട്ബോള്‍ കളിയായിരുന്നു.”

അവന്‍ ദയാലുവായ ഒരു കുട്ടിയായിരുന്നു, പക്ഷികളെ വലിയ ഇഷ്ടമായിരുന്നു, അവന്റെ അമ്മ പറയുന്നു. “അവന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ കേട്ടിട്ടുപോലുമില്ലാത്ത ആളുകള്‍ എന്നെ കാണാന്‍ വന്ന് അവരോടു അവന്‍ ദയാപൂര്‍വ്വം പെരുമാറിയതിനെപ്പറ്റി പറഞ്ഞു.”, അമ്മ പറയുന്നു.

മോഹനെദ് ഖാസലിന്റെ അമ്മ സന യാസിന്‍ മുസ അവരുടെ കുടുംബത്തിന്റെ ചെറിയ കോണ്ക്രീറ്റ് വീട്ടിലിരുന്നുകൊണ്ട് മകനെ ഓര്‍ത്തു. “അവനു എല്ലാം ഫുട്ബോള്‍ ആയിരുന്നു. ഫുട്ബോള്‍ അവന്റെ ആത്മാവായിരുന്നു”, അവര്‍ പറയുന്നു.

മത്സരത്തില്‍ ആര് ജയിച്ചു എന്നത് പലരും മറന്നിരുന്നു. ഇന്റര്‍വ്യൂ ചെയ്തവരില്‍ അഹമദ് മാത്രമാണ് സ്കോര്‍ ഓര്‍മ്മിച്ചത്. സമാധാനം എന്ന് പേരുള്ള ടീമാണ് ജയിച്ചത്, 1-0 ആയിരുന്നു സ്കോര്‍. ടീമിന്റെ സ്വീകരിക്കാത്ത ട്രോഫി സ്ഫോടനം നടന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്നു, അതിനു ചുറ്റും പൂക്കളും ഇറാക്കി കൊടികളും ഫുട്ബോളുകളും ഒരുക്കിവെച്ചിരുന്നു. 

Share on

മറ്റുവാര്‍ത്തകള്‍