UPDATES

ആദ്യ ഐറിഷ് ഓസ്കർ ആഘോഷമാക്കി അയർലൻഡ്

മികച്ച നടനുള്ള ഓസ്കർ പുരസ്ക്കാരം നേടുന്ന ആദ്യത്തെ ഐറിഷ് നടൻ കൂടിയാണ് കിലിയൻ മർഫി

                       

96-ാമത് പുരസ്കാര വേദിയിൽ ഏറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഇതിഹാസ ബയോഗ്രഫിക്കൽ ത്രില്ലർ ഓപ്പൻഹൈമർ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഐറിഷ് നടനായ കിലിയൻ മർഫി ഓസ്കർ നേടുകയും ചെയ്തു. മർഫിയുടെ മികച്ച നടനുള്ള പുരസ്കാരത്തിന്റെ ആഘോഷതിമിർപ്പിലാണ് അയർലൻഡ്. ഓസ്‌കാറിലെ കിലിയൻ മർഫിയുടെ വിജയം രാജ്യത്തെ ഒന്നാകെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്. 2013-ൽ പുറത്തിറങ്ങിയ പീക്കി ബ്ലൈൻഡേഴ്സ് എന്ന സീരീസിലൂടെ പ്രേക്ഷക ശ്രദ്ധയാക‍ർഷിച്ച, മലയാളികൾക്കിടയിൽ പോലും ആരാധകരുള്ള താരമാണ് തോമസ് ഷെൽബി എന്ന കിലിയൻ മർഫി. ഒരു ​ഗായകനായി ഏതെങ്കിലും ഒരു ബാൻഡിന്റെ ഭാ​ഗമാകേണ്ടിയിരുന്ന കിലിയൻ മ‍ർഫി ഒരു സൂപ്പ‍ർ സ്റ്റാറായി മാറുകയായിരുന്നു. മർഫിയുടെ വിജയത്തിൽ അയർലണ്ടിൻ്റെ പ്രസിഡൻ്റായ മൈക്കൽ ഡി ഹിഗ്ഗിൻസടക്കം നിരവധി വ്യക്തികളാണ് അഭിനന്ദങ്ങൾ കൊണ്ട് മൂടുന്നത്.

സിക്‌സ് നേഷൻസ് റഗ്ബി ടൂർണമെൻ്റിൽ അയർലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതും അഭിപ്രായവോട്ടെടുപ്പിൽ ഉണ്ടായ തർക്കങ്ങളും കാരണം നിരാശരായിരുന്ന അയർലൻഡ് ജനതക്ക് ആശ്വാസമേകുന്ന നിമിഷങ്ങളായിരുന്നു ഓസ്കറിലെ വിജയത്തിളക്കം. കിലിയൻ മർഫിയുടേതിനൊപ്പം
ഐറിഷ് നിർമ്മാണ കമ്പനിയായ എലമെൻ്റ് പിക്‌ചേഴ്‌സിന്റെ ലേബലിൽ പുറത്തിറങ്ങിയ ചിത്രമായ പുവർ തിങ്സിന് നാല് അവാർഡുകൾ കൂടി ലഭിച്ചതോടെ വിജയത്തിന് തിളക്കം കൂടി. മികച്ച നടനുള്ള ഓസ്കർ നേടിയ അത്ഭുതകരമായ നേട്ടത്തിനും, കൂടാതെ സമാധാനം പുനഃസ്ഥാപിക്കുന്നവർക്കുമായി സമർപ്പിച്ചതിനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അയർലൻഡ് പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു. ഒപ്പം ഏത് നടൻ്റെയും സ്വപനവും പ്രതിഭക്കുള്ള അംഗീകാരവുമായി ഓസ്കർ നേടിയതിന് അയർലൻഡ് കലാ സാംസ്കാരിക മന്ത്രി കാതറിൻ മാർട്ടിനും അനുമോദനം രേഖപ്പെടുത്തിയിരുന്നു.

മികച്ച നടനുള്ള ഓസ്കർ പുരസ്ക്കാരം നേടുന്ന ആദ്യത്തെ ഐറിഷ് നടൻ കൂടിയാണ് കിലിയൻ മർഫി. ഓസ്‌കറിന്‌ ശേഷമുള്ള തന്റെ പ്രസംഗത്തിൽ അദ്ദേഹം തന്റെ പൈതൃകത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഒപ്പം, ലഭിച്ച ഓസ്കർ സമാധാനം സ്ഥാപിക്കുന്നവർക്ക് വേണ്ടി സമർപ്പിക്കുകയും, എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

‘സൺസ് ഓഫ് മിസ്റ്റർ ഗ്രീൻ ജീൻസ്’ എന്ന ബാൻഡിൽ നിന്നായിരുന്നു കിലിയൻ മർഫിയുടെ തുടക്കം. ആക്ടിങ്ങിനോട് താല്പര്യമില്ലാതിരുന്ന താരം സഹോദരനൊപ്പം മ്യൂസിക് ബാൻഡിൽ ചേരുകയായിരുന്നു. പിന്നീട് യൂണിവേഴ്സിറ്റിയിലെ ഡ്രാമ സൊസൈറ്റിയിൽ എത്തിയതോടെ എൻഡ വാൽഷിൻ്റെ ഡിസ്കോ പിക്സ് എന്ന നാടകത്തിl ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. തുടർന്ന്, പല ഷോ‍‌‍ർട്ട് ഫിലിമുകളിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഷെയ്പ് ഓഫ് തിങ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമയിൽ സജീവമാകുന്നത്.

‘ഡബ്ലിൻ പുസ്തകശാലയായ ഹോഡ്ജസ് ഫിഗ്ഗിസിൽ ഞാൻ ദിവസങ്ങളോളം ചെലവഴിക്കുമായിരുന്നു. അവർക്ക് കുറഞ്ഞ പൈസക്ക് കാപ്പി കിട്ടുന്ന ഒരു കഫേ ഉണ്ടായിരുന്നു. എനിക്ക് ജോലിയില്ലാത്തതിനാൽ അവിടെയിരുന്നാണ് പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നത്. ഞാൻ ഒരു ബിരുദവും നേടിയിട്ടില്ല, എന്നാൽ ഞാൻ വായിച്ചു തീർത്ത പുസ്തകങ്ങളിലെ അറിവ് ബിരുദത്തെക്കാൾ വലുതായിരുന്നുവെന്ന്’ മർഫി ഐറിഷ് ടൈംസിനോട് പറഞ്ഞു.

ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാനിലൂടെ കിലിയൻ മർഫി ‘സ്കെയർ ക്രോ’ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. കരിയ‍ർ ​ഗ്രാഫിൽ താൻ ഉയർന്ന് വരുന്നതിനിടയൽ അഭിനയിച്ച ബ്രേക്ക്ഫാസ്റ്റ് ഓൺ പ്ലൂട്ടോയിൽ ഒരു ട്രാൻസ്ജെൻഡ‍ർ കഥാപാത്രമായെത്തിയ അദ്ദേഹം നിരൂപക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. നോളന്റെ ഇൻസപ്ഷൻ, ഡൺകി‍ർക്ക്, തുടങ്ങിയ ചിത്രങ്ങളിലും മർഫി വേഷമിട്ടിരുന്നു. ഏറ്റവുമൊടുവിൽ ഓപ്പൺഹൈമറിലെ മികച്ച പ്രകടനത്തിന് പരമോന്നത പുരസ്‌കാരമായ ഓസ്കർ തിളക്കത്തിലാണ്.

2020-ൽ ദി ഐറിഷ് ടൈംസ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഐറിഷ് ചലച്ചിത്ര നടന്മാരിൽ ഒരാളായി തെരഞ്ഞെടുത്തു. ഓപ്പൺഹൈമറായുള്ള കിലിയൻ മർഫിയുടെ പ്രകടനത്തിന് ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓപ്പൺഹൈമറിലെ കഥാപാത്രത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡും ബാഫ്റ്റ അവാർഡും കിലിയൻ മർഫിയെ തേടിയെത്തിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍