എന്തുകൊണ്ടാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സെവാന്‍ ഷെരീഫ് നഗരത്തിലുള്ള ലാല്‍ ഷബാസ് കലന്ദര്‍ പള്ളി ആക്രമിക്കാന്‍ തെരഞ്ഞെടുത്തത്? വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. സൂഫികളുടെ വിശേഷ ദിവസമാണ് അന്ന്. പള്ളിയില്‍ വലിയ തിരക്കും കാണും. സ്ത്രീകളും കുട്ടികളുമടക്കം എണ്‍പതോളം പേരാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേര്‍ ബോംബാക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 150ലേറെ പേര്‍ക്കു പരിക്കേറ്റു. അടുത്ത വര്‍ഷങ്ങളില്‍ പാകിസ്ഥാനിലുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളില്‍ ഒന്ന്.
സൂഫി വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പള്ളികളിലൊന്നായ ഇത്, സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മാര്‍വാന്ദി എന്ന സൂഫിവര്യനെയാണ് ആഘോഷിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത് നിരവധിയായ സൂഫി ഗീതങ്ങളിലൂടെയാണ്, അതിലൊന്നാണ് ഏറെ പ്രശസ്തമായ ‘ദമാ ദം മസ്ത് കലന്ദർ’
ന്യൂനപക്ഷമായ ഷിയാക്കളും സുന്നി മുസ്ലീങ്ങളും സൂഫി പള്ളിയില്‍ ഒരുപോലെ വരുന്നു. പക്ഷേ തീവ്രവാദ സംഘങ്ങളായ ഇസ്ലാമിക് സ്‌റ്റേറ്റിനെ പോലുള്ളവര്‍ ഇത് ഇസ്ലാമിക വിരുദ്ധമായ ഒന്നായാണ് കാണുന്നത്. സുന്നീ മുസ്ലിം കര്‍ക്കശ ഭാഷ്യം കൊണ്ടുനടക്കാത്ത ആരെയും, മറ്റ് ഇസ്‌ളാമിക ധാരകളില്‍ ഉള്ളവരെ ഉൾപ്പെടെ അമുസ്ലിങ്ങളായാണ് അവര്‍ കാണുന്നത്.
വ്യാഴാഴ്ച്ചത്തെ ആക്രമണത്തിന് മുമ്പ് 2016 നവംബര്‍ 12നു തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു മലമ്പ്രദേശത്തെ സൂഫി പള്ളിയിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഇതിന് മുമ്പ് ആകമണം നടത്തിയത്. 52 പേര്‍ അന്ന് കൊല്ലപ്പെട്ടു.
താലിബാനും മറ്റ് സുന്നി സംഘങ്ങളും അടുത്ത വര്‍ഷങ്ങളില്‍ സൂഫി പള്ളികളെ ആക്രമിച്ചിരുന്നു. സൂഫി പ്രാര്‍ത്ഥനാഗീതമായ കവാലിയുടെ ജനപ്രിയ ഗായകന്‍ അംജദ് സാബ്രി 2016 ജൂണ്‍ 22നു കറാച്ചിയില്‍ വെച്ചു കാറില്‍ പോകവേ മോട്ടോര്‍സൈക്കിളില്‍ വന്ന ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്റെ ഹക്കീമുള്ള മെഹ്‌സൂദ് വിഭാഗം ‘ദൈവനിന്ദ’ എന്ന് അവര്‍ വിശേഷിപ്പിച്ച ഒരു ഗാനം പാടിയതിനാണ് സാബ്രിയെ കൊന്നതെന്ന് അവകാശപ്പെട്ടു.
പാകിസ്ഥാനില്‍ അടക്കം തെക്കന്‍ ഏഷ്യയില്‍ ജനപ്രിയമായ സൂഫിസം ഇസ്ലാമിലെ ഏറെ സഹിഷ്ണുതാപരമായ ഒരു ധാരയാണ്. സൂഫി പാരമ്പര്യത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും ഒരു സൂഫിവര്യന്റെ പള്ളിയില്‍ ഒത്തുകൂടുകയും പ്രാര്‍ത്ഥനയുടെ നിര്‍വാണം നല്‍കുന്ന പാട്ടിലും നൃത്തത്തിലും ധിക്കിര്‍ മുഴുകുകയും ചെയ്യുന്നു. ചിലപ്പോള്‍ താളനിബദ്ധമായി ദൈവത്തിന്റെ പേരും ഗുണങ്ങളും ആവര്‍ത്തിച്ചു കറങ്ങുന്നു. കവാലി പാട്ടുകള്‍ ദൈവത്തെ, പ്രവാചകനെ, അലിയെ (ഷിയ ഇസ്ലാമിലെ ആദ്യ ഇമാം) അല്ലെങ്കില്‍ ഒരു സൂഫിവര്യനെ സ്തുതിക്കുന്നു. മറ്റുള്ളവ, കവിയുടെ ദൈവത്തിനായുള്ള കാത്തിരിപ്പിനെ പറയുന്ന, പലപ്പോഴും പുറമേക്ക് ഒരു മതേതരമായ പ്രേമഗാനം പോലെയാണ്.
ഇത്തരത്തിലൊരു സമന്വയത്തിന്റെ പ്രാര്‍ത്ഥനാരൂപത്തെ ഖുറാന്റെ വിശുദ്ധതാവ്യാഖ്യാനവാദികളായ, ഇസ്ലാമിലെ കാര്‍ക്കശ്യവാദികളായ വഹാബി/സലാഫി യാഥാസ്ഥിതിക വാദികള്‍ക്ക് അംഗീകരിക്കാന്‍ ആവുന്നില്ല. സൂഫികളുടെ സംഗീത സമ്പ്രദായങ്ങളും സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലെ സന്ദര്‍ശനവും സലഫികളുടെ എതിര്‍പ്പിന് കാരണമാണ്. ചില സൂഫി പ്രാര്‍ത്ഥന ഗീതങ്ങള്‍ വ്യക്തമായിത്തന്നെ മത ബഹുസ്വരതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടി ആവശ്യപ്പെടുന്നു. ഇതെല്ലാം സൂഫികള്‍, ഷിയാകള്‍, മറ്റ് ഇസ്‌ളാമിക മതധാരകള്‍ എന്നിവരെ ദൈവനിന്ദകരായി കാണുന്ന ഇസ്ലാമിക് സ്‌റ്റേറ്റ്, തെഹ്‌രിക് ഇ താലിബാന്‍ തുടങ്ങിയ സംഘടനകള്‍ അംഗീകരിക്കുന്നേയില്ല.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാന്‍ നഗരങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നും വ്യത്യസ്തമായ ഇസ്ലാമിക വിശ്വാസ ധാരകള്‍ പിന്തുടരുന്നവര്‍ക്കെതിരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.