UPDATES

കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന യുദ്ധം

പിഞ്ചു പൈതലുകളടക്കം 1500 കുട്ടികള്‍ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടതായി കണക്ക്

                       

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ ദിനംപ്രതി നൂറുകണക്കിന് മനുഷ്യരാണ് കൊല്ലപ്പെടുന്നത്. യുദ്ധം കവരുന്ന ജീവനുകളില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. ഹമാസ് ആക്രമണം നടത്തിയതിനു പിന്നാലെ ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നാലു വയസിന് താഴെയുള്ള 600 കുട്ടികളടക്കം 10 വയസ്സിന് താഴെ പ്രായം വരുന്ന 1500 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്ത് വിട്ട പട്ടിക വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം മരണപ്പെട്ട 100-ലധികം കുട്ടികളും ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്.

ഇസ്രയേലിന്റെ ഗാസയ്ക്കെതിരായ വ്യോമാക്രമണത്തില്‍ 7,000 ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ പ്രസ്താവനയില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഈ കണക്കുകള്‍. 6,747 പേരുടെ പേര്, വയസ്, ലിംഗഭേദം, തിരിച്ചറിയല്‍ രേഖ എന്നിവ ഉള്‍പ്പടെയുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ഗാസ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നത്. ‘ഗാസ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സത്യമാണ് പറയുന്നതെന്ന് എനിക്ക് വിശ്വാസമില്ല. നിരപരാധികള്‍ തീര്‍ച്ചയായും കൊല്ലപ്പെട്ടിട്ടുണ്ട്, പക്ഷെ അത് യുദ്ധം നടക്കുന്നതിന്റെ വിലയാണ്’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ വിലയിരുത്തല്‍..

അല്‍-അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകളാണ് ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ആദ്യം പുറത്ത് വിട്ടത്. പുറത്തു വന്നതിന്റെ വിപരീതമായ ചില കണക്കുകള്‍ യു.എസ് ഉദ്യോഗസ്ഥരും പുറത്തു വിട്ടിരുന്നു.

ലിസ്റ്റില്‍ പുറത്തു വന്ന പേരുകള്‍ ഓരോന്നും ഇഴകീറി പരിശോധിക്കാന്‍ സാധിക്കില്ലെന്നും, ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും പങ്കുവെക്കുന്ന പല ചിത്രങ്ങളും അതോടൊപ്പം പുറത്ത് വരുന്ന പല അഭിമുഖങ്ങളും യുദ്ധം ഗാസയിലുണ്ടാക്കിയ മരണങ്ങളിലേക്കും നാശനഷ്ടങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തിയ ആഗോള സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഇസ്രയേല്‍-പലസ്തീന്‍ ഡയറക്ടര്‍ ഒമര്‍ ഷാക്കിര്‍ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട മരണ സംഖ്യ ശരിവച്ചുകൊണ്ടു പറഞ്ഞു.

കൊല്ലപ്പെട്ടതായി പുറത്ത് വന്ന കുട്ടികളുടെ എണ്ണം ഗാസയിലെ ജനസംഖ്യയിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ 40 ശതമാനത്തോളം വരും. യുനിസെഫിന്റെ കണക്കനുസരിച്ച് ഗാസയിലെ ജനസംഖ്യയുടെ 47 ശതമാനവും കുട്ടികളാണ്. അഫ്ഗാനിസ്ഥാനിലും ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും മാത്രമാണ് നിലവില്‍ കുട്ടികളുടെ സംഖ്യ കൂടുതലുള്ളത്.

റിപ്പോര്‍ട്ടില്‍ മരണപെട്ട വ്യക്തികളുടെ മരണ തീയതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓരോ ദിവസവും മരണ സഖ്യ കൂടി വരികയെന്നാണ് ആരോഗ്യ മന്ത്രാലയങ്ങളോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലം കൊല്ലപ്പെട്ട 281 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും. മരണപ്പെട്ടവരുടെ മുഴുവന്‍ കണക്ക് നോക്കുകയാണെങ്കില്‍ എണ്ണം 7,028 ആയി ഉയരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . കൂടാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരുടെയും കാണാതായി എന്ന് കരുതുന്നവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പരിക്കേറ്റ വ്യക്തികളുടെയും മരണപെട്ടവരുടെയും രേഖകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞിരുന്നു, കൂടാതെ പലസ്തീന്‍ റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള ഉറവിടങ്ങളില്‍ നിന്നും മന്ത്രാലയം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഇസ്രയേലും ഹമാസും തമ്മിലുള്ള മുന്‍ രക്തരൂക്ഷിത ഏറ്റുമുട്ടലുകളിലും ഗാസ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ക്കൊപ്പം യു എന്‍ ഏജന്‍സികളുടെ കണക്കും പുറത്തു വിട്ടിട്ടുണ്ട്. ഹമാസും ഇസ്രയേലും തമ്മിലുണ്ടായ മൂന്ന് പ്രധാന ഏറ്റുമുട്ടലുകളിലെ മരണങ്ങളുടെ കണക്കുകള്‍ താഴെ ചേര്‍ക്കുന്നു. ഒപ്പം ഐക്യരാഷ്ട്ര സഭയുടെ കണക്കും.

2008- 1,440 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു; യു എന്‍ 1,385.

2014-2,310 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു; യു എന്‍ 2,251.

2021- 260 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു; യു എന്‍ 256 .

 

Share on

മറ്റുവാര്‍ത്തകള്‍