UPDATES

സിനിമാ വാര്‍ത്തകള്‍

തലതിരിഞ്ഞുപോയ ജോമോന്‍; വടക്കന്‍ പരവൂരിലെ ഒരു തിയേറ്ററില്‍ സംഭവിച്ചത്

ദുല്‍ഖര്‍ സല്‍മാന്റെ ഇന്‍ട്രോ സീന്‍ കാണാന്‍ കാത്തിരുന്നവരും നിരാശരായി

                       

ഇതെന്തൊരു സിനിമ? വടക്കന്‍ പറവൂരിലെ ചിത്രാഞ്ജലി തിയേറ്ററില്‍ ജോമോന്റെ സുവിശേഷങ്ങള്‍ ആദ്യ ഷോ തന്നെ കാണാന്‍ കയറിയവര്‍ പരസ്പരം ചോദിച്ചു പോയി. ചാനലിലും യുട്യൂബിലുമൊക്കെ കണ്ടും കേട്ടും ഇഷ്ടമായ ആ പാട്ടുകള്‍ എവിടെ? ആര്‍ക്കും ഒരുപിടിയും കിട്ടുന്നില്ല.

ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ആയിരുന്നു തിയേറ്ററില്‍ അധികവും. തങ്ങളുടെ ആരാധ്യതാരത്തെ സ്‌കീനില്‍ കാണിക്കുമ്പോള്‍ വാരിയെറിയാന്‍ പൂക്കളും കടലാസുകളുമൊക്കെ കരുതിയാണവര്‍ തിയേറ്ററില്‍ എത്തിയത്. പക്ഷേ പടം തുടങ്ങിയതില്‍ തന്നെ ഒരു പന്തികേട്. ടൈറ്റിലുകള്‍ കണ്ടില്ല. ടൈറ്റിലുകള്‍ വന്നില്ലെങ്കിലും കുഴപ്പമില്ല, ഡിക്യുവിന്റെ തകര്‍പ്പന്‍ ഇന്‍ട്രോ അല്ലേ എല്ലാവരും കാത്തിരിക്കുന്നത്. എന്നാലതാ ഒരു കൂസലുമില്ലാതെ ദുല്‍ഖര്‍ സ്‌ക്രീനില്‍. ഒരുപക്ഷേ വെറയ്റ്റി ആയിക്കോട്ടെ ദുല്‍ഖറിന്റെ എന്‍ട്രി എന്നു സത്യന്‍ അന്തിക്കാട് വിചാരിച്ചു കാണുമെന്ന് ആശ്വസിച്ചു, കൈയില്‍ കരുതിയ കടലാസുകളും പൂക്കളും അന്തരീക്ഷത്തില്‍ ഉയര്‍ത്തിയെറിഞ്ഞു കൊതി തീര്‍ത്തു ആരാധകര്‍.

എങ്കിലും മുന്നോട്ടു പോകുന്തോറും എന്തൊക്കെയോ പന്തികേടുകള്‍ പിന്നെയും. അതെന്താണെന്നു മനസിലാകും മുന്നേ പടം തീര്‍ന്നു! ഒരു മണിക്കൂറിനുള്ളില്‍ സിനിമ തീരുകയോ? എല്ലാവരും അന്തം വിട്ടിരിക്കുകയാണ്. ഇങ്ങനെയൊരു സിനിമയോ? അതും സത്യന്‍ അന്തിക്കാടും ദുല്‍ഖറും ചേര്‍ന്ന്! മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നു മനസിലാക്കി ഫാന്‍സുകാരില്‍ ചിലര്‍ രംഗത്തിറങ്ങി. അവര്‍ ആദ്യം തിയേറ്റര്‍ മാനേജരെ തിരക്കി ചെന്നു. മാനേജരുടെ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുന്നു! പന്തികേട് മണത്ത ഫാന്‍സുകാര്‍ പിന്നീട് ഓപ്പറേറ്ററെ തേടിചെന്നു. അയാളതാ മുഖത്ത് ചോരമയംവറ്റി നില്‍ക്കുന്നു.

സംഭവം ഇത്രേയുള്ളൂ, സ്‌ക്രീനില്‍ കണ്ടത് ചിത്രത്തിന്റെ രണ്ടാം ഭാഗം. അപ്പോള്‍ ആദ്യ ഭാഗം എവിടെ പോയി? ഒന്നും രണ്ടും തമ്മില്‍ മാറിപ്പോയി.

പിന്നെ ആകെയൊരു ബഹളമായിരുന്നു. ഫാന്‍സുകാര്‍ സംഗതി വഷളാക്കുമെന്നു കണ്ടതോടെ സിനിമയുടെ ആദ്യ പകുതി ഉടന്‍ തന്നെ പ്രദര്‍ശിപ്പിക്കാമെന്നു തിയേറ്ററുകാര്‍. എന്നിട്ടും രംഗം ശാന്തമായില്ല. ഒടുവില്‍ ഒരുവിധം എല്ലാവരെയും ആശ്വസിപ്പിച്ച് ആദ്യ പകുതി കൂടി പ്രദര്‍ശിപ്പിച്ച് തിയേറ്റുകാര്‍ തടികഴിച്ചലാക്കി എന്നു കേള്‍ക്കുന്നു.

(ക്ലൈമാക്‌സില്‍ തിയേറ്ററുകാരെ രക്ഷപെടുത്തിയത് ദേശീയഗാനം ആണെന്നാണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്ന  ഒരു കഥ. അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരുവിധത്തിലും അടങ്ങാത്ത കാണികളുടെ പരാക്രമം ഇനിയും തുടര്‍ന്നാല്‍ തിയേറ്റര്‍ തന്നെ തകര്‍ത്തു കളയുമെന്നു ബോധ്യമായ ആരോ ഉടന്‍ തന്നെ ദേശീയഗാനം പ്ലേ ചെയ്തു. ഉടന്‍ തന്നെ എല്ലാവരും അറ്റന്‍ഷനായി നിന്നെന്നും ദേശീയഗാനം കഴിഞ്ഞതോടെ സിനിമയുടെ ആദ്യപകുതി പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു).

Share on

മറ്റുവാര്‍ത്തകള്‍