UPDATES

കാന്തപുരത്തെ നിലയ്ക്കുനിര്‍ത്താന്‍ കഴിയില്ലേ? ഈ ചോദ്യം നിങ്ങളോടാണ് സ്ത്രീകളെ!

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കിട്ടിയതാണ് സര്‍വ്വനാശത്തിന്റെയും കാരണമായി കാന്തപുരം പണ്ടൊരുനാള്‍ കണ്ടെത്തിയത്.

                       

സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അടുത്ത ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി കേരളത്തിലെത്തും. നായകന്‍ കാന്തപുരം അബൂബക്കറാണ്. ജൂറാസിക് കാലഘട്ടത്തിലെ ജീവികളെ നമ്മള്‍ക്ക് പരിചയപ്പെടുത്തിത്തന്ന സിനിമാക്കാരന്‍ അതിനേക്കാള്‍ എത്രയോ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ ജീവിച്ചിരുന്ന ഒരു ജീവിയുടെ ജീനുകളാണത്രെ കാന്തപുരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന് ആനുപാതികമായ തലച്ചോറില്ലാതിരുന്നതുകൊണ്ട് വംശനാശം വന്നു പോയ സരടങ്ങള്‍ (ദിനോസോറുകള്‍) പോലെ, അതിലും ചെറിയ തലച്ചോറുള്ള, ഈ അതിപൗരാണികജീവി പെട്ടെന്നെങ്ങാനും സിദ്ധികൂടിപ്പോകുമോ എന്ന ഭയത്തിലാണ് തിരക്കഥപോലും തയ്യാറാകാതെ ഷൂട്ടിംഗിനെത്തുന്നത്.

വരുന്നവഴിയ്ക്കുതന്നെ വടക്കേ ഇന്ത്യയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ചില സംഘികളുടെ സാമ്പിളുകളും കൊണ്ടുവരുന്നുണ്ട്. ഇവരൊക്കെയാണ് ആ പുരാതന കാലഘട്ടത്തിനെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍. എക്‌സ്ട്രാ താരങ്ങളായി കേരളത്തിലെ സംഘികളായ ചില കക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പില്‍ബര്‍ഗ്ഗ് വരുന്നതിന് മുമ്പ് നമുക്ക് ഈ മാന്യദേഹം പറഞ്ഞ കാര്യങ്ങളെ ചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാം. കാരണം, നാളെ ചിലപ്പോള്‍ കാന്തപുരത്തെ സ്വീഡിഷ് അക്കാദമി ആദരിച്ചേക്കാം. നൊബേല്‍ കമ്മിറ്റിയല്ലേ? എന്തും സംഭവിക്കാം. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും ഇസ്രായേലിലെ പ്രധാനമന്ത്രിമാര്‍ക്കും സമാധാനത്തിനുള്ള സമ്മാനം നല്‍കി ആദരിച്ച മഹാത്ഭുതപ്രസ്ഥാനമാണത്.

”പുരുഷനും സ്ത്രീയും തുല്യരല്ല. തുല്യതവേണമെന്നു വാദിയ്ക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണ്. പ്രകൃതിവിരുദ്ധമാണ്. മനുഷ്യത്വ വിരുദ്ധമാണ്… ആണും പെണ്ണും ഒരുമിച്ച് ഇരിക്കണമെന്നു പറയുന്നത് ഒളിയമ്പാണ്. ഇസ്ലാമിനെ തകര്‍ക്കാന്‍. സംസ്‌കാരത്തെ തകര്‍ക്കാന്‍… ഹൃദയശസ്ത്രക്രിയ നടത്തുന്ന സ്ത്രീകള്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നു ചൂണ്ടിക്കാണിക്കാന്‍ ഏതെങ്കിലും ചുണക്കുട്ടികളായ ആണ്‍കുട്ടികളുണ്ടോ? ചുംബനസമരത്തെ ഞാനെതിര്‍ത്തപ്പോള്‍ അതിനെതിരെ ശബ്ദിച്ചവര്‍ ഓര്‍ക്കണം, സമരക്കാര്‍ ഇപ്പോള്‍ എവിടെ കിടക്കുന്നു എന്ന്. സ്ത്രീകളുടെ ജോലി പ്രസവിക്കുകയാണ്…” ഇതൊക്കെയാണ് കാന്തപുരത്തിന്റെ സൂക്തങ്ങള്‍. ഇവ ഒന്നൊന്നായി എടുത്തു പരിശോധിക്കാം.

പുരുഷനും സ്ത്രീയും തുല്യരല്ല. അതു ശരിയാണ്. കാന്തപുരവും പാണക്കാടു തങ്ങളും തുല്യരാണോ? രണ്ടുപേരും  പുരുഷന്‍മാരും മനുഷ്യരായിട്ടുപ്പോലും? അല്ലല്ലോ. അതുപോലെയാണ്  ഉദ്ദേശിച്ചതെങ്കില്‍ തര്‍ക്കമില്ല. അല്ലാതെ സ്ത്രീ എന്ന വര്‍ഗ്ഗവും പുരുഷനെന്ന വര്‍ഗ്ഗവും തുല്യരാണോ എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം ‘അല്ല’ എന്നുതന്നെ. എന്നാല്‍, പുരുഷനാണ് സ്ത്രീയേക്കാള്‍ മെച്ചപ്പെട്ടത്, ശക്തിയുള്ളത് എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ സോറി, അത് അംഗീകരിക്കാന്‍ കഴിയില്ല. മാത്രമല്ല, സ്ത്രീ പുരുഷനേക്കാള്‍ എത്രയോ കൂടുതല്‍ ശക്തയാണെന്ന് അംഗീകരിക്കേണ്ടിയും വരും. കാന്തപുരത്തെപ്പോലെ മതത്തെ ആധാരമാക്കിയല്ല ഇത് പറയുന്നത്.

മനുഷ്യന്റെ അടിസ്ഥാനം ശരീരമാണ്. ഈ ശരീരത്തിലൂടെയാണ് ജീവന്‍ നിലനില്‍ക്കുന്നത്.  ഈ ശരീരത്തിലൂടെയാണ് ജീവന്റെ നൈരന്തര്യം നിലനില്‍ക്കുന്നത്. ജീവന്റെ നൈരന്തര്യം നിലനിര്‍ത്തുന്നത് പ്രത്യുത്പാദനത്തിലൂടെയാണ്. ഒരു ജീവനെ 10 മാസത്തോളം വയറ്റിനുള്ളിലിട്ടു പാകപ്പെടുത്തിയെടുക്കുന്ന അത്രയും സങ്കീര്‍ണ്ണമായതല്ല ഇന്നത്തെ ഏറ്റവും ആധുനിക മാസ്റ്റര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണം പോലും. ബീജം നിക്ഷേപിച്ചിട്ട് പമ്പകടക്കുന്ന പുരുഷന്റെ ചിന്തയ്ക്കപ്പുറമാണ് അതിനെ വളര്‍ത്തി വലുതാക്കുന്ന സ്ത്രീയുടെ ചിന്തയും ശരീരവും.

പ്രത്യുല്‍പ്പാദനത്തിന് പ്രേരിപ്പിയ്ക്കുന്ന പ്രധാനഘടകമാണ് ലൈംഗികത. ലൈംഗികതയുടെ കാര്യത്തില്‍ പുരുഷന്‍ സ്ത്രീയേക്കാള്‍ എത്രയോ താഴെയാണ്. പുരുഷന് ഒരു രതിമൂര്‍ച്ഛ വരുമ്പോള്‍ അതിന്റെ പത്തോ ഇരുപതോ ഇരട്ടി രതിമൂര്‍ച്ഛയ്ക്ക് സാധ്യതയുള്ളതാണ് സ്ത്രീയുടെ ലൈംഗികത എന്ന ഒറ്റക്കാരണം മതി ഇതു ബോധ്യമാകാന്‍. (സ്ത്രീകള്‍ക്ക് അവരുടെ പൂര്‍ണ്ണ ലൈംഗിക സംതൃപ്തി ഒരു പുരുഷനില്‍ നിന്നും കിട്ടില്ല. അയാള്‍ എത്ര വലിയ കാന്തപുരമാണെങ്കിലും. അത് പുരുഷന്റെ ലൈംഗികമായ പരിമിതിയാണ്.)

ഈ വസ്തുത പുരുഷന്‍ പണ്ടുതന്നെ തിരിച്ചറിഞ്ഞിരുന്നു. ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ സ്വന്തം ലൈംഗികാവയവത്തിന്റെ സെന്‍സിറ്റീവിറ്റി കുറയ്ക്കുക എന്നതാണ് പുരുഷന്‍ കണ്ടെത്തിയ ഒരു വഴി; അങ്ങനെയാണ് സുന്നത്തിന്റെ (circumcision) തുടക്കം. അല്ലാതെ, ഇന്നു പറയുന്നതുപോലെ വൃത്തിയുമായിട്ടല്ല അതിനു ബന്ധം. അടുത്തഘട്ടത്തില്‍ സ്ത്രീയുടെ രതിമൂര്‍ച്ചയുടെ സ്രോതസ്സ് കണ്ടെത്തി അതിനെ നശിപ്പിക്കുകയാണ് പുരുഷന്‍ ചെയ്തത്. ഇതാണ് female genital mutilation.

ഒരു ഭാഗത്ത് പുരുഷന്റെ ലൈംഗികപ്രവര്‍ത്തിയുടെ ദൈര്‍ഘ്യം കൂട്ടാനും മറുഭാഗത്ത് സ്ത്രീയുടെ ലൈംഗിക സാധ്യതകളെ തകര്‍ത്തു കളയാനുമുള്ള ഒരു two-pronged attack. ഇതിന് പുരുഷനെ പ്രേരിപ്പിച്ചത് ലൈംഗികതയിലുള്ള സ്വന്തം പരിമിതിയും അപകര്‍ഷതാബോധവുമാണ്. ലോക ആരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 100-140 ദശലക്ഷം പെണ്‍കുട്ടികളില്‍ ഇപ്പോഴും ഇതൊക്കെ നടന്നുവരുന്നു. മലപ്പുറത്തേയും കോഴിക്കോട്ടേയും ബീമാപള്ളിയിലേയും പല പെണ്‍കുട്ടികളും ഇവരില്‍ പെടും. ഇതിനു വേണ്ടിയുള്ള ക്ലിനിക്കുകള്‍ കേരളത്തിലുണ്ട്. ഇവിടെ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ ചിലയിടത്തൊക്കെ വിവാഹം നടക്കുകയുള്ളു. (ഇത് സത്യസന്ധമായി  പറയുന്ന കാര്യമാണ്. ഇത്തരം പ്രശ്‌നങ്ങളുമായി വന്ന ധാരാളം പേര്‍ – എം.ബി.ബി.എസ് കഴിഞ്ഞവര്‍ ഉള്‍പ്പെടെ – ഞങ്ങളുടെ കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ വന്നിട്ടുണ്ട്.)

സ്ത്രീയും പുരുഷനും തമ്മില്‍ തുല്യത വേണമെന്ന് വാദിക്കുന്നത് ഇസ്ലാം വിരുദ്ധമാണ്; പ്രകൃതി വിരുദ്ധമാണ്; മനുഷ്യത്വവിരുദ്ധമാണെന്നതാണ് അടുത്ത വാദം. ഇസ്ലാമില്‍ എന്തൊക്കെ പറഞ്ഞിരിക്കുന്നു എന്ന് എനിക്കറിയില്ല. ഇസ്ലാമില്‍ എന്തു പറഞ്ഞാലും നാട്ടില്‍ നടക്കേണ്ടത്, നടപ്പിലാക്കേണ്ടത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. ഭരണഘടനയനുസരിച്ച് സ്ത്രീയും പുരുഷനും തുല്യരാണ്. ഇസ്ലാമില്‍ തുല്യതയനുവദിക്കുന്നില്ലെങ്കില്‍ മാറേണ്ടതും മാറ്റേണ്ടതും ഇസ്ലാം വിശ്വാസമാണ്. ഭരണഘടനയല്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരെ സംസാരിക്കുന്നയാള്‍, അയാള്‍ എത്ര വലിയ കാന്തപുരമാണെങ്കിലും, നിയമം അയാള്‍ക്കെതിരെ നീങ്ങുകയാണ് വേണ്ടത്.

ആണും പെണ്ണും ഒരുമിച്ചിരിക്കണമെന്ന് പറയുന്നത് ഒളിയമ്പാണ്. ഇസ്ലാമിനെ തകര്‍ക്കാന്‍;  സംസ്‌കാരത്തെ തകര്‍ക്കാന്‍ എന്നതാണ് അടുത്ത വാദം.

ആരാണ് ഇസ്ലാമിനെ തകര്‍ക്കുന്നത്? ഇന്ത്യയിലെ ഇസ്ലാമല്ലാത്ത ജനവിഭാഗമോ? അപ്പോള്‍ മുസ്ലീം രാജ്യങ്ങളിലെ തീവ്രവാദികള്‍ മുസ്ലീങ്ങളെത്തന്നെ കൂട്ടക്കുരുതി നടത്തുന്നതെന്തിന്? അവിടെ ആരാണ് ഇസ്ലാമിനെ തകര്‍ക്കാന്‍ എത്തിയത്? കാന്തപുരം പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ പാണക്കാട് തങ്ങള്‍ ഇസ്ലാമിനെ തകര്‍ക്കുന്നയാളാണെന്ന് കാന്തപുരത്തിന് അഭിപ്രായമുണ്ടോ?  നബിയുടെ പിന്‍തലമുറക്കാരന്‍ എന്നവകാശപ്പെടുന്ന പാണക്കാട് തങ്ങള്‍ ഇസ്ലാമിന്റെ ശത്രുവാണോ? ഇസ്‌ലാമിനെ തകര്‍ക്കാന്‍ പുറത്തുനിന്ന് ആരും വരണ്ട. അതിന് കാന്തപുരത്തെപ്പോലെയുള്ളവര്‍ ധാരാളം ഉണ്ട്. ഇസ്ലാമിനെ ദ്രോഹിക്കുന്നുണ്ടെങ്കില്‍ കാന്തപുരം ആദ്യം നിലയ്ക്കുനിര്‍ത്തേണ്ടത് സ്വന്തം അജ്ഞതയെയാണ്. അതിങ്ങനെ പുരപ്പുറത്തു കേറിനിന്ന് വിളിച്ചുകൂവരുത്.

മനഃശക്തിയുള്ള പ്രവൃത്തികള്‍ സ്ത്രീകള്‍ക്കു ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു വാദം. മിസ്റ്റര്‍ കാന്തപുരം, താങ്കളെ ഒക്കെ സഹിക്കുന്ന അമ്മയും ഭാര്യയും പെണ്‍മക്കളും അസാമാന്യ മനക്കട്ടിയുള്ളവരാണെന്ന സത്യമെങ്കിലും താങ്കള്‍ തിരിച്ചറിയേണ്ടതല്ലേ?

ശസ്ത്രക്രിയ നടത്തുന്ന ഏതെങ്കിലും സ്ത്രീകള്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നതാണ് അടുത്ത വെല്ലുവിളി.

അമേരിക്കയിലെ ഇലിനോയ് (Illinois) ആസ്ഥാനമാക്കി Association of Women Surgeons (AWS) എന്ന സംഘടനയുണ്ട്. 1981-ലാണ് സംഘടന രൂപീകരിച്ചത്. ലോകത്തിലെ 15 രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍ജന്‍സ് ആണ് ഇതുവരെ ഇതില്‍ അംഗങ്ങളായിട്ടുള്ളത്. നിലവില്‍ 1400 അംഗങ്ങള്‍ ഉണ്ട്. കൂടുതലും അമേരിക്കയില്‍ നിന്നാണ്.

ഇനി ഹൃദയശസ്ത്രക്രിയ നടത്തുന്ന സ്ത്രീയെ തന്നെയാണ് കാന്തപുരത്തിനു വേണ്ടതെങ്കില്‍, ഒരാളെ പരിചയപ്പെടുത്തിത്തരാം. Dr. Kathy Magaliato. സാന്റാ മൊണിക്കയിലെ സെന്റ് ജോണ്‍സ് ഹെല്‍ത്ത്  കെയര്‍ സെന്ററിലെ ഡോക്ടറാണവര്‍. 1996 ല്‍ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്ന് Cardiothorasic surgeory യില്‍ വൈദഗ്ധ്യം നേടിയ കാത്തി മഗാലിയാഷോ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും പ്രത്യേക പരിശീലനം നേടിയ ലോകപ്രശസ്ത വനിതാ കാര്‍ഡിയാക് സര്‍ജനാണ്. Heart Matters: A Memoir of a Female Heart Surgeon (2011) എന്ന ഒരു പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്.

ഒന്നുകില്‍ കാന്തപുരത്തിന് ലോകത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകണം. അല്ലെങ്കില്‍, കാന്തപുരം പറയുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങുന്ന നാളത്തെ കാന്തപുരന്‍മാര്‍ക്ക്  വെറുതെ ഒന്ന് ഗൂഗിള്‍ സര്‍ച്ച് ചെയ്യാനുള്ള കഴിവെങ്കിലും ഉണ്ടാകണം. ലോകം വളരെ വലുതാണ്, മിസ്റ്റര്‍ കാന്തപുരം. ഖുര്‍ ആനേക്കാളും ഉപനിഷത്തുക്കളേക്കാളും ബൈബിളിനേക്കാളും ഒക്കെ വലുത്. അത് നിരന്തരം വലുതായിക്കൊണ്ടുമിരിക്കുന്നു. അങ്ങനെയുള്ള ലോകത്തിന്റെ നേരെ എതിര്‍ദിശയിലേക്കു നീങ്ങി സ്വയം ചുരുങ്ങിച്ചെറുതാകുന്ന നിങ്ങളാണ് കാന്തപുരം, വാസ്തവത്തില്‍ പ്രകൃതിവിരുദ്ധന്‍.

സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ് എന്നതാണ് അടുത്ത സൂക്തം. അതായത് പ്രസസവിക്കാനുള്ള യന്ത്രം. അങ്ങനെയാണെങ്കില്‍, ആ യന്ത്രം പ്രവര്‍ത്തിക്കാനുള്ള എണ്ണ ഒഴിച്ചുകൊടുക്കുന്ന, യന്ത്രത്തോളം പ്രധാനമല്ലാത്ത, ഒരു ആക്സസറി മാത്രമാണ് പുരുഷന്‍ എന്നുകൂടി അര്‍ത്ഥമാകുന്നില്ലേ? അതായത്, ഒരു സ്ത്രീ പ്രസിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ആ പെണ്‍കുട്ടി വളര്‍ന്ന്  ഒരു പ്രസവയന്ത്രമായി മാറും. ആ സ്ത്രീ പ്രസവിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവന്‍ വളര്‍ന്ന് ഏതെങ്കിലും ഒരു പ്രസവയന്ത്രത്തിന് എണ്ണ പകര്‍ന്നുകൊടുക്കുന്ന ഒരു ആക്സസറിയായി മാറും. അങ്ങനെ പ്രസവയന്ത്രമായ ഒരു സ്ത്രീ പ്രസവിച്ച ആക്സസറിയാണ് കാന്തപുരം എന്നു കൂടി അതിന് അര്‍ത്ഥം വരും. വെറുതെ സെല്‍ഫ് ഗോളടിച്ച് വല കീറരുതേ!

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഒളിയമ്പാണത്രെ! ആണും പെണ്ണും ഒരുമിച്ചു കിടക്കുന്നതോ? ഒളിയമ്പുകളെല്ലാം ആണും പെണ്ണും ഒരുമിച്ചു കിടക്കുമ്പോഴാണ് സംഭവിക്കുന്നത് എന്നും കാന്തപുരം ഓര്‍ക്കണം. ആണും പെണ്ണുമല്ലാതെ, ആണും ആണും ഒരുമിച്ചിരിക്കണമെന്നും പെണ്ണും പെണ്ണും ഒരുമിച്ചിരിക്കണമെന്നുമാണോ കാന്തപുരം ഉദ്ദേശിക്കുന്നത്?  നമ്മുടെ നാട്ടില്‍ അതു തടയുന്ന ഐ.പി.സി. 377-ാം വകുപ്പ് ഇതുവരെ എടുത്തുകളഞ്ഞിട്ടില്ല. ആണും ആണും അടുത്തിരിക്കുന്നതിന്റെ – അടുത്തിരുന്നതിന്റെ – കഥകളാണ് മദ്രസകളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും അരമനകളില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കിസ് ഓഫ് ലവിന്റെ പ്രവര്‍ത്തകര്‍ ഇന്നെവിടെ കിടക്കുന്നു എന്നതാണ് അടുത്ത ചോദ്യം. അവര്‍ക്ക് സ്വാധീനമുള്ള രാഷ്ട്രീയക്കാരോ പോലീസുകാരോ മതസംഘടനകളോ ഇല്ലാത്തതു കാരണമാണ് അവര്‍ കസ്റ്റഡിയില്‍ കിടക്കുന്നത്. യത്തീം ഖാനകളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ എത്ര മൗലവിമാരും ഉസ്താദുമാരും ജയിലില്‍ കിടന്നേനെ? ബാലലൈംഗികവൃത്തിയ്ക്ക് കേസെടുക്കുമായിരുന്നെങ്കില്‍ എത്ര ഉസ്താദുമാരും കാഷായധാരികളും അച്ചന്‍പട്ടം കിട്ടിയവരും അഴിയെണ്ണേണ്ടിവരുമായിരുന്നു. എന്തിന്, ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടന്നിരുന്നെങ്കില്‍ കാന്തപുരത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?

സ്പില്‍ബര്‍ഗ് കാന്തപുരം എന്ന ആദി ജുറാസിക് മനുഷ്യനെക്കുറിച്ച് സിനിമ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ, അതിനു മുമ്പ് മുസ്ലീം സ്ത്രീകളോട് ഒരു ചോദ്യമുണ്ട്.  തെമ്മാടിത്തം പറഞ്ഞു നടക്കുന്ന വികൃതിപ്പിള്ളേരെ ചെവിക്കു കിഴുക്കുകൊടുത്ത് മുറിയുടെ മൂലയില്‍ പിടിച്ചിരുത്തുന്ന ഒരു രീതി പഴയ അമ്മൂമ്മമാര്‍ ചെയ്തുപോന്നിരുന്നു. അതുപോലെ, വൃദ്ധനായ കാന്തപുരമെന്ന വികൃതിക്കുട്ടന്റെ ചെവിയ്ക്കു പിടിച്ചു മൂലയ്ക്കിരുത്താന്‍ നിങ്ങള്‍ക്കാര്‍ക്കും കഴിയില്ലേ? നിങ്ങള്‍ സ്വയം പ്രസവയന്ത്രമായി മാത്രം മാറാന്‍ ആഗ്രഹിക്കുന്നവരാണോ?

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കിട്ടിയതാണ് സര്‍വ്വനാശത്തിന്റെയും കാരണമായി കാന്തപുരം പണ്ടൊരുനാള്‍ കണ്ടെത്തിയത്. ഏതായാലും, സ്ത്രീകള്‍ക്ക് – പ്രത്യേകിച്ച് മലപ്പുറത്തേയും കോഴിക്കോട്ടെയും മുസ്ലിം സ്ത്രീകള്‍ക്ക് – വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പരീക്ഷാ ഫലങ്ങളില്‍ അത് തെളിയുന്നുമുണ്ട്. വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ – മുസ്ലീം സ്ത്രീകളാണെങ്കിലും – എന്തിനാണ് സാമാന്യബുദ്ധിയില്ലാത്ത ഇത്തരം മനുഷ്യരെ സഹിക്കുന്നത്? ഇവരെ ഒക്കെ നിലയ്ക്കുനിര്‍ത്താന്‍  നിങ്ങള്‍ക്ക് മുന്‍കൈ എടുത്തുകൂടെ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Share on

മറ്റുവാര്‍ത്തകള്‍