മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന നടന്‍ കലാഭവന്‍ മണി മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്നു മണിയുടെ അന്ത്യയാത്രയില്‍ നമ്മള്‍ കണ്ടതാണ്. കേരളത്തിലെ ഏതെങ്കിലും ഒരു സൂപ്പര്‍ താരത്തിന് കിട്ടിയിട്ടുണ്ടോ അല്ലെങ്കില്‍ ഇനി കിട്ടുമോ എന്ന് സംശയിക്കുന്ന തരത്തിലുള്ള യാത്രയയപ്പാണ് കേരള ജനത മണിയ്ക്ക് നല്‍കിയത്. അദ്ദേഹം മരിച്ച് കഴിഞ്ഞിട്ടും ഏതാണ്ട് മൂന്ന് മാസത്തോളമാണ് ഇവിടുത്തെ ടി.വി ചാനലുകള്‍ അദ്ദേഹത്തിന്റെ കഥകളും ക്ലിപ്പിങ്ങുകളും പാട്ടുകളുമെല്ലാം പ്രക്ഷേപണം ചെയ്ത് ആഘോഷിച്ചത്. ഞാന്‍ മരിച്ചുകഴിയുമ്പോഴാണ് എന്റെ വില അറിയുന്നതെന്ന് മരിക്കുന്നതിന് മുമ്പ് മണി തന്നെ പറഞ്ഞിരുന്നു. അത് സത്യമെന്ന് തെളിയിക്കുന്നതായിരുന്നു എല്ലാം.
അഭിനയ കലയില്‍ മണി കേരളത്തിലെ മറ്റ് നടന്‍മാര്‍ക്കില്ലാത്ത ചില പ്രത്യേകതകളുള്ള, ചില പ്രത്യേക തരം കഥാപാത്രങ്ങളെ ചെയ്യാന്‍ കഴിവുള്ള ഒരു അസാധ്യ നടന്‍ തന്നെയായിരുന്നു. അത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളിലൂടെ അയാള്‍ തെളിയിച്ചിട്ടുള്ളതാണ്.
എന്റെ 13 സിനിമകളിലാണ് മണി അഭിനയിച്ചത്. ദിലീപിനെ നായകനാക്കിയുള്ള കല്യാണ സൗഗന്ധികം ചെയ്യുന്ന സമയത്താണ് പാലാരിവട്ടത്തെ എന്റെ വീട്ടില്‍ വച്ച് കലാഭവന്‍ മണിയെ ആദ്യമായി കാണുന്നത്. അയാളുടെ സല്ലാപത്തിലെ അഭിനയം തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് കല്യാണ സൗഗന്ധികത്തില്‍ മണിയ്ക്ക് ഒരു മുഴുനീള ഹാസ്യ കഥാപാത്രം ചെയ്യാന്‍ അവസരമൊരുക്കുന്നത്. അത് മണി അതിമനോഹരമായി ചെയ്തു.
ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ മണി പലതും അഭിനയിച്ച് കാണിക്കുമായിരുന്നു. ഒരു അന്ധന്‍ റോഡ് മുറിച്ചുകടക്കുന്ന ഒരു സീന്‍ അഭിനയിച്ച് കാണിച്ചപ്പോള്‍ ഞങ്ങളെല്ലാം ശരിക്കും ഞെട്ടി. അന്ന് ഞാന്‍ അയാളെ കെട്ടിപ്പിടിച്ച് അന്ധന്‍ നിന്നെ കണ്ട് പഠിക്കേണ്ട അവസ്ഥയാണല്ലോ എന്ന് പറയുകയും ചെയ്തു. അത്രയും മനോഹരമായാണ് അയാളത് ചെയ്തത്. നമ്മള്‍ അത് മിമിക്രി എന്ന് പറഞ്ഞ് തള്ളരുത്. മിമിക്രിക്കാരുടെ കഴിവ് അംഗീകരിച്ചേ പറ്റൂ. മറ്റൊരാളുടെ ചലനങ്ങളെ, അയാളുടെ രൂപഭാവാദികളെ പകര്‍ത്തുക എന്നത് ഒരു കഴിവ് തന്നെയാണ്. അക്കാര്യങ്ങള്‍ പകര്‍ത്തിയിട്ട് തനതായി അവതരിപ്പിക്കുമ്പോഴാണ് അത് അഭിനയവും കലയുമൊക്കെയായി മാറുന്നത്. മണി അതാണ് ചെയ്തത്. കുശുമ്പ് കുത്തിയ മലയാള സിനിമയിലെ ചില ആളുകള്‍ ആണ് അതിനെ മിമിക്രി എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത്.
അയാളെ അത്തരത്തില്‍ ഒതുക്കുകയായിരുന്നു. ‘നിന്റെ വെടലച്ചിരിയുടേയും കോമഡിയുടേയും പീക്ക് ടൈം ആണിത്. പക്ഷെ ഇതൊന്നുമല്ലാത്ത, നീയൊരു വലിയ നടനാണെന്ന് കാണിക്കുന്ന ഒരു സീരിയസ് കഥാപാത്രം ഞാന്‍ നിന്നെ വച്ച് ചെയ്യും. അതും അന്ധനായിട്ട് തന്നെ’ എന്ന് ഞാനയാളോട് പറഞ്ഞു. അന്നുതൊട്ട് മണി എപ്പോഴും എന്നോടക്കാര്യം തിരക്കുമായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തന്നെ മണി എന്റെ സിനിമകളില്‍ അഭിനയിച്ചു. അവസാനം 98ലാണ് വാസന്തിയും ലക്ഷ്മിയും ഞാനുമെന്ന സിനിമയിലേക്ക് വരുന്നത്. അന്ന് മണി ഒരു സീനില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തന്നെ അവിടെ വന്നിരുന്ന പത്രക്കാരോട് ‘ ഇയാളെ അങ്ങനെ മാറ്റിക്കെട്ടുകയൊന്നും വേണ്ട. ഇവിടുത്തെ സൂപ്പര്‍ താരങ്ങളുടെ നടുക്ക് ഒരു കസേരയിട്ട് മണിയെ ഇരുത്തും’ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതന്ന് വലിയ വിവാദമായി. സത്യത്തില്‍ ഞാന്‍ പറഞ്ഞത് നടന്നു. പിന്നീട് ഞാന്‍ ചെയ്ത രാക്ഷസ രാജാവില്‍ ഒരു വില്ലന്‍ കഥാപാത്രം മണിയ്ക്ക് നല്‍കി. ആ ചിത്രം ചെന്നൈയില്‍ കൊണ്ടുപോയി കാണിച്ചിട്ടാണ് വിക്രം നായകനായ ജമിനി എന്ന ചിത്രത്തില്‍ മുഖ്യ വില്ലന്‍ കഥാപാത്രമായി അഭിനയിക്കാന്‍ മണിയ്ക്ക് അവസരം ലഭിക്കുന്നത്.
അതിലുപരിയായി കേരളത്തില്‍ നശിച്ചുകൊണ്ടിരുന്ന, അല്ലെങ്കില്‍ മറന്നുപോയ്‌ക്കൊണ്ടിരുന്ന നാടന്‍ പാട്ടുകളുടെ ശീല് മനുഷ്യരുടെ മനസ്സിലേക്ക് കയറ്റുകയും അത് ജനകീയമാക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. നാടന്‍പാട്ടിന് മണി നല്‍കിയ സംഭാവന നോക്കുകയാണെങ്കില്‍ മണിയുടെ പേരില്‍ കേരളത്തില്‍ വലിയൊരു സ്മാരകമോ സ്ഥാപനമോ ഒക്കെ തുടങ്ങാനുള്ള യോഗ്യതയുണ്ട്. കൊച്ചുകുഞ്ഞുങ്ങള്‍ പോലും ഇന്നും മണിച്ചേട്ടന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുന്ന അവസ്ഥയുണ്ട്. അത്തരം ജനകീയനായ നടനും പാട്ടുകാരനുമായിരുന്നു അയാള്‍.
ദളിത് വിഭാഗത്തില്‍ നിന്ന് ആരെങ്കിലും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരുമ്പോള്‍ നമ്മള്‍ കൈപിടിച്ച് ഉയര്‍ത്തണമെന്ന് പറയാറുണ്ട്. ആ വിഭാഗം ഇന്നും സമൂഹത്തില്‍ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം വളര്‍ന്നിട്ടില്ല എന്നതുകൊണ്ടാണിത്. അങ്ങനെയൊരു വിഭാഗത്തില്‍ നിന്ന് ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം അനുഭവിച്ച് വന്നവനാണ് ഞാനെന്ന് വലുതായതിന് ശേഷവും ഉറക്കെപ്പറയാന്‍ മനസ്സും ധൈര്യവും കാണിച്ച പച്ചയായ ഒരു മനുഷ്യനായിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ സിനിമാ രംഗത്ത് അയാള്‍ അരികുവല്‍ക്കരിക്കപ്പെട്ടിരുന്നു എന്ന് പറയാന്‍ ഇന്നും എനിക്ക് മടിയില്ല. കാരണം അക്കാര്യം എനിക്കാണ് ഏറ്റവും നന്നായി അറിയാവുന്നത്. എന്നോടാണ് മണി അത്തരം കഥകള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത്. ‘സാര്‍, ഞാനൊറ്റപ്പെടുന്നുണ്ട്. എന്നെ അങ്ങോട്ട് അംഗീകരിക്കാന്‍ പാടാ സാറേ’ എന്നയാള്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്.
മണി അഭിനയിച്ചാല്‍ അത് അഭിനയമാവില്ല എന്ന് വിശ്വസിക്കുന്നവരാണ് പലരും. അതുകൊണ്ടാണല്ലോ ഇവിടുത്തെ അവാര്‍ഡ് കമ്മിറ്റി വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമ മിമിക്രി പടമാണെന്ന് പറഞ്ഞ് എഴുതിത്തള്ളിയത്. അതുകൊണ്ട് തന്നെയാണല്ലോ ആ സിനിമ ദേശീയ പുരസ്‌കാരത്തിന് ചെന്നിട്ടും പുരസ്‌കാരത്തില്‍ തൊടീക്കാതെ നിര്‍ത്തിയത്. അടിയാന് എപ്പോഴും ശാപ്പാട് പുരയ്ക്ക് വെളിയിലാണെന്ന് പറയാറുണ്ടല്ലോ. അപ്പോള്‍ മണിയെപ്പോലൊരാള്‍ സിനിമയ്ക്കകത്ത് അരികുവല്‍ക്കരിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ അതില്‍ സംശയമില്ല.
സാമ്പത്തികമായി ഉയര്‍ച്ച വന്നതിന് ശേഷം ആ ചെറുപ്പക്കാരന്‍ ഇരുചെവിയറിയാതെ എത്രയായിരം പേരെ സഹായിച്ചിരിക്കുന്നു എന്നിടത്താണ് മണിയോട് എന്റെ ഏറ്റവും വലിയ ഇഷ്ടം. ഒരിക്കല്‍ നല്ല മഴയത്ത് തൃശൂരില്‍ നിന്ന് വടക്കോട്ട് കാറോടിച്ച് പോവുമ്പോള്‍ റോഡരികിലും പുറമ്പോക്കിലും ഫ്ലക്‌സ് കൊണ്ട് മൂടിയ കുടിലുകളില്‍ താമസിക്കുന്നയാളുകളെ മണി കണ്ടു. അവിടെ വണ്ടി നിര്‍ത്തി മഴയത്ത് ഇറങ്ങിച്ചെന്ന് ആ കുടിലികത്ത് താമസിക്കുന്നവരെ നേരിട്ട് കണ്ട് സംസാരിച്ചു. അവര്‍ക്ക് ഓരോരുത്തര്‍ക്കും പണം നല്‍കി ഫ്ലക്‌സ് മാറ്റി നല്ല രീതിയില്‍ കുടില്‍ കെട്ടാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ഇക്കാര്യം ആരും അറിഞ്ഞില്ല. ഒരു പബ്ലിസിറ്റിയും കൊടുത്തില്ല. വേറെ ഏത് നടനാണെങ്കിലും ആദ്യം ടി.വി. ചാനലുകാരെ വിളിച്ചിട്ടേ ഇത്തരം കാര്യങ്ങള്‍ ചെയ്യൂ. ഈ കുടിലുകളിലൊന്നില്‍ താമസിച്ചിരുന്ന ഒരാള്‍ മണിയുടെ അനുസ്മരണ സമ്മേളനത്തിന് വന്നപ്പോള്‍ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞതാണിക്കാര്യം. അത്തരം കാര്യങ്ങള്‍ ചെയ്തയൊരാളാണ് മണിയെന്ന് കേള്‍ക്കുമ്പോഴാണ് ആ മനുഷ്യനിലെ നന്മ നമ്മള്‍ മനസ്സിലാക്കുന്നത്.
മണി മരിച്ചിട്ട് ഒരു വര്‍ഷമായിട്ടും സര്‍ക്കാരിനും പോലീസിനും അയാളുടെ മരണം എങ്ങനെ സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല. അതാണ് സങ്കടകരം. സ്വാഭാവിക മരണമാണെന്നതിന് തെളിവുകളില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ കൊലപാതകമാണോ? അത് അറിയില്ല. ആത്മഹത്യയാണോ? അതും ഞങ്ങള്‍ക്കറിയില്ല എന്നാണ് അവരുടെ ഉത്തരം.
ഹിന്ദു ആചാര പ്രകാരം ബലിയിടണമെങ്കില്‍ മരണം എങ്ങനെ സംഭവിച്ചു എന്നറിയണം. ദുര്‍മരണമാണെങ്കില്‍ ചെയ്യേണ്ടത് വേറെ കര്‍മ്മങ്ങളാണ്. ചുരുക്കം പറഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും മണിയുടെ ആത്മാവിന് പോലും ശാന്തി കൊടുക്കത്തക്ക രീതിയിലുള്ള റിപ്പോര്‍ട്ട് നമ്മുടെ സര്‍ക്കാരിനോ പോലീസിനോ മരണത്തെപ്പറ്റി നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വളരെ ദു:ഖകരമാണ്. മണിയുടെ സഹോദരനും സഹോദരിമാരും നിരാഹാര സമരത്തിലാണ്. അപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനം നടക്കുമ്പോള്‍ ഇപ്പുറത്ത് ഇവര്‍ നിരാഹാരമിരിക്കുകയാണ്. എന്നാല്‍ ഒരു വാക്ക് ആരും മിണ്ടിയിട്ടില്ല.
സര്‍ക്കാരും പോലീസും പോട്ടെ. മണി അംഗമായിരുന്ന അമ്മ എന്ന സംഘടനയുണ്ടല്ലോ. മണി വോട്ട് പിടിക്കാന്‍ വരെ നടന്ന ഇന്നസെന്റ് അടക്കമുള്ള അമ്മയുടെ നേതാക്കന്‍മാരുണ്ടല്ലോ ? എന്തുകൊണ്ട് അവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്തുകൂട? ഏതോ ഒരു നടനെതിരെ വിമര്‍ശനങ്ങള്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ വാളും കൊണ്ടിറങ്ങുകയും പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. അത്തരം ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്നവര്‍ മണിയുടെ കാര്യത്തില്‍ മിണ്ടുന്നില്ല. അന്വേഷണത്തില്‍ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നോ, മണിയുടെ മരണത്തിന് പിന്നിലുള്ള ചോദ്യങ്ങള്‍ക്ക് ഒരവസാനം കാണണമെന്നോ ആവശ്യപ്പെട്ട് എന്തുകൊണ്ട് അമ്മ ഒരു പത്രസമ്മേളനം നടത്തുന്നില്ല? അനുസ്മരണ സമ്മേളനം മാത്രം പോര, ആ കുടുംബത്തിനൊപ്പം നില്‍ക്കാനുള്ള ഒരു ബാധ്യതയുമുണ്ടല്ലോ?
അധ:സ്ഥിതരായിപ്പോയി, അല്ലെങ്കില്‍ പുറംപോക്കില്‍ ജീവിക്കുന്നവരായിപ്പോയി എന്ന തരത്തില്‍ തന്നെ അവരെ അരികിലേക്ക് മാറ്റി നിര്‍ത്തിയിട്ട് ഈ സൂപ്പര്‍ തമ്പുരാക്കന്‍മാര്‍ ഞങ്ങളുടെ ഹൃദയത്തിന്റെ പുത്രനാണ് മണി, ഞങ്ങളുടെ സഹോദരനാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നതില്‍ ഒരു കാര്യവുമില്ല. ജീവിച്ചിരിക്കുമ്പോഴും മണി അരുകിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. മരിച്ചപ്പോഴും മണിയുടെ മരണം എങ്ങനെയെന്ന് കണ്ടുപിടിക്കാതിരിക്കുന്നത് അമ്മയ്‌ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു പ്രശ്‌നവുമല്ല. നിരാഹാരം കിടക്കുന്നത് മണിയുടെ കുടുംബം മാത്രമാണ്.
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ അതാണ് എന്റെ അടുത്ത ചിത്രം. മണിയുടെ ജീവിതമാണ് ആ സിനിമ. അതിന്റെ എഴുത്തിലും പണിപ്പുരയിലുമാണ് ഞാന്‍. അത്രമാത്രം ഇഷ്ടമാണ് എനിക്കയാളെ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)