മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഹീനമായ കുറ്റകൃത്യമെന്ന്, ആരോപണവിധേയനായ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന വിമത മാധ്യമപ്രവര്‍ത്തകനെ തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്താനായി സെക്യൂരിറ്റി സ്റ്റാഫ് അടക്കം തന്‍റെ സെക്യൂരിറ്റി സ്റ്റാഫ് അടക്കം 18 അംഗ സംഘത്തെ അയച്ചത് സല്‍മാന്‍ ആണെന്ന് തുര്‍ക്കി മാധ്യമങ്ങളുടെ ആരോപണം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും സല്‍മാന്‍ രാജകുമാരനും ഖഷോഗിയുടെ മകനെ വിളിച്ച് ക്ഷമ ചോദിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരമാണ് കൊല നടത്തിയതെന്നും സല്‍മാന് യാതൊരു പങ്കുമില്ലെന്നാണ് സൗദി ഇപ്പോള്‍ വാദിക്കുന്നത്. സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് സല്‍മാന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത കുറ്റകൃത്യമെന്നാണ് സല്‍മാന്‍ ഖഷോഗി വധത്തെക്കുറിച്ച് പറഞ്ഞത്. റിയാദില്‍ സംഘടിപ്പിക്കുന്ന ദാവസോസ് ഇന്‍ ദ ഡെസര്‍ട്ട് എന്നറിയപ്പെടുന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് ബിന്‍ സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടുമെന്നും നീതി ഉറപ്പാക്കുമെന്നും സല്‍മാന്‍ വ്യക്തമാക്കി.
ആരോപണത്തിന്റെ മുന സല്‍മാന് നേരെ തിരിയുകയും അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ സല്‍മാനുമായി അടുത്ത ബന്ധമുള്ള അഞ്ച് മിലിട്ടറി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കുകയും 18 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിന് തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണാതാവുകയായിരുന്നു. ഖഷോഗി അന്ന് തന്നെ കോണ്‍സുലേറ്റ് വിട്ടിരുന്നു എന്നതടക്കം പരസ്പര വിരുദ്ധമായ വാദങ്ങള്‍ പലപ്പോളായി സൗദി ഉയര്‍ത്തിയെങ്കിലും ഇതിന് മറ്റ് രാജ്യങ്ങളുടെ പിന്തുണ കിട്ടിയിരുന്നില്ല. അവസാനം ഏറ്റുമുട്ടലില്‍ ഖഷോഗി കൊല്ലപ്പെട്ടു എന്നാണ് സൗദി സമ്മതിച്ചത്. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണ് സൗദി സംഘം നടപ്പാക്കിയത് എന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ ഓപ്പറേഷന്റെ വിവരങ്ങള്‍ സഹിതം പറഞ്ഞെങ്കിലും സല്‍മാനെതിരെയോ സൗദി രാജകുടുംബത്തിനെതിരെയോ അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നില്ല.
സല്‍മാന്റെ സുരക്ഷാസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായ സൗദ് അല്‍ ഖതാനി അടക്കമുള്ളവരാണ് ആരോപണവിധേയര്‍. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ പുനസംഘടിപ്പിക്കുമെന്നും അന്വേഷണത്തില്‍ സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ പുനസംഘടിപ്പിക്കുമെന്നും അന്വേഷണത്തില്‍ സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു. മുഴുവന്‍ സൗദി പൗരന്മാരേയും സംബന്ധിച്ച് വേദനാജനകമായ സംഭവമാണിതെന്ന് സല്‍മാന്‍ അഭിപ്രായപ്പെട്ടു. ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും നോക്കണ്ട. സൗദിക്ക് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് എന്ന പേരില്‍ ഒരു രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന കിരീടാവകാശിയും തുര്‍ക്കിക്ക് എര്‍ദോഗന്‍ എന്ന് പേരുള്ള ഒരു പ്രസിഡന്റുമുണ്ട് – സല്‍മാന്‍ പറഞ്ഞു. ഖഷോഗിയുടെ പേര് സല്‍മാന്‍ സമ്മളേനത്തിനിടെ ആദ്യമായി പരാമര്‍ശിച്ചപ്പോള്‍ കനത്ത നിശബ്ദതയായിരുന്നു എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
READ MORE: EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു
അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, സല്‍മാനെ വിളിച്ച് ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കയും അതൃപ്തിയുമറിയിച്ചു. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉത്തരാവാദികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവരെ യുകെയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ആര്‍ക്കെങ്കിലും വിസ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുമെന്നും അവര്‍ വ്യക്തമാക്കി. സൗദിയേയും സല്‍മാനേയും പരാമവധി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം, സല്‍മാന് കൊലപാതകത്തില്‍ പങ്കുണ്ടാകാം എന്ന് പറഞ്ഞു. 17 മാസം മുമ്പ് കിരീടാവകാശിയായി നിയമിച്ച മകന്‍ ബിന്‍ സല്‍മാനെ പുറത്താക്കാന്‍ സല്‍മാന്‍ രാജാവ് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയുമെന്ന ഭീഷണി തുര്‍ക്കി ഉയര്‍ത്തുന്നുണ്ട് എന്നും ഗാര്‍ഡിയന്‍ പറയുന്നു.
https://www.azhimukham.com/world-trump-says-saudi-crown-prince-behind-khashoggi-death/